![](https://dailyindianherald.com/wp-content/uploads/2015/12/deer-meat.jpg)
പാലാ: നായാട്ടുസംഘം കടത്തിക്കൊണ്ടു വന്ന കലമാന്റെ ഇറച്ചി ജീപ്പുസഹിതം വീട്ടുമുറ്റത്തു നിന്നു പോലീസ് പിടിച്ചെടുത്തു. ഇന്നു രാവിലെ അഞ്ചോടെ ഈരാറ്റുപേട്ടയ്ക്ക് സമീപം പ്ലാശനാലാണ് സംഭവം. പ്ലാശനാല്‍ ചേറാടിയില്‍ അനിലിന്റെ വീട്ടുമുറ്റത്തു നിന്നുമാണ് ജീപ്പില്‍ 100 കിലോയോളും തൂക്കം വരുന്ന കലമാന്റെ ഇറച്ചിയും വെടിവെയക്കാനുപയോഗിച്ച തോക്കും പിടിച്ചെടുത്തത്.
പോലീസിനെക്കണ്ട് സംഘത്തിലുണ്ടായിരുന്ന നാലു പേരും ഓടി രക്ഷപെട്ടെങ്കിലും പിന്നീട് ഒരാള്‍ പിടിയിലായി. കാഞ്ഞിരപ്പള്ളി വെട്ടുകല്ലാംകുഴി തോമസ് മത്തായിയാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ വീട് ഷാഡോ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പാലാ ഡിവൈഎസ്പി ഡി എസ് സുനീഷ് ബാബു, ഈരാറ്റുപേട്ട സി ഐ സനല്‍കുമാര്‍, എസ് ഐ കെ.എസ്.ജയന്‍, ഷാഡോ പോലീസിലെ തോമസ് സേവ്യര്‍, ഷെറിന്‍ എന്നിവരാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.
പത്തനംതിട്ട, റാന്നി മേഖലകളില്‍ ഈ സംഘം സ്ഥിരമായി നായാട്ടു നടത്താറുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. റാന്നി വനമേഖലയില്‍ നിന്നുമാണ് കലമാനെ വേട്ടയാടിയതെന്നാണ് പ്രാഥമിക സൂചനകളെന്ന് പോലീസ് പറഞ്ഞു. പിടിയിലായ തോമസിനെ ചോദ്യം ചെയ്ത് വരികയാണ്. ചേറാടിയില്‍ അനില്‍, സഹോദരന്‍ സുനില്‍, ഇവരുടെ ഫര്‍ണിച്ചര്‍ വര്‍ക്ക് ഷോപ്പിലെ ജീവനക്കാരന്‍ സന്തോഷ്‌കുമാര്‍ എന്നിവരാണ് ഓടി രക്ഷപെട്ടതെന്ന് പോലീസ് പറഞ്ഞു. ജീപ്പ് വീട്ടുമുറ്റത്ത് പ്രവേശിച്ച ഉടന്‍ തന്നെ പോലീസ് പിന്നാലെയെത്തിയെങ്കിലും സംഘം വീടിന്റെ ഗയ്റ്റ് പൂട്ടുകയും ഓടി രക്ഷപെടുകയും ചെയ്തു.
മതില്‍ ചാടിക്കടന്നെത്തിയ പോലീസ് നടത്തിയ തെരച്ചിലില്‍ ജീപ്പില്‍ നിന്നു ഒരു തോക്കും കൈക്കോടാലി മൊബൈല്‍ ഫോണുകള്‍ എന്നിവയും കണ്ടെടുത്തു. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇരട്ടക്കുഴല്‍ തോക്കും പിടിച്ചെടുത്തു. പിടിച്ചെടുത്ത തോക്കുകള്‍ക്ക് ലൈസന്‍സ് ഇല്ലന്ന് പോലീസ് പറഞ്ഞു. എരുമേലി ഫോറസ്റ്റ് റെയിഞ്ചറെ വിവരമറിയിച്ചതനുസരിച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ രാവിലെ തന്നെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.