ലണ്ടന്‍: ബ്രിട്ടനില്‍ ജോലി നേടിയെത്തുന്ന നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ടയര്‍-2 വിസാ അപേക്ഷകര്‍ക്കും പ്രായപൂര്‍ത്തിയായ ഡിപ്പന്‍ഡന്റുമാര്‍ക്കും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. ഏപ്രില്‍ മുതല്‍ ഇതു നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും കൃത്യസമയം പിന്നീട് അറിയിക്കുമെന്നും യുകെ വിസാ, ഇമിഗ്രേഷന്‍ വകുപ്പ് വ്യക്തമാക്കി. ജോലിക്കു നിയമിക്കുന്നവരെ ഇക്കാര്യം അറിയിക്കേണ്ടത് സ്‌പോണ്‍സറുടെ ചുമതലയാണെന്നും അല്ലാത്തപക്ഷം വിസ നിരസിക്കുമെന്നും ഇമിഗ്രേഷന്‍ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.
വിദ്യാഭാസം, ആരോഗ്യം, സോഷ്യല്‍ കെയര്‍ മേഖലകളില്‍ ഏപ്രില്‍ മുതല്‍ ടയര്‍ 2 വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ക്രിമിനല്‍ റെക്കോഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായി സമര്‍പ്പിക്കണമെന്നാണ് വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ബ്രിട്ടനിലേക്ക് എത്തുന്നതിനു തടയിടാനാണു പുതിയ തീരുമാനമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 2017 ഏപ്രിലിന് മുമ്പ് വിസയ്ക്ക് അപേക്ഷിച്ചവര്‍ക്ക് ഇതു ബാധകമല്ല. ടയര്‍-1 വിസയ്ക്ക് 2015-ല്‍ തന്നെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു.
ബ്രിട്ടനില്‍ ജോലി നേടുന്ന നഴ്‌സുമാര്‍, മിഡ്‌വൈഫുമാര്‍, പാരാമെഡിക്കല്‍ വിഭാഗക്കാര്‍, സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍മാര്‍ തുടങ്ങിയവരും അവരുടെ പ്രായപൂര്‍ത്തിയായ ഡിപ്പന്‍ഡന്റുമാരുമാണ് ഏപ്രില്‍ മുതല്‍ ടയര്‍-2 വിസാ അപേക്ഷയ്‌ക്കൊപ്പം സ്വന്തം രാജ്യത്തുനിന്നുള്ള പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരുന്നത്.
കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ 12 മാസമോ അതിലേറെയോ സ്ഥിരമായി താമസിച്ച രാജ്യത്തുനിന്നുള്ള സര്‍ട്ടിഫിക്കറ്റാണ് നല്‍കേണ്ടത്. വിസാ അപേക്ഷാ തീയതിയുടെ ആറുമാസത്തിനുള്ളില്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് മാത്രമേ പരിഗണിക്കൂ. യുകെയില്‍നിന്നു തന്നെയുള്ള അപേക്ഷകരാണെങ്കില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ വഴി വേണം സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാന്‍.