![](https://dailyindianherald.com/wp-content/uploads/2016/05/POLICE.png)
കൊച്ചി: ദലിത് വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ കേസ് അട്ടിമറിയ്ക്കാന്‍ പോലീസ് തുടക്കത്തിലേ ശ്രമിച്ചു. എല്ലാ തെളിവുകളും നശിപ്പിക്കാന്‍ കൂട്ടുനിന്ന പോലീസ് ഇതര സംസ്ഥാന തൊഴിലാളികളെ പ്രതികളാക്കാനും നീക്കം നടത്തി. ജനരോഷം ശക്തമായപ്പോള്‍ പോലീസുകാരെ പ്രതികളാക്കി നാടകം കളിക്കാനും പോലീസ് തയ്യാറായി. രാജ്യത്തെയാകെ നടുക്കിയ അരുംകൊല നടന്ന് ദിവസങ്ങളായിട്ടും പ്രതികളെ പിടികൂടാത്തതിനെതിരെ അണപൊട്ടുന്ന രോഷം തണുപ്പിക്കാന്‍ ഉന്നതഭരണതല നിര്‍ദേശത്തെത്തുടര്‍ന്നായിരുന്നു പൊലീസിന്റെ പ്രഛന്നവേഷം. പ്രതികളെ പിടികൂടിയെന്നു വരുത്തിതീര്‍ക്കാനായിരുന്നു കേരളത്തെ പരിഹസിക്കുന്ന കള്ളക്കളി.
പ്രതികളായി വേഷം കെട്ടിച്ച പൊലീസുകാരെ ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും മുന്നിലൂടെ ചൊവ്വാഴ്ച പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് കൊണ്ടുവരികയായിരുന്നു. ജിഷയുടെ സുഹൃത്തിനെയും അയല്‍വാസിയെയും കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തുവെന്ന് പൊലീസ്തന്നെയാണ് മാധ്യമങ്ങള്‍ക്ക് വിവരം നല്‍കിയത്. തിങ്കളാഴ്ച ഉച്ചയോടെ ഇവരെ ഡിവൈഎസ്പി ഓഫീസില്‍ എത്തിക്കുമെന്നും അറിയിച്ചു. വാര്‍ത്താ ചാനലുകള്‍ക്ക് വീഡിയോ എടുക്കാന്‍ പറ്റുംവിധം വളരെ സാവധാനത്തിലാണ് ഇവരെ ഓഫീസിനുള്ളിലേക്ക് കൊണ്ടുപോയത്. രൂപത്തിലും ഭാവത്തിലും രണ്ടു തരത്തിലുള്ള പൊലീസുകാരെ പ്രത്യേകം തെരഞ്ഞെടുത്തായിരുന്നു മുഖംമറച്ചുള്ള പരേഡ്. എന്നാല്‍, മുഖംമറച്ചവരോട് രൂപസാദൃശ്യമുള്ള ഒരാള്‍പോലും പരിസരത്തില്ലെന്ന് സമീപവാസികള്‍ പറഞ്ഞു.
ചിലരെ സംശയിക്കുന്നതായി സൂചനകള്‍ പുറത്തുവിട്ട് അന്വേഷണം സജീവമാണെന്നു കാണിക്കാന്‍ പൊലീസ് നടത്തുന്ന തട്ടിപ്പുകളും മറനീക്കി പുറത്തുവന്നു. ചേച്ചിയുടെ ഭര്‍ത്താവിനെ സംശയിക്കുന്നുവെന്നായിരുന്നു ആദ്യ വെളിപ്പെടുത്തല്‍. പിന്നെ ചില അയല്‍വാസികളെയും സംശയ കണ്ണിയില്‍പ്പെടുത്തി. ജിഷ ജോലിചെയ്ത ആശുപത്രിയിലെ സുഹൃത്താണ് പ്രതിയെന്ന് പിന്നീട് പ്രചരിപ്പിച്ചു. നൃത്താധ്യാപകനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തുവെന്നും അറിയിച്ചു. എന്നാല്‍, പ്രതികള്‍ ഇവരല്ലെന്ന് വൈകിട്ടോടെ സമ്മതിച്ചു. സംഭവദിവസം പെരുമ്പാവൂരില്‍നിന്നു പോയ ഒരാള്‍ കണ്ണൂരില്‍ അറസ്റ്റിലായെന്നായി അടുത്ത വെളിപ്പെടുത്തല്‍. ഇയാള്‍ കുറ്റം സമ്മതിച്ചതായും കഞ്ചാവിന് അടിമയാണെന്നും പ്രചരിപ്പിച്ചു. എന്നാല്‍, ബുധനാഴ്ച പകല്‍ ഇയാളല്ല പ്രതിയെന്ന് പൊലീസ് ഐജിതന്നെ പറഞ്ഞു. പ്രതിയുടെ രേഖാചിത്രമെന്ന് അവകാശപ്പെട്ട് ഒരു ചിത്രവും നല്കി. അറസ്റ്റിന് ഇനിയും സമയമെടുക്കുമെന്നും ഐജി അറിയിച്ചു.