കായംകുളം:പോലീസില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തി പിടിയിലായ മുഖ്യ പ്രതി ശരണ്യ ശരിയായ ഉത്തരങ്ങള്‍ നല്‍കാതെ പോലീസിനെ കുഴക്കുന്നു. ബംഗ്ളൂരുവില്‍ നിന്നുമാണ് കഴിഞ്ഞ ദിവസം ശരണ്യയെ പോലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്ത് ഒളിവില്‍ കഴിയുന്നതിനിടെ പോലീസ് എത്തുന്നതറിഞ്ഞ് ബംഗ്ളൂരുവിലേക്ക് കടന്ന ശരണ്യയെ പോലീസ് പിന്നാലെ എത്തി പിടികൂടുകയായിരുന്നു. തുടര്‍ന്ന് കായംകുളത്ത് എത്തിച്ച ഇവരെ ചോദ്യം ചെയ്തെങ്കിലും വ്യക്തമായ മറുപടി പറയാതെ ഇവര്‍ പോലീസിനെ കുഴയ്ക്കുകയാണ്. താന്‍ തട്ടിപ്പ് നടത്തിയിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരോടു ശരണ്യ പറയുന്നത്. മുമ്പു തന്നെ ഇവര്‍ക്ക് ചില പോലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതായും ഇവരുടെ നിര്‍ദേശപ്രകാരം നിയമോപദേശം തേടിയതായും സംശയം ഉയര്‍ന്നിട്ടുണ്ട്. പോലീസ് ചോദ്യം ചെയ്യലില്‍ തട്ടിപ്പു നടത്തിയതിന്റെ കൂടുതല്‍ വിവരങ്ങള്‍ ശരണ്യ നല്കാതിരിക്കുന്നതിന്റെ കാരണം ഇതാണെന്നാണ് നിഗമനം. എന്നാല്‍ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പോലീസ് ശേഖരിച്ചു വരികയാണ്.