സ്വന്തം ലേഖകൻ
ആലുവ: ലക്ഷക്കണക്കിനു ഭക്തർക്ക് അശ്വാസമാകാൻ ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന ഓട്ടുവിളക്ക് യൂണിഫോമിലെത്തിയ പൊലീസുകാരൻ മോഷ്ടിച്ചു. ആലുവ മണപ്പുറം മഹാദേവക്ഷേത്രത്തിലെ ഓട്ടു വിളക്കുകയാണ് ഡ്യൂട്ടിയ്ക്കായി എത്തിയ പൊലീസുകാരൻ മോഷ്ടിച്ചത്.
പോലീസുകാരനെതിരേ ദേവസ്വം ബോർഡും ക്ഷേത്ര ഉപദേശക സമിതിയും പോലീസിൽ പരാതി നൽകി. ശബരിമല തീർഥാടകരുടെ ഇടത്താവളമായ മണപ്പുറത്ത് രാത്രി മുഴുവൻ വിളക്ക് തെളിക്കുക പതിവാണ്. ഇങ്ങനെ തെളിഞ്ഞിരുന്ന മൂന്ന് ഓട്ടുവിളക്കാണ് കഴിഞ്ഞ ദിവസം രാത്രി ബിനാനിപുരം സ്‌റ്റേഷനിലെ പോലീസുകാരൻ വാഹനത്തിൽ വന്ന് മോഷ്ടിച്ചത്.
രാത്രി നടപന്തലിൽ ഉണ്ടായിരുന്ന ഭക്തർ സംഭവം കണ്ടയുടനെ ദേവസ്വം അധികൃതരെ വിവരം അറിയിച്ചു. അന്വേഷണത്തിൽ വിളക്കെടുത്തത് പോലീസുകാരനാണെന്ന് അറിഞ്ഞതോടെ പരാതി നൽകാൻ ദേവസ്വം ബോർഡ് തയാറായില്ല. ബോർഡിന്റെ ഈ നിലപാടിൽ പ്രതിഷേധിച്ച് ക്ഷേത്ര ഉപദേശക സമിതിയും ഹിന്ദു സംഘടനകളും രംഗത്ത് വന്നു. ഇതോടെ ഇന്നലെ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ പോലീസിൽ പരാതി നൽകുകയായിരുന്നു.