കണ്ണൂര്‍: കാമുകനെ കൊന്ന് പെട്ടിയിലാക്കിയ ഡോ. ഓമന അല്ല മലേഷ്യയില്‍ മരണപ്പെട്ടതെന്ന് തിരിചറിഞ്ഞെങ്കിലും പോലീസിനെ കുരുക്കുന്ന ഭൂതം പുറത്ത് ചാടിയിരിക്കുകയാണ്. കെട്ടിടത്തില്‍ നിന്നും വീണു മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞപ്പോഴേയ്ക്കും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാമുകനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിക്കവെ പരോളില്‍ ഇറങ്ങി മുങ്ങിയ ഡോ. ഓമന വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയാണ് ഡോ. ഓമന. 21 വര്‍ഷം മുന്‍പാണ് കേരളത്തെ നടുക്കിയ കൊലപാതകം ഡോ. ഓമന ചെയ്തത്. കാമുകനും കോണ്‍ട്രാക്ടറുമായ മുരളീധരനെയാണ് ഓമന കൊലപ്പെടുത്തിയത്. കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയവ െ2001ല്‍ പരോളില്‍ ഇറങ്ങി മുങ്ങിയ ഡോ. ഓമന വ്യാജ പാസ്പോര്‍ട്ടില്‍ മലേഷ്യയിലേക്ക് മുങ്ങിയെന്നാണ് സൂചന.
ഇതാണ് മലേഷ്യയില്‍ കൊല്ലപ്പെട്ട യുവതി ഡോ. ഓമനയാണെന്ന സംശയം ഉയരാന്‍ കാരണം. എന്നാല്‍ ഇത് തിരുവനന്തപുരം സ്വദേശി മെര്‍ലിന്‍ റൂബിയാണെന്ന് (37) വ്യക്തമായതോടെ ഡോ. ഓമന ദുരൂഹതയുടെ മറവില്‍ തന്നെ തുടരുമെന്ന് വ്യക്തമായിരിക്കുകയാണ്. 1991 ജൂലൈ ഒന്നിനാണ് ഡോ. ഓമന ക്രൂരമായ കൊലപാതകം നടത്തിയത്. ഓമന ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിക്കഴിയുമ്പോഴാണ് പയ്യന്നൂര്‍ സ്വദേശിയായ മുരളീധരനുമായി അടുക്കുന്നത്. മുരളീധരന്‍ പയ്യന്നൂരിലെ ഒരു കരാറുകാരനായിരുന്നു. കാമുകന്‍ കൈവിട്ടു പോകുമെന്ന ചിന്തയിലാണ് ഡോ. ഓമന കൊലപാതകം നടത്തിയത്.
ഊട്ടി റെയില്‍വേ സ്റ്റേഷന് സമീപത്തെ ഒരു ലോഡ്ജില്‍ വച്ച് മുരളീധരനെ വിഷം കുത്തിവച്ച് കൊല്ലുകയായിരുന്നു. പിന്നീട് ഡോക്ടര്‍മാരുടെ ഉപകരണങ്ങള്‍ ഉപയോഗിച്ച് രക്തം പൊടിയാത്ത രീതിയില്‍ മൃതദേഹം മുറിച്ചു. തുടര്‍ന്ന് സ്യൂട്ട് കേസിലാക്കി മൃതദേഹം ഉപേക്ഷിക്കുന്നതിന് ടാക്സി കാറില്‍ പോകുമ്പോഴാണ് ഓമന പിടിയിലാകുന്നത്. നേത്ര ഡോക്ടറായ ഓമനയ്ക്ക് കൊലപാതകം നടത്തുമ്പോള്‍ 43 വയസുണ്ടായിരുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയവെ 2001ലാണ് അവര്‍ മുങ്ങിയത്.
പിന്നീട് അവരെക്കുറിച്ച് പോലീസിനോ കുടുംബാംഗങ്ങള്‍ക്കോ അഭിഭാഷകനോ വിവരമില്ല. 2009ല്‍ മലേഷ്യയില്‍ നിന്ന് മകളുമായി ബന്ധപ്പെട്ടുവെന്നാണ് വിവരം. അതിന് ശേഷം അവരെക്കുറിച്ച് ഒരു സൂചനയുമില്ല. ഡോ. ഓമനയ്ക്കായി ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ഇന്റര്‍പോളിന്റെ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ഡോ. ഓമന ഒളിവില്‍ കഴിയുന്ന സ്ഥലത്ത് ഡോക്ടറായി ജോലി ചെയ്യുന്നുണ്ടാകുമെന്നാണ് സൂചന. ഒളിവില്‍ കഴിയവെ ഇവര്‍ പല പേരുകള്‍ സ്വീകരിച്ചിരുന്നു. ചെല്‍സ്റ്റിന്‍ മേബല്‍, മുംതാസ്, ഹേമ, റോസ്മേരി താജ്, ആമിന ബിന്‍, അബ്ദുള്ള സാറ എന്നീ പേരുകളാണ് ഓമന സ്വീകരിച്ചിരുന്നത്.
പതിനാറ് വര്‍ഷത്തിന് ശേഷവും ഒളിവില്‍ കഴിയുന്ന ഡോ. ഓമന ജീവിച്ചിരിപ്പുണ്ടോ അതോ മരണപ്പെട്ടോ എന്നു പോലും വ്യക്തതയില്ല. കേരളത്തെ നടുക്കിയ കൊലക്കേസിലെ പ്രതിയായ അവര്‍ എവിടെയാണെന്നത് ഇനിയും ദുരൂഹമായി തുടരുന്നത് പൊലീസിന്റെ പിടിപ്പുകേടാണെന്ന് വിലയിരുത്തലുണ്ടായിട്ടുണ്ട്. അതിനാല്‍ത്തന്നെ ഓമന എവിടെയാണ് എന്നത് അന്വേഷിക്കാനാണ് പൊലീസ് തീരുമാനം.