കുറ്റകൃത്യങ്ങള്‍ തടയാന്‍ ആപ്പുമായി കേരള പൊലീസ്‌: ആദ്യ ആപ്പ്‌ മണര്‍കാട്ട്‌

കോട്ടയം: ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുക്കാതെ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മണര്‍കാട് പൊലിസ് നടപ്പാക്കുന്ന മൊബൈല്‍ ആപ് പദ്ധതിയുടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തുന്നവരാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ജനങ്ങളുടെ സുരക്ഷക്കായി നിലവിലുള്ള വിവിധ സംവിധാനങ്ങളെ ഏകോപിച്ചുള്ള ആധുനിക സംവിധാനത്തിന് സംസ്ഥാന ആഭ്യന്തരവകുപ്പ് രൂപം നല്‍കിവരികയാണെന്ന് അധ്യക്ഷത വഹിച്ച മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇപ്പോള്‍ ജില്ലകളില്‍ നടപ്പാക്കിയിട്ടുള്ള സുരക്ഷാപദ്ധതികള്‍ ഏകോപ്പിച്ച് ജനങ്ങള്‍ക്ക് ഏറ്റവും പ്രയോജനകരമാവുന്ന വിധത്തിലുള്ള പദ്ധതി ഉടന്‍ നടപ്പിലാക്കും. വിദ്യാര്‍ഥികള്‍ വഴി തെറ്റുന്നത് തടയാന്‍ സ്കൂളുകളെ ബന്ധപ്പെടുത്തിയുള്ള ഗുരുകുലം പദ്ധതി അടുത്ത വര്‍ഷത്തോടെ സംസ്ഥാനത്ത് പൂര്‍ണമായും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൊബൈല്‍ ആപ് ലോഗോ പ്രകാശനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. ജോസ് കെ. മാണി എം.പി, എ.ഡി.ജി.പി കെ. പത്മകുമാര്‍, ജില്ലാ പൊലിസ് മേധാവി എം.പി. ദിനേഷ്, ഡിവൈ.എസ്.പി വി.യു. കുര്യാക്കോസ്, മണര്‍കാട് പഞ്ചായത്ത് പ്രസിഡന്‍റ് ബാബു കെ. കോര, വിജയപുരം പഞ്ചായത്ത് പ്രസിഡന്‍റ് റോയി ജോണ്‍, ജില്ലാ പഞ്ചായത്തംഗം ഫില്‍സണ്‍ മാത്യൂസ്, റസിഡന്‍സ് അസോസിയേഷന്‍ അപക്‌സ് പ്രസിഡന്‍റ് കെ.എം. രാധാകൃഷ്ണപിള്ള, ഡോ. പുന്നന്‍ കുര്യന്‍ വേങ്കടത്ത് എന്നിവര്‍ പ്രസംഗിച്ചു.
മണര്‍കാട് മൈ പോലീസ് ആപ്പ് എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്ലിക്കേഷനിലൂടെ വാട്ട്‌സ് ആപ്പ് എന്നതുപോലെ സന്ദേശങ്ങളും ചിത്രങ്ങളും ഒരു സ്പര്‍ശനത്തിലൂടെ പോലീസിനെ അറിയിക്കാനാകും. രാത്രിയില്‍ ഒറ്റയ്ക്ക് ഓട്ടോയില്‍ യാത്ര ചെയ്യുമ്പോള്‍ ഓട്ടോയുടെ നമ്പര്‍, ഫോട്ടോ, ലക്ഷ്യസ്ഥാനം ഇവയൊക്കെ പോലീസിനെ അറിയിക്കാം. ഇങ്ങനെ ലഭിക്കുന്ന സന്ദേശങ്ങള്‍ക്ക് അടിയന്തിര നടപടി ഉണ്ടാകുന്നു എന്ന് ഉറപ്പാക്കാന്‍ വേണ്ട സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ പോലീസിന് പ്രദേശത്തെ മുഴുവന്‍ ആളുകള്‍ക്കും ഒരുമിച്ചോ, ഒരു ഭാഗത്ത് താമസിക്കുന്നവരെ മാത്രമായോ സന്ദേശങ്ങള്‍ അറിയിക്കാനാകും. മണര്‍കാട് പോലീസ് സ്റ്റേഷന്റെ പരിധിയില്‍ വരുന്ന താമസക്കാര്‍ക്ക് ഈ മൊബൈല്‍ ആപ്പ് ഉപകരിക്കും. ഈ പ്രദേശത്തെ ഡോക്ടര്‍മാര്‍, ഓട്ടോറിക്ഷാ ഉടമകള്‍, ആംബുലന്‍സുകള്‍ തുടങ്ങിയവയുടെ നമ്പരുകള്‍ ആപ്പില്‍ ലഭിക്കും. ആധുനിക സാങ്കേതിക വിദ്യയുടെ ഇത്തരം ഉപയോഗത്തിലൂടെ കുറ്റകൃത്യങ്ങളും മറ്റും വളരെയധികം നിയന്ത്രിക്കപ്പെടും. ഇന്ത്യയിലാദ്യമായി നടപ്പാക്കുന്നതാണ് ജനകീയ മൊബൈല്‍ ആപ്പ് പദ്ധതി എന്ന പ്രത്യേകതയും മണര്‍കാട്ട് മൈ പോലീസ് ആപ്പിനുണ്ട്.

Top