പൊലീസ് സ്റ്റേഷൻ പ്രാർഥനാലയമായി; സിഐ ഓഫിസിൽ നാമജപം: ഒടുവിൽ വാർത്ത ശശികലടീച്ചർ അറസ്റ്റിലായെന്ന്

സ്വന്തം ലേഖകൻ

ഗുരുവായൂർ: ഹി്ന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചർ അറസ്റ്റിലായി. രണ്ടു മണിക്കൂറോളമായി സോഷ്യൽ മീഡിയയിലും ഓൺലൈൻ മാധ്യമങ്ങളിലും നിറഞ്ഞോടിയത് ശശികലയുടെ ഈ അറസ്റ്റിന്റെ വാർത്തയായിരുന്നു. കാസർകോട് വർഗീയ വിദ്യേഷ പ്രസംഗ കേസിലാണ് ശശികലയെ അറസ്റ്റ് ചെയ്തതെന്നു വരെ വാർത്ത പ്രചരിച്ചു. ശശികലയെ അറസ്റ്റ് ചെയ്ത പിണറായി സർക്കാരിനെ അഭിനന്ദിച്ചും എതിർത്തും ട്രോളുകളും പോസ്റ്റുകളും ഫെയ്‌സ്ബുക്കിൽ തലങ്ങും വിലങ്ങും പാഞ്ഞു. ഇതിനിടെയാണ് കഥയിൽ ട്വിസ്റ്റുണ്ടായത്.
ശശികലയെ ആരും ഒരു കേസിലും അറസ്റ്റ് ചെയ്ത് കൊണ്ടുവന്നതല്ല. മറിച്ച് ശശികല സ്റ്റേഷനിലേക്ക് വന്നതാണ്. കേസുകൊടുക്കാനോ , കീഴടങ്ങാനോ ഒന്നുമല്ല മറിച്ച് നാമജപം നടത്താനാണ് അവർ സ്റ്റേഷനിലെത്തിയത്. ഗുരുവായൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ പാർത്ഥസാരധി ക്ഷേത്രം മലബാർ ദേവസ്വത്തിന് കീഴിലാക്കാൻ ഉത്തരവിട്ടിരുന്നു. മറ്റാരുമല്ല കോടതിയാണ് ഇത്തരത്തിലൊരു വിധി പുറപ്പെടിവിച്ചത്. എന്നാൽ ക്ഷേത്രക്കമ്മിറ്റിയിലെ സംഘപരിവാർ അനുകൂലികൾ ഇതിനെ എതിർത്തു. അങ്ങനെ ഏറ്റെടുക്കാൻ വന്ന മലബാർ ദേവസ്വം ഭാരവാഹികൾക്ക് താക്കോൽ കൊടുക്കാതെ ഇവർ സമരം പ്രഖ്യാപിച്ചു. ഭക്തരുടെ സമരം എന്ന പേരിലായിരുന്നു ഇത്. ഏതാനും ദിവസം മുമ്പ് ഭരണസമിതി താക്കോൽ കൊടുക്കുകയും മലബാർ ദേവസ്വം ക്ഷേത്രം ഏറ്റെടുക്കുകയും ചെയ്തു. ഇങ്ങനെ ദേവസ്വം ഭൂമിയും ക്ഷേത്രവും ഏറ്റെടുത്തതിനെ വിമർശിച്ച് ഹിന്ദു ഐക്യവേദി രംഗത്തെത്തി. തൊട്ടുപിന്നാലെ, ക്ഷേത്രഭൂമി ദേവസ്വം കയ്യേറിയെന്ന് ആരോപിച്ച് സംഘപരിവാർ സമരവും ആരംഭിച്ചു. കഴിഞ്ഞ ദിവസം സമരത്തിൽ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ പ്രസംഗിച്ചിരുന്നു. പ്രഭാഷണം നടത്തിയതിനെ തുടർന്ന് മലബാർ ദേവസ്വം പോലീസിൽ പരാതി നൽകിയിരുന്നു.
ഇന്ന് പ്രസംഗിക്കാനെത്തിയത് കെപി ശശികലയായിരുന്നു. പക്ഷേ ക്ഷേത്രം വളപ്പിൽ ലൗഡ്സ്പീക്കർ കെട്ടാൻ അനുവദിക്കില്ലെന്ന് മാനേജർ വ്യക്തമാക്കി. ക്ഷേത്രത്തിൽ മറ്റ് ചടങ്ങുകൾ നടക്കുന്നതിനാലായിരുന്നു ഇത്. അതിന് ഭംഗം വരുത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതോടെ പ്രശ്നമായി. പൊലീസെത്തി, ലൗഡ്സ്പീക്കർ അനുവദിക്കില്ലെന്ന് എസ് ഐയും പറഞ്ഞു. മാത്രമല്ല ക്ഷേത്രവളപ്പിലെ സമരത്തിന്റെ ഫ്ലക്സുകൾ നീക്കാനും അദ്ദേഹം നിർദേശിച്ചു. ഒടുവിൽ ചെറിയ സ്പീക്കറിൽ ശശികലപ്രസംഗിച്ചു. ബാക്കി സമയം നാമം ജപിച്ചുള്ള സമരവും നടന്നു.
ഫ്ലക്സ് നീക്കാൻ പറഞ്ഞതിൽ പ്രതിഷേധിക്കാൻ തൊട്ടുപിന്നാലെ ശശികലയും സംഘവും ടെമ്പിൾ സ്റ്റേഷനിലെത്തി. അവിടെ സിഐയോ കാര്യമായി പൊലീസോ ഉണ്ടായിരുന്നില്ല. പാവറട്ടി പള്ളി തിരുന്നാൾ ഡ്യൂട്ടിയിലുണ്ടായിരുന്ന സിഐ, സ്റ്റേഷനിലെത്തിയത് അവിടെ നാമജപം നടക്കുന്നു എന്നറിഞ്ഞിട്ടാണ്. അതെ പ്രതിഷേധിക്കാനെത്തിയ ശശികലയും സംഘവും പൊലീസ് സ്റ്റേഷനിൽ നാമജപം ആരംഭിച്ചിരുന്നു. സിഐ വന്നതോടെ അദ്ദേഹത്തോട് പ്രതിഷേധവും പറഞ്ഞ് സംഘം തിരിച്ചുപോയി.
നാമം ജപിക്കാൻ സ്റ്റേഷനിലെത്തിയ ശശികല, അറസ്റ്റിലായിയെന്ന് വരെ പ്രചരണമുണ്ടായിരുന്നു. എന്തായാലും പൊലീസ് സ്റ്റേഷനെ പ്രാർത്ഥനാലയമാക്കിയാണ് ശശികല ഗുരുവായൂർ ടെമ്പിൾ സ്റ്റേഷനിൽ നിന്ന് തിരിച്ചുപോയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top