തൃശൂര്‍: പിടികിട്ടാപ്പുള്ളിയെന്ന് കരുതി കസ്റ്റഡിയിലെടുത്ത യുവാവിന് പൊലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനം. ഒടുവില്‍ ആളുമാറിയെന്ന് തിരിച്ചറിഞ്ഞതോടെ രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് പൊലീസ് യുവാവിനെ വിട്ടയച്ചത്. മൂത്രമൊഴിക്കാനാകാതെ യുവാവ് ആശുപത്രിയില്‍ ചികിത്സതേടി.
പഴയന്നൂര്‍ പഞ്ചായത്തിലെ വെന്നൂര്‍ സ്വദേശി കുന്നത്ത് വീട്ടില്‍ പ്രഭാകരന്റെ മകന്‍ സജീഷ് (30) ആണ് ചേലക്കര ഗവ. ആശുപത്രിയിലും തുടര്‍ന്ന് തൃശൂരില്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം പുറംലോകമറിയുന്നത്. കോഴിക്കോട് ഫറോക്കിലെ ചെരുപ്പുകമ്പനിയിലെ ജീവനക്കാരനാണ് സജീഷ്. രണ്ട് ദിവസത്തെ അവധികഴിഞ്ഞ് ഫറോക്കിലേയ്ക്ക് മടങ്ങാന്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാവിലെ എത്തിയതായിരുന്നു. പൊലീസുകാരാണെന്ന് പരിചയപ്പെടുത്തിയ രണ്ടുപേര്‍ പുറകില്‍നിന്ന് ഷര്‍ട്ടില്‍ പിടിച്ചുവലിച്ചു. മോഷണക്കേസുകളിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ ‘പച്ച ചാക്കോ അല്ലേടാ’ എന്ന് പറഞ്ഞായിരുന്നു പിടിച്ചത്. അല്ലെന്ന് പറഞ്ഞിട്ടും ബലം പ്രയോഗിച്ച് വിലങ്ങുവെച്ച് പൊലീസ് ജീപ്പില്‍ എടുത്തിട്ട് മര്‍ദിച്ചതായാണ് സജീഷ് പറയുന്നത്. ചെറുതുരുത്തി സ്റ്റേഷനിലെത്തിച്ച് ലോക്കപ്പിലിട്ടും മര്‍ദിച്ചു. ഒടുവില്‍ ഫോട്ടോ എടുത്ത് പച്ച ചാക്കോയാണെന്ന് കാണിച്ച് പലര്‍ക്കും അയച്ചുകൊടുത്തു. ഒടുവില്‍ ആളുമാറിയെന്ന് ബോധ്യമായതോടെ പല കടലാസുകളിലും ഒപ്പിട്ടു വാങ്ങി വിട്ടയയ്ക്കുകയായിരുന്നു സജീഷ് പറഞ്ഞു.
വീട്ടിലെത്തിയ സജീഷിനെ സുഹൃത്തുക്കളും ബന്ധുക്കളുമാണ് ചേലക്കര ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂത്രമൊഴിക്കാന്‍ സാധിക്കാതെ അസഹനീയ വേദന അനുഭവപ്പെട്ടതോടെയാണ് തൃശൂരിലേക്കു കൊണ്ടുപോയത്. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരേ നിയമനടപടിക്കൊരുങ്ങുമെന്ന് സജീഷിന്റെ ബന്ധുക്കള്‍ അറിയിച്ചു.
എന്നാല്‍ യുവാവിനെ മര്‍ദിച്ചിട്ടില്ലെന്ന് ചെറുതുരുത്തി പൊലീസ് പറഞ്ഞു. മോഷണക്കേസുകളിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ പച്ച ചാക്കോയാണെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഉന്നതാധികാരികള്‍ക്ക് യുവാവിന്റെ ചിത്രം അയച്ചുകൊടുത്തപ്പോഴാണ് പ്രതിയല്ലെന്ന് മനസ്സിലാകുന്നത്. ഉടനെ വിട്ടയയ്ക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.