വരാപ്പുഴ: കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പ്രതിയാക്കുക എന്ന കേരള പോലീസിന്റെ ക്രൂരതയില്‍ എത്രയോ നിരപരാധികളുടെ ജീവിതമാണ് വഴിയാധാരമായിരിക്കുന്നത്. ഇത്തരത്തിലൊരു ഞെട്ടിയ്ക്കുന്ന വാര്‍ത്തയാണ് വരാപ്പുഴയില്‍ നിന്നും പുറത്ത് വരുന്നത്. നിരപരാധിയായ വൃദ്ധയെ മോഷണകേസില്‍ ഉള്‍പ്പെടുത്തി കിടപ്പാടം വില്‍പ്പിച്ച പോലിസിന്റെ കണ്ണില്‍ ചോരയില്ലാത്ത ക്രൂരതയെ കുറിച്ചാണ്.
മോഷണം നടന്നതിനെ തുടര്‍ന്ന് പൊലീസ് കള്ളിയെന്നു മുദ്രകുത്തിയതിനെ തുടര്‍ന്ന് വീടു വിറ്റ് തൊണ്ടി മുതല്‍ കൊടുത്ത വയോധിക ഒടുവില്‍ നിരപരാധിയാണെന്ന് ബോധ്യമായി. 37,000 രൂപ നഷ്ടപ്പെട്ടെന്ന കടയുടമയുടെ പരാതിയില്‍ പൊലീസ് പിടികൂടിയ വരാപ്പുഴ ചിറയ്ക്കകം ഭഗവതിപ്പറമ്പ് പരേതനായ മണിയുടെ ഭാര്യ രാധ (70) യ്ക്കാണ് ദുരവസ്ഥയുണ്ടായത്. പിന്നീട് യഥാര്‍ഥ മോഷ്ടാവിനെ ലഭിച്ചപ്പോള്‍ പൊലീസ് വിവരം രഹസ്യമായി സൂക്ഷിച്ചു. ഇതോടെ ഇവര്‍ക്ക് മുമ്പില്‍ നീതിദേവത വീണ്ടും കണ്ണടച്ചു.
വീട്ടു പണി ചെയ്തു ഉപജീവനം നടത്തുന്ന രാധ ക്ഷീണം മൂലം പല സ്ഥലത്തും കടവരാന്തയില്‍ വിശ്രമിക്കുക പതിവാണ്. ഒരാഴ്ച മുമ്പ് വരാപ്പുഴ ഡേവിസണ്‍ തിയറ്ററിന് സമീപമുള്ള ഇരുമ്പു കടയില്‍ വിശ്രമിച്ചു. പിന്നീട് വീട്ടിലേക്ക് പോകുകയും ചെയ്തു. എന്നാല്‍, വീട്ടില്‍ എത്തിയപ്പോഴേയ്ക്കു അവിടെ നിന്ന് 37,000 രൂപ നഷ്ടപ്പെട്ടെന്ന കടയുടമയുടെ പരാതി പൊലീസിന് ലഭിച്ചു. ഇതേത്തുടര്‍ന്ന് മോഷ്ടിച്ച പണം തിരികെ കൊടുക്കണമെന്നാവശ്യപ്പെട്ടു രാധയുടെ വീട്ടില്‍ പൊലീസെത്തി. താന്‍ മോഷ്ടവല്ല, പണമെടുത്തിട്ടില്ലെന്ന് ആണയിട്ട് പറഞ്ഞെങ്കിലും ആരും കേട്ടില്ല. ഇവര്‍ മോഷ്ടിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞെങ്കിലും പൊലീസ് അത് ചെവിക്കൊണ്ടില്ല.
ഏക മകന്‍ ഗജേഷുമൊന്നിച്ചു വരാപ്പുഴ സ്റ്റേഷനില്‍ ഹാജരാകാന്‍ രാധയോട് പൊലീസ് ആവശ്യപ്പെട്ടു. വീടുവിറ്റെങ്കിലും പണം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു. അതിനാല്‍ തന്റെ വീട് ഉള്‍പ്പെടുന്ന രണ്ടു സെന്റ് സ്ഥലം വില്‍ക്കാന്‍ കരാര്‍ എഴുതി. മുന്‍കൂര്‍ തുകയായി 50,000 രൂപ ലഭിച്ചു. ഇതില്‍ നിന്ന് കിട്ടിയ 37,000 രൂപ പൊലീസ് കട ഉടമയ്ക്ക് കൈമാറി. ഇപ്പോള്‍ ആകെയുള്ള കിടപ്പാടം പോലും നഷ്ടമാകുന്ന അവസ്ഥയിലാണ് രാധ. രാധ ജോലിക്കു പോയാല്‍ മാത്രമേ മകനും അവര്‍ക്കും ഒരു ദിവസം ഭക്ഷണം കഴിക്കാന്‍ കഴിയൂ നാട്ടില്‍ അപമാനം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് പട്ടിണിയാണെങ്കിലും സ്ഥലം വിറ്റു പണം നല്‍കിയത്.
ഇതിനിടെയാണ് പറവൂര്‍ എസ്.ഐ പിടികൂടിയ ഒരു മോഷ്ടാവിനെ ചോദ്യം ചെയ്ുന്നയതിനിടെ വരാപ്പുഴയിലെ ഒരു ഇരുമ്പു കടയില്‍ നിന്നും പണം മോഷ്ടിച്ചതായി പൊലീസിനോട് സമ്മതിച്ചത്. പൊലീസ് കള്ളനെ കടയില്‍ കൊണ്ടുവന്നപ്പോള്‍ കട ഉടമയും വരാപ്പുഴ പൊലീസും ഞെട്ടി. നിരപരാധിയായ വയോധികയെ കള്ളിയെന്ന് മുദ്രകുത്തി വീട് വില്‍ക്കാന്‍ പ്രേരിപ്പിച്ചത് എസ്.ഐയ്ക്കും പൊലീസുകാര്‍ക്കും കട ഉടമയ്ക്കും മനോവിഷം ഉണ്ടാക്കി. വീട് വില്‍ക്കാന്‍ പറഞ്ഞ എസ്.ഐ: ക്ലീറ്റസ് രണ്ടു ദിവസം മുന്‍പ് ഹൃദയഘാതത്താല്‍ മരിക്കുകയുമുണ്ടായി.
അതിനിടെ രാധയെ ഇന്നലെ സ്റ്റേഷനില്‍ വിളിപ്പിച്ചു അവര്‍ മോഷ്ടിച്ചുവെന്നു പറഞ്ഞു വാങ്ങിയ പണം തിരികെ നല്‍കി. രണ്ടു സെന്റ് സ്ഥലത്തില്‍ അടച്ചുറപ്പില്ലാത്ത ഒറ്റുമുറി വീട്ടിലാണ് രാധയും ഏകമകനും താമസിക്കുന്നത്. അരി വാങ്ങുവാന്‍ പോലും പണമില്ലാത്ത ഇവര്‍ക്ക് വീട് നഷ്ടപ്പെട്ടാല്‍ ഇനി പെരുവഴിയാണ് ആശ്രയമെന്ന് നാട്ടുകാര്‍ പറയുന്നു. കള്ളിയെന്ന് പൊലീസുകാര്‍ മുദ്രകുത്തിയതോടെ രാധയ്ക്ക് തൊഴിലും നഷ്ടപ്പെട്ടു. വീടും സ്ഥലവും വാങ്ങിക്കുന്നയാള്‍ക്ക് കൈയില്‍ പണമില്ലാത്തതിനാല്‍ സ്വര്‍ണാഭരണങ്ങള്‍ വിറ്റാണ് രാധയുടെ സ്ഥലവും വീടും വാങ്ങാന്‍ എത്തിയത്. നാലുലക്ഷം രൂപയ്ക്കാണ് കരാര്‍ ഉറപ്പിച്ചിരിക്കുന്നത്. ഇനി കച്ചവടത്തില്‍ നിന്നും പിന്മാറിയാല്‍ കൂടുതല്‍ പണം നല്‍കേണ്ടി വരികയും ചെയ്യും. അതുകൊണ്ട് ഒരു പൊലീസ് നടപടി കൊണ്ട് തീര്‍ത്തും ദുരന്തത്തിലായിരിക്കയാണ് രാധ.