തിരുവനന്തപുരം: പ്രധാനമന്ത്രിയടക്കം പലരെയും വഴിതെറ്റിച്ച കേരള പോലീസ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെയും വഴിതെറ്റിച്ചു. കൊട്ടിയത്തേയ്ക്ക് പോകേണ്ട മുന്ക്യനെ കോട്ടയത്തേയ്ക്ക് അരമണിക്കൂറേളം കൊണ്ടുപോയാണ് പോലീസ് തങ്ങളുടെ അപകീര്‍ത്തി നിലനിര്‍ത്തിയത്. എന്നാല്‍ ഇനിത് പിന്നാലെ സിറ്റി സംഭവത്തിന്റെ കാരണക്കാര്‍ എന്ന നിലയില്‍ കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരെ കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ നേതാവ് പരസ്യമായി ശകാരിച്ചത് മറ്റൊരു പ്രശ്‌നത്തിന് വഴിവച്ചു.
സ്‌പെഷല്‍ ബ്രാഞ്ചും കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മിഷണറും സിറ്റി പൊലീസ് കമ്മിഷണര്‍ക്കു റിപ്പോര്‍ട്ട് നല്‍കി. ശനിയാഴ്ചയാണു സംഭവം. കൊട്ടിയം-കുണ്ടറ- തിരുവല്ല എന്നിങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ റൂട്ട്. തലേന്നു വൈകിട്ടു തന്നെ സ്‌പെഷല്‍ ബ്രാഞ്ച് ഇത് ഇ-മെയിലിലൂടെ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. അവിടെ നിന്നാണു മുഖ്യമന്ത്രിയുടെ പൈലറ്റും എസ്‌കോര്‍ട്ടുമെല്ലാം പോകുന്നത്. എന്നാല്‍ കൊട്ടിയത്തിനു പകരം കോട്ടയമെന്നാണ് അതില്‍ രേഖപ്പെടുത്തിയത്. റൂട്ടിലെ പിശകു രാത്രിയോടെ കണ്ടെത്തിയ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അതു തിരുത്തി കൊട്ടിയം എന്നാക്കി വീണ്ടും ഇ-മെയില്‍ അയച്ചു.
പക്ഷേ അക്കാര്യം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചില്ല. മറ്റു ജില്ലകളിലേക്കു വിവരം കൈമാറുകയും ചെയ്തു. രാവിലെ ഏഴരയോടെയാണു മുഖ്യമന്ത്രി പുറപ്പെട്ടത്. പൈലറ്റ് വാഹനം കൊട്ടിയത്തിനു പകരം കോട്ടയം ലക്ഷ്യമാക്കി എംസി റോഡിലൂടെ വിട്ടു. മരുതൂര്‍ എത്തുമ്പോള്‍ റൂറല്‍ പൊലീസാണു പിന്നീടു പൈലറ്റ് വാഹനം ഓടിക്കുന്നത്. അവരെ അവിടെ കാണാതെ വന്നതോടെ പൈലറ്റ് വാഹനത്തിലെ ഉദ്യോഗസ്ഥര്‍ വിളിച്ചു തിരക്കി.
അപ്പോഴാണു കൊട്ടിയത്താണു മുഖ്യമന്ത്രിക്കു പോകേണ്ടതെന്ന വിവരം ലഭിച്ചത്. അതിനിടെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വെഞ്ഞാറമൂട്ടില്‍ നിന്ന് ആറ്റിങ്ങലിലേക്കു തിരിച്ചുവിട്ടു. അവിടെ നിന്നു കൊട്ടിയത്തേക്കും. അതുവരെ തിരുവനന്തപുരം കണ്‍ട്രോള്‍ റൂമിലെ പൈലറ്റ് വാഹനവും ഒപ്പം പോയി. ഉച്ചകഴിഞ്ഞു മൂന്നോടെ പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സിറ്റി ജില്ലാ കമ്മിറ്റി നേതാവും റിസര്‍വ് ക്യാംപിലെ ഒരു സിഐയും മറ്റൊരു പൊലീസുകാരനും കണ്‍ട്രോള്‍ റൂമിലെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ കണക്കിനു ശകാരിച്ചു.
”നീയൊക്കെ മുഖ്യമന്ത്രിയുടെ റൂട്ട് വഴിതെറ്റിക്കുമല്ലേടാ…” എന്ന മട്ടിലായിരുന്നു വിരട്ടെന്നു പൊലീസുകാര്‍ മേലുദ്യോഗസ്ഥനോടു പരാതിപ്പെട്ടു. 100 എന്ന നമ്പറിലേക്കു വന്ന അടിയന്തര ഫോണ്‍ വിളികള്‍ പോലും കുറെ നേരം പൊലീസുകാര്‍ക്ക് എടുക്കാനായില്ല. മടങ്ങിപ്പോകുന്ന വഴിയില്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ച കമ്മിഷണറുടെ സ്‌ക്വാഡിലെ പൊലീസുകാരനെയും വിരട്ടി. മൂവരും സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥരാണ്. കണ്‍ട്രോള്‍ റൂമിലെ പൊലീസുകാര്‍ കൂട്ടത്തോടെ പരാതിപ്പെട്ടതോടെ കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മിഷണര്‍ ഉടന്‍ തന്നെ കമ്മിഷണര്‍ക്കു റിപ്പോര്‍ട്ട് ചെയ്തു.
അസോസിയേഷന്‍ നേതാവിന്റെ നടപടിയെക്കുറിച്ചു സ്‌പെഷല്‍ ബ്രാഞ്ചും ഉന്നതതലത്തില്‍ റിപ്പോര്‍ട്ട് നല്‍കി. നേരത്തെയും ഈ നേതാവിനെതിരെ രണ്ടു കേസുകളില്‍ സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അസോസിയേഷന്‍ സിറ്റി ജില്ലാ പ്രസിഡന്റുമായുള്ള കയ്യേറ്റമായിരുന്നു ഒന്ന്. പൊലീസ് കന്റീനില്‍ സാധനം വാങ്ങാന്‍ പോയപ്പോള്‍ അവിടുണ്ടായിരുന്ന പൊലീസുകാരന്‍ സല്യൂട്ട് ചെയ്തില്ലെന്ന പേരില്‍ ഉണ്ടാക്കിയ ബഹളവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം, കണ്‍ട്രോള്‍ റൂമിലുണ്ടായ സംഭവത്തെക്കുറിച്ച് ഇതുവരെ തനിക്കു റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നാണു സിറ്റി പൊലീസ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍ പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ റൂട്ട് തെറ്റിയതു ഗൗരവത്തോടെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എടുത്തിട്ടുള്ളത്. 2006ല്‍ അന്നത്തെ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് തലസ്ഥാനത്തെത്തിയപ്പോള്‍ പാളയത്തെ അടിപ്പാതയ്ക്കു സമീപമാണ് പൊലീസ് വഴിതെറ്റിച്ചത്. അന്നു കമ്മിഷണറെയും സെക്യൂരിറ്റി ഐജിയെയും സ്ഥലം മാറ്റിയിരുന്നു.