ആലപ്പുഴ:കേരളത്തില്‍ ക്രമസമാധാനനില തകര്‍ന്നെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.പുതിയ മന്ത്രിസഭ അധികാരത്തില്‍ എത്തി ക്രമസമാധാനം സംരക്ഷിക്കുമെന്നും പിണറായി പറഞ്ഞു. ഇനി ഒരു ജിഷ സംസ്ഥാനത്ത് ഉണ്ടാകരുത്. ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. നടപടി എടുക്കേണ്ടവര്‍ മാറി നിന്നാല്‍ അത്തരക്കാരെ സംരക്ഷിക്കില്ല.
നേരത്തെ പിണറായി വിജയനും നിയുക്ത മന്ത്രിമാരും പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. പ്രതികാരമല്ല പുതിയ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പിണറായി നേരത്തെ പ്രസ്താവിച്ചിരുന്നു. നിയമത്തിന്റെ കരങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെ വീറും വാശിയും കഴിഞ്ഞു. ഈ സര്‍ക്കാര്‍ മുഴുവന്‍ ജനങ്ങളുടെയും സര്‍ക്കാരാണ്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഭരണമായിരിക്കും കാഴ്ച വയ്ക്കുക. കാലാനുസൃതമായ വികസനം, സ്ത്രീ സുരക്ഷ എന്നിവ ലക്ഷ്യം വയ്ക്കുന്നതും വിലക്കയറ്റത്തിനും വര്‍ഗീയ ശക്തികള്‍ക്കുമെതിരായ ജനവിധിയാണ് ഇതെന്നും പിണറായി ചൂണ്ടിക്കാട്ടി
അതേസമയം പിണറായി മന്ത്രിസഭയില്‍ വിവിധ പാര്‍ട്ടികള്‍ക്കുള്ള വകുപ്പുകള്‍ ഏതെന്ന കാര്യത്തില്‍ ഔദ്യോഗിക തീരുമാനം ഇന്നുണ്ടാകും . പാര്‍ട്ടി നേതാക്കള്‍ തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളില്‍ പ്രാഥമിക ധാരണയായെങ്കിലും ഇന്നു രാവിലെ ചേരുന്ന എല്‍.ഡി.എഫ്. സംസ്‌ഥാന കമ്മിറ്റി യോഗം ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും.
പിണറായി വിജയന്‍ തന്നെ ആഭ്യന്തരവും വിജിലന്‍സും കൈകാര്യം ചെയ്യും. ഇതു കൂടാതെ സ്‌പീക്കര്‍, ചീഫ് വിപ്പ് സ്‌ഥാനങ്ങളും സി.പി.എമ്മിനാണ്. സ്‌പീക്കര്‍ പൊന്നാനി എം.എല്‍.എയുമായ പി. ശ്രീരാമകൃഷ്‌ണനാണ്. ചീഫ് വിപ്പ് പദവി സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ എം.എം. മണി വഹിക്കും.
ധനവകുപ്പ് തോമസ് ഐസക്കും പൊതുമരാമത്ത് ജി.സുധാകരനും കൈകാര്യം ചെയ്യും. സി.രവീന്ദ്രനാഥ് (വിദ്യാഭ്യാസം), കെ.കെ.ശൈലജ (ആരോഗ്യം), ഇ.പി.ജയരാജന്‍ (വ്യവസായം), കടകംപള്ളി സുരേന്ദ്രന്‍ (വൈദ്യുതി), എ.സി.മൊയ്‌തീന്‍ (സഹകരണം), ടി.പി.രാമകൃഷ്‌ണന്‍ (തൊഴില്‍, എക്‌സൈസ്), ജെ.മേഴ്‌സിക്കുട്ടിയമ്മ (ഫിഷറീസ്, തുറമുഖം) കെ.ടി.ജലീല്‍ (ടൂറിസം) എന്നിങ്ങനെയാണ് വകുപ്പുകള്‍ നിലവില്‍ നിശ്‌ചയിച്ചിട്ടുള്ളത്. എ.കെ. ബാലനു തദ്ദേശ സ്വയംഭരണം, പട്ടികവര്‍ഗക്ഷേമം എന്നീ വകുപ്പുകള്‍ നല്‍കും. കഴിഞ്ഞതവണ വഹിച്ചിരുന്ന വകുപ്പുകള്‍ തന്നെ സി.പി.ഐക്ക് ലഭിക്കും. ഇ.ചന്ദ്രശേഖരന് റവന്യുവും പി.തിലോത്തമന് ഭക്ഷ്യവകുപ്പും വി.എസ്. സുനില്‍ കുമാറിന് കൃഷിയും ലഭിക്കും. കെ.രാജുവിന് വനം തൊഴില്‍ വകുപ്പുകളും ലഭിക്കും. ആര്‍.എസ്.പി. കൈകാര്യം ചെയ്‌ത ജലവിഭവ വകുപ്പുകൂടി സി.പി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് എസിലെ രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് ദേവസ്വം വകുപ്പു നല്‍കും. ജനതാദള്‍ എസിലെ മാത്യു ടി. തേമസിനു ഗതാഗത വകുപ്പു നല്‍കാനാണ് സാധ്യത. എന്‍.സി.പി. ജലവിഭവ വകുപ്പാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഈക്കാര്യം ഇന്നത്തെ യോഗത്തിലെ അന്തിമ തീരുമാനമാകൂ. സി.പി.ഐയിലെ വി. ശശിയാണ് ഡെപ്യൂട്ടി സ്‌പീക്കര്‍.