കോഴിക്കോട്: മതമൗലീക വാദികളുടെ ഭീഷണിയില്‍ നിയമ വിദ്യാര്‍ത്ഥിനി. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്ത ഫോട്ടോയുടെ പേരിലാണ് ഇസ്ലാം മതമൗലീക വാദികള്‍ വധഭീഷണിവരെ മുഴക്കുന്നത്. നെറ്റിയില്‍ പൊട്ട് തൊട്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുകയും ഫേസ്ബുക്കില്‍ പോസ്റ്റുകയും ചെയ്തതിന്റെ പേരിലാണ് അസ്നിയക്ക് വിവിധ ഭാഗങ്ങളില്‍ നിന്നും വധഭീഷണിയും തെറിയഭിഷേകവും ഉയര്‍ന്നിരിക്കുന്നത്
ഇസ്ലാംമതത്തിനു വിരുദ്ധമായാണ് അസ്നിയ അഷ്മിന്‍ ഫോട്ടോക്ക് പോസ്ചെയതെന്നാണ് വ്യക്തിസ്വതന്ത്ര്യത്തില്‍ കൈകടത്തിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഉയര്‍ത്തുന്ന വാദം. പൊട്ടുതൊട്ട ഫോട്ടോ പോസ്റ്റ് ചെയ്തതിനു താഴെ അസ്നിയയെ എതിര്‍ത്തും അനുകൂലിച്ചും നിരവധി കമന്റുകള്‍ നിറഞ്ഞു. ഭീഷണിയുടെ സ്വരത്തിലും വ്യക്തിഹത്യ നടത്തും വിധമായിരുന്നു അസ്നിയക്കെതിരെയുള്ള കമന്റുകള്‍ അധികവും.
സോഷ്യല്‍ മീഡിയകള്‍ വഴി സംഘടിതമായ പ്രചാരണവും ഭീഷണിയും ശക്തമായതോടെ അസ്നിയ അഷ്മിന്‍ നാദാപുരം പൊലീസില്‍ കഴിഞ്ഞ ദിവസം പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് ഷാജഹാന്‍ അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം അമ്പതുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ മാസം സുഹൃത്തുക്കള്‍ക്കൊപ്പം പൊട്ടുതൊട്ട ഫോട്ടോ അസ്നിയ തന്റെ ഫേസ്ബുക്ക് വാളില്‍ പോസ്റ്റുചെയ്തിരുന്നു. അന്ന് ഏറെ എതിര്‍പ്പുകളും പരിഹാസ്യങ്ങളും ഉയരുകയുണ്ടായി. ഈ മാസം പൊട്ടുതൊട്ട മറ്റൊരു ഫോട്ടോ വീണ്ടും പോസ്റ്റ് ചെയ്തതോടെയാണ് അസ്നിയക്കെതിരെയുള്ള ഭീഷണി വ്യാപകമായത്. ഭീഷണിയും പരിഹാസ്യവും അസഹ്യമായതോടെ യുവതി പൊലീസില്‍ പരാതി നല്‍കുകകയായിരുന്നു.
മതാചാരങ്ങള്‍ക്ക് വിരുദ്ധമായി ഫേസ്ബുക്കില്‍ ഫോട്ടോ ഇടുന്നുവെന്നും യാത്ര ചെയ്യുന്നുവെന്നും ആരോപിച്ച് ചിലര്‍ അസ്നിയക്കെതിരെ ഓഡിയോ തയ്യാറാക്കി നാദാപുരത്തെ വിവിധ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പൊട്ട്തൊട്ട് മാലയിട്ട് തട്ടമിടാതെ ഫോട്ടോയെടുത്തതാണത്രെ ഒരു കൂട്ടം മതസദാചാര വാദികളെ പ്രകോപിപ്പിക്കാന്‍ ഇടയാക്കിയിരിക്കുന്നത്. പൊട്ട് തൊട്ട് തിയ്യന്മാരുടെ കൂടെ നില്‍ക്കുന്നുവെന്ന ഓഡീയോയാണ് അസ്നിയയുടെ ഫോട്ടോയോടൊപ്പം വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നത്. പൊലീസില്‍ പരാതി നല്‍കിയിട്ടും അസ്നിയക്കെതിരെയുള്ള അതിക്ഷേപം തുടരുകയാണ്.
അസ്നിയയുടെ പിതാവ് അമ്മദ് നാദാപുരം ടൗണില്‍ ചുമട്ടുതൊഴിലാളിയാണ്. നെറ്റിയില്‍ പൊട്ടുതൊട്ട് സഹപാഠികള്‍ക്കൊപ്പം ഇരിക്കുന്ന ചിത്രവും മതാചാരങ്ങള്‍ക്കെതിരെയുള്ള ചില പ്രതികരണവുമായാണ് അസ്നിയ പോസ്റ്റിട്ടത്. ഇതിനെതിരെ പ്രകോപനമായ രീതിയില്‍ എതിര്‍ പോസ്റ്റുകളും വന്നു. തട്ടമിടാതെ തിരുവാതിര കളിച്ചതിന് തന്നെ മദ്രസയില്‍നിന്ന് പുറത്താക്കിയ ദിവസമാണ് താന്‍ ഏറ്റവും സന്തോഷിച്ചതെന്ന് അസ്നിയ പോസ്റ്റില്‍ പറയുന്നു.
രണ്ട് വര്‍ഷം മുമ്പ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ ‘മാഹിയിലെ പെണ്‍പിള്ളേരെ കണ്ടിക്കാ..’ എന്ന ഗാനം പാടിയത് അസ്നിയ അഷ്മിനായിരുന്നു. ഈ ഗാനം ഹിറ്റായപ്പോഴും അസ്നിയക്കെതിരെ മതയാഥാസ്തികരുടെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. മതത്തിന്റെ പുറത്ത് നില്‍ക്കുന്നവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലേയെന്ന് അസ്നിയ ചോദിക്കുന്നു. എനിക്കും ഇവിടെ ജീവിക്കണം, ആണോ പെണ്ണോ ആയിക്കോട്ടെ മതത്തിന്റെ ലേബലില്ലാതെയും മതത്തിന്റെ ചട്ടക്കൂടില്ലാതെയും ഇവിടെ ജീവിക്കാന്‍ പറ്റില്ലേയെന്ന് അസ്നിയ ചോദിക്കുന്നു. എതിര്‍ത്തവരെ ശക്തമായ മറുപടി നല്‍കി തന്നെ അസ്നിയ ഫേസ്ബുക്കിലൂടെ നേരിട്ടു. തനിക്കെതിരായ അധിക്ഷേപങ്ങള്‍ അടങ്ങിയ സന്ദേശങ്ങള്‍ പല ഗ്രൂപ്പുകള്‍ വഴി കൈമാറി പോകുകയാണ്.
ഇതിന് മുമ്പും സമാനമായ അധിക്ഷേപങ്ങള്‍ താന്‍ നേരിട്ടിട്ടുണ്ട്. തന്റെ +1 കാലഘട്ടത്തില്‍ നോമ്പിന് വീട്ടില്‍ വന്ന സുഹൃത്തുക്കളെ വാപ്പ നോക്കി നില്‍ക്കെ പിടിച്ചുകൊണ്ടു പോയി പള്ളിയില്‍ കെട്ടിയിട്ടതടക്കമുള്ള അനുഭവങ്ങള്‍ ആസ്നിയ ഫേസ്ബുക്കിലൂടെ പങ്ക് വെക്കുന്നു. ചിത്രത്തിന്റെ പേരില്‍ ദുബായിലുള്ള തന്റെ അനുജനെ വരെ ഇക്കൂട്ടര്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായും തട്ടമിടാതെ നില്‍ക്കുന്ന തന്റെ ചിത്രങ്ങള്‍ അടക്കം വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ ഇക്കൂട്ടര്‍ നിരന്തരം ചര്‍ച്ചാ വിഷയമാക്കുന്നൂവെന്നും അസ്നിയ പറയുന്നു.