കുണ്ടറ പോലീസ് സ്റ്റേഷനിലെ ഗുണ്ടകളെ നിയന്ത്രിക്കാന്‍ പിണറായിക്ക് ആകുന്നില്ലേ… പോലീസ് പീഡനത്തില്‍ ഒടുവില്‍ മരിച്ചത് സിപിഐ നേതാവ്

കൊല്ലം: കുണ്ടറ പോലീസ് നാട്ടുകാര്‍ക്ക് മൊത്തം ശല്ല്യമായിമാറിയട്ടും ഗുണ്ടാ എസ് ഐയെ സംരക്ഷിച്ച് ആഭ്യന്തരവകുപ്പ്. നിരവധി കസ്റ്റഡി മരണങ്ങളുടേയും മര്‍ദ്ദനങ്ങുടേയും അടുത്തകാലത്ത് കുപ്രസിദ്ധിയാര്‍ജ്ജിച്ച പോലീസ് സ്റ്റേഷനില്‍ ഏറ്റവുമൊടുവിലത്തെ ഇര ജനകീയനായ സിപി ഐ നേതാവാണ്.

സി.പി.ഐ കുണ്ടറ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ഡോള്‍ഫസ് (62) ആണ് പോലീസ് അതിക്രമത്തെത്തുടര്‍ന്ന് മരണമടഞ്ഞത്. ബുധനാഴ്ച വൈകിട്ട് 6.30 മണിയോടെ മരുന്ന് വാങ്ങാനായി സി.പി.ഐ പ്രവര്‍ത്തകനായ ആന്റണിയുടെ സ്‌കൂട്ടറിന്റെ പുറകിലിരുന്ന് കുണ്ടറയിലേക്ക് പോയ ഡോള്‍ഫസ് രാത്രി 9 മണിയോടെ കൊല്ലം ബെന്‍സിഗര്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബ്രയിന്‍ ട്യൂമര്‍ ബാധിതനായിരുന്ന ഡോള്‍ഫസ് ട്യൂമര്‍ നീക്കം ചെയ്തതിനുശേഷം സ്ഥിരമായി കഴിക്കുന്ന മരുന്ന് വാങ്ങാനാണ് പോയത്. സ്‌കൂട്ടറോടിക്കാത്ത ഡോള്‍ഫസ്, ആന്റണിയുടെ സ്‌കൂട്ടറിന് പുറകിലിരുന്നു പോകുമ്പോള്‍ കുണ്ടറ പോലീസ് സ്റ്റേഷന് സമീപം വെച്ച് ഹെല്‍മറ്റില്ലെന്ന പേരില്‍ പോലീസ് തടഞ്ഞ് നിറുത്തി. ഫൈന്‍ അടയ്ക്കാമെന്ന് പറഞ്ഞപ്പോള്‍ സ്‌കൂട്ടറില്‍ നിന്നിറങ്ങിയ ഡോള്‍ഫസിന്റെ കൈ വിറയ്ക്കുന്നത് കണ്ട് മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സ്റ്റേഷനിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു.

സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായ താന്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും മദ്യപിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ വളരെ മോശമായിട്ടാണ് സബ് ഇന്‍സ്പക്ടര്‍ പ്രതികരിച്ചത്. ഇങ്ങനെയാണോ പോലീസ് പെരുമാറേണ്ടതെന്ന് ചോദിച്ച ഡോള്‍ഫസ്, പൊതുജനങ്ങളോട് നന്നായി പെരുമാറണമെന്ന് പറഞ്ഞത് സബ് ഇന്‍സ്പക്ടര്‍ ബെന്നിലാലിന് ഇഷ്ടപ്പെട്ടില്ല. എല്ലാം ശരിയാക്കാനാണ് പിണറായി വിജയന്‍ തങ്ങളോട് പറഞ്ഞിരിക്കുന്നതെന്ന് പറഞ്ഞ എസ്.ഐ ബലം പ്രയോഗിച്ച് ആന്റണിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പരിശോധനയില്‍ ആന്റണി മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായി. ആന്റണിയെ കൊണ്ട് പോയതിനു പുറകേ പോലീസ് സ്റ്റേഷനിലേക്ക് പോകാന്‍ ശ്രമിച്ച ഡോള്‍ഫസ് നടക്കാനാവാതെ വഴിയിലിരുന്നു. ബോധരഹിതനായ ഡോള്‍ഫസിനെ സമീപത്തുള്ള സ്വകാര്യാശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ഗുരുതരാവസ്ഥയിലായതിനാല്‍ അവിടെ നിന്ന് കൊല്ലം ബെന്‍സിഗര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബെന്‍സിഗര്‍ ആശുപത്രിയില്‍വെച്ച് രാത്രി 9 മണിയോടെ ഡോള്‍ഫസ് മരണമടഞ്ഞു.

കെ.എസ്.ഇ.ബിയില്‍ നിന്ന് വിരമിച്ച ഡോള്‍ഫസ് ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. സി.പി.ഐ കുണ്ടറ മണ്ഡലം സെക്രട്ടറിയേറ്റ് അംഗവും ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റുമായിരുന്ന ഡോള്‍ഫസിന്റെ മരണത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ കുണ്ടറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുണ്ടറ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പോലീസ് അതിക്രമം മൂലമാണ് ഡോള്‍ഫസ് മരണമടഞ്ഞതെന്നും കുറ്റവാളികളായ പോലീസുകാര്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പു വരുത്തുമെന്നും ഡോള്‍ഫസിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. മരിച്ച ഡോള്‍ഫസിന് ഒരു മകന്‍ മാത്രമേയുള്ളൂ.

കുണ്ടറ പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ ഒരു ദളിത് യുവാവ് മരണമടഞ്ഞിട്ട് ഒരു മാസം തികയുന്നതിനു മുമ്പാണ് പോലീസ് അതിക്രമത്തില്‍ വീണ്ടും മരണമുണ്ടായിരിക്കുന്നത്. അശ്ലീല ഫോണ്‍ വിളിയെക്കുറിച്ച് പരാതിപ്പെട്ട യുവതിയെയും ബന്ധുക്കളെയും ഡോള്‍ഫസിന്റെ മരണത്തിന് ഉത്തരവാദിയായ എസ്.ഐ ബെന്നിലാല്‍ അവഹേളിച്ചതിനെക്കുറിച്ച് ഞങ്ങള്‍ വാര്‍ത്ത നല്‍കിയത് കഴിഞ്ഞ ദിവസമാണ്. കുണ്ടറ പോലീസ് സ്റ്റേഷനില്‍ നിന്ന് 5 കിലോമീറ്റര്‍ മാത്രം ദൂരെയുള്ള അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനില്‍ രണ്ട് ദളിത് യുവാക്കള്‍ 5 ദിവസം അന്യായതടങ്കലില്‍ വെച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടും മാസം ഒന്ന് തികഞ്ഞിട്ടില്ല.

Top