കൊച്ചി: ഇടുക്കി അറക്കുളത്ത് നിന്നും കാണാതായ മൂന്ന് യുവതികളെ കണ്ണൂരില്‍ നിന്നും പോലീസ് പിടികൂടി. വീട്ടില്‍ പറയാതെ ഗോവ കാണാന്‍ പോയതായിരുന്നു അത്രെ 18 ഉം 19 ഉം വയസ്സുള്ള മൂന്ന് യുവതികള്‍. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച വൈകിട്ട് മുതല്‍ ആണ് യുവതികളെ കാണാതെയായത്.
രാത്രിയായിട്ടും മൂവരും വീട്ടിലെത്താതായതോടെ മാതാപിതാക്കള്‍ പരാതിയുമായി കാഞ്ഞാര്‍ പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞാര്‍ പോലീസ് അറക്കുളത്തും പരിസരത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെ ഇവരുടെ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇവര്‍ വടക്ക് ഭാഗത്തേക്കുള്ള യാത്രയിലാണെന്ന് മനസിലായി. ഇതേ തുടര്‍ന്ന് കാഞ്ഞാര്‍ പോലീസ് ആലുവ റെയില്‍വേ സ്റ്റേഷനിലെത്തി അന്വേഷണം നടത്തി. എന്നാല്‍ ഈ സമയം മൂവരും ഇവിടെ നിന്നും ഗോവക്ക് ട്രെയിന്‍ കയറിയതായി മനസ്സിലാക്കി.
ഉടന്‍ തന്നെ വിവരം മറ്റ് റെയില്‍വേ, പോലീസ് സ്റ്റേഷനുകളിലേക്കും കൂടി കൈമാറി.
പോലീസും റെയില്‍വേ അധികൃതരും സംയുക്തമായി നടത്തിയ തിരച്ചിലില്‍ വെള്ളിയാഴ്ച്ച വെളുപ്പിന് രണ്ടര മണിയോടെ മൂവരേയും കണ്ണൂരില്‍ നിന്നും ട്രെയിന്‍ യാത്രക്കിടെ കണ്ടെത്തുകയായിരുന്നു. പിടികൂടിയ യുവതികളെ കണ്ണൂര്‍ ജനമൈത്രി സ്റ്റേഷനില്‍ എത്തിച്ചു. സംഭവമറിഞ്ഞ് ബന്ധുക്കളും കണ്ണൂരിലെത്തി. യുവതികള്‍ വീട്ടിലറിയിക്കാതെ ഇത്രയേ ദൂരം പോയ സംഭത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി.