വ്യാജരേഖയുണ്ടാക്കി സ്വകാര്യ ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ വാങ്ങി; ഭിക്ഷാടന മാഫിയയെന്ന് സംശയം; ദമ്പതികള്‍ അറസ്റ്റില്‍

കാസര്‍കോട്: നവജാതശിശുവിനെ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു താമസിക്കുന്ന ദമ്പതികള്‍ പൊലീസ് കസ്റ്റഡിയില്‍. ഇവര്‍ വാങ്ങിയെന്നു സംശയിക്കുന്ന ഒരുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ കാസര്‍കോട് ശിശുസംരക്ഷണ സമിതിക്കു കൈമാറി. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് കുട്ടിയ വാങ്ങിയതെന്നാണ് വിവരം.

ചെറുവത്തൂര്‍ കണ്ണങ്കൈ സ്വദേശിയാണ് ഭര്‍ത്താവ്. കുഞ്ഞിനെ വാങ്ങിയതു പയ്യന്നൂരില്‍ നിന്നാണെന്ന് ഇവര്‍ മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. അടുത്തകാലത്തായി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തായി താമസിക്കുന്ന ദമ്പതികളുടെ കൈയില്‍ കുഞ്ഞിനെ കണ്ടതില്‍ ചിലര്‍ക്ക് സംശയം വന്നു. ഇതോടെ പരാതിയെത്തി. തങ്ങളുടെ കുഞ്ഞാണിതെന്നും ദത്തെടുത്തതാണെന്നും അന്വേഷണവേളയില്‍ ഇവര്‍ പൊലീസിനോടു പറഞ്ഞുവെങ്കിലും കൃത്യമായ തെളിവു ഹാജരാക്കാന്‍ ഇവര്‍ക്കു കഴിഞ്ഞില്ല. തുടര്‍ന്നു ചോദ്യം ചെയ്തപ്പോള്‍ കുഞ്ഞിനെ പയ്യന്നൂരില്‍ നിന്നു വാങ്ങിയതാണെന്ന് ഇവര്‍ പറഞ്ഞതായി പൊലീസ് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ പയ്യന്നൂരില്‍ എവിടെ നിന്നാണു കിട്ടിയതെന്ന ചോദ്യത്തിനു മറുപടിയില്ല. ഇതേത്തുടര്‍ന്ന് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം, കഴിഞ്ഞ 21 മുതല്‍ 26 വരെ കുട്ടിയെ കിട്ടുന്നതിനായി സ്വകാര്യ ആശുപത്രിയില്‍ മുറിയെടുത്തു തങ്ങിയെന്നു ദമ്പതികള്‍ കാസര്‍കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ മൊഴി നല്‍കി. 26ന് ആണ് കുഞ്ഞിനെ കിട്ടിയത്. എന്നാല്‍ ആശുപത്രിയിലെ രേഖകളില്‍ 15ന് ഭാര്യയെ അഡ്മിറ്റ് ചെയ്തതായിട്ടാണ് രേഖ. 16നു പ്രസവിച്ചുവെന്നും.

വ്യാജരേഖകളുണ്ടാക്കി മറ്റൊരാള്‍ പ്രസവിച്ച കുഞ്ഞിനെ നിയമവിരുദ്ധമായി കൈമാറിയ ആശുപത്രി അധികൃതര്‍ക്കെതിരെ ബാലനീതി നിയമം 2015 പ്രകാരം നടപടിയെടുക്കാന്‍ വ്യവസ്ഥയുണ്ട്. മാതാപിതാക്കള്‍ക്കു കുഞ്ഞിനെ ആവശ്യമില്ലെങ്കില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു മുന്‍പാകെ സമര്‍പ്പിക്കുകയാണു വേണ്ടത്. ഇതു ലംഘിച്ചു കുഞ്ഞിനെ മറ്റു ദമ്പതികള്‍ക്കു കൈമാറിയതിന് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കുന്നതിനു കണ്ണൂര്‍, കാസര്‍കോട് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ ശുപാര്‍ശ ചെയ്യുമെന്നാണ് സൂചന.

ബാലനീതി നിയമത്തിലെ 80, 81 വകുപ്പുകള്‍ പ്രകാരം ഇതിന് ഉത്തരവാദികളായവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവു നല്‍കാവുന്നതാണ് ശിക്ഷ. കുഞ്ഞുങ്ങളെ ഉപയോഗിച്ചു ട്രെയിനുകളില്‍ ഭിക്ഷാടനം നടത്തുന്ന മാഫിയ തന്നെ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരിലേറെയും ചെറുവത്തൂര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇതുസംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Top