കോഴിക്കോട് : മാവോയിസ്റ്റ് പോലീസ് ഏറ്റുമുട്ടലില്‍ പോലീസ് ഭാഷ്യത്തില്‍ അടിമുടി ദുരൂഹത. കരുളായി വനത്തിലെ കട്ന്നക്കാപ്പില്‍ ഏറ്റുമുട്ടല്‍ നടന്നു രണ്ടുദിവസം കഴിഞ്ഞിട്ടും വിവരങ്ങള്‍ കൃത്യമായി പുറത്തുവരാത്തതാണ് ദുരൂഹത വര്‍ദ്ധിക്കാന്‍ ഇടയാക്കിയത്.
മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാത്രി ഏഴോടെ വനത്തില്‍ നിന്നും പുറത്തെത്തിച്ചിട്ടും സംഭവങ്ങളുടെ കൃത്യമായ ചിത്രം ഇപ്പോഴും പുറം ലോകത്തിനു ലഭിച്ചിട്ടില്ല. രാവിലെ ഏഴിന് ഇന്‍ക്വസ്റ്റിനായി ഉദ്യോഗസ്ഥരടങ്ങുന്ന സംഘം വനത്തില്‍ പ്രവേശിച്ചിരുന്നു. വൈകീട്ട് മൂന്നോടെയാണ് കാവേരി എന്ന അജിതയുടെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയതായി വിവരം പുറത്തെത്തുന്നത്. അജിതയുടെ വയറിനും ഇടത്തെ തോളെല്ലിനു സമീപത്തുമാണ് വെടിയേറ്റതെന്നാണ് പൊലിസ് ഭാഷ്യം.
സംഭവത്തെക്കുറിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകള്‍ ഉയര്‍ത്തുന്ന സംശയങ്ങള്‍ ഇങ്ങനെയാണ്. ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ടെങ്കില്‍ പൊലീസിലോ തണ്ടര്‍ബോള്‍ട്ടിലോ പെട്ട ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുമായിരുന്നു. എന്നാല്‍, ഒരു സേനാംഗത്തിനും പരിക്കേറ്റതായി വിവരമില്ല. കാട്ടിലേക്ക് വ്യാഴാഴ്ച ഉച്ചയോടെ ആംബുലന്‍സ് പോയെങ്കിലും പരിക്കേറ്റവരെ ചികിത്സിക്കാനുള്ള ഡോക്ടര്‍മാരുണ്ടായിരുന്നില്ല.
കുപ്പു ദേവരാജിന്റെ ശരീരത്തില്‍ മൂന്ന് വെടിയും അജിതയുടെ ശരീരത്തില്‍ രണ്ട് വെടിയുമാണ് കൊണ്ടതെന്ന് ഇന്‍ക്വസ്റ്റില്‍ വ്യക്തമായി. പൊലീസ് പറയുന്ന പ്രകാരം 20 മിനിറ്റോളം ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ടെങ്കില്‍ ഇതിലേറെ വെടി ശരീരത്തില്‍ ഏല്‍ക്കാന്‍ സാധ്യതയുണ്ട്. ചിത്രങ്ങളില്‍ വെടിയേറ്റ് മരിച്ചുകിടക്കുന്ന കുപ്പു ദേവരാജിന്റെ കഴുത്തിനോട് ചേര്‍ന്ന് ഐ പാഡ് ഓണായി കിടക്കുന്നത് കാണാം. സമീപത്ത് ആയുധങ്ങളില്ല. പൊലീസിനെ ആക്രമിക്കുമ്പോള്‍ ഐ പാഡ് കൈയില്‍ കരുതുമോയെന്ന ചോദ്യം ഉയരുന്നു. വെള്ളിയാഴ്ച രാവിലെ പൊലീസ് സംഘത്തോടൊപ്പം മാധ്യമപ്രവര്‍ത്തകരെയും വെടിവെപ്പ് നടന്ന സഥലത്തേക്ക് കൊണ്ടുപോയി നടപടിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമെന്ന് ഐ.ജി എം.ആര്‍. അജിത്കുമാര്‍ വ്യാഴാഴ്ച രാത്രി എടക്കര പൊലീസ് സ്റ്റേഷനില്‍ പറഞ്ഞിരുന്നു. എന്നാല്‍, സുരക്ഷ കാരണങ്ങളാല്‍ കാടിനുള്ളിലേക്ക് കൊണ്ടുപോകാന്‍ കഴിയില്ളെന്ന് പറഞ്ഞ് പൊലീസ് പിന്നീട് ഇതു വിലക്കി. നാല് കിലോമീറ്റര്‍ അകലെവരെ മാത്രമാണ് തെരഞ്ഞെടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിച്ചത്.
ഇതിനുശേഷമാണ് കുപ്പ ദേവരാജിന്റെ മൃദദേഹം ഇന്‍ക്വസ്റ്റ് നടത്തിയത്. ഇദ്ദേഹത്തിന് വയറിന് വെടിയേറ്റെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. വനത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കവെ പുറത്തു വെടിവയ്പ്പുമായി ബന്ധപ്പെട്ട് നിരവധി കഥകളാണ് പ്രചരിച്ചത്. കൂടുതല്‍ മാവോവാദികളെ പിടികൂടി എന്നും പ്രചരണമുണ്ടായി.
കൂടുതല്‍ മാവോവാദികള്‍ക്ക് പരുക്കേറ്റിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ഇപ്പോഴും അവ്യക്തമാണ്. രാവിലെ എസ്.പി അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിരുന്നെങ്കിലും മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങിയതും ദുരൂഹതയേറ്റി. വനം വകുപ്പ്,പൊലിസ് ഉദ്യോഗസ്ഥര്‍ക്കും സംഭവത്തെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. മൂത്തേടം പൂളക്കപ്പാറ ഔട്ട് പോസ്റ്റില്‍ നിന്നും വനപാതയിലൂടെ 45 മിനിറ്റോളം വാഹനത്തില്‍ സഞ്ചരിച്ച് ഇവിടെനിന്നും ഒന്നര മണിക്കൂറോളം നടന്നാലാണ് സംഭവസ്ഥലത്തേക്ക് എത്താനാകുക.
സംഭവത്തില്‍ പൊലിസ് സ്വീകരിച്ച രഹസ്യ സ്വഭാവം 24 മണിക്കൂര്‍ നീണ്ടഅഭ്യൂഹങ്ങളാണ് പൊതുജനങ്ങള്‍ക്ക് സമ്മാനിച്ചത്.
കൊല്ലപ്പെട്ടത് 37 ലക്ഷം തലയ്ക്കു വിലയിട്ട മാവോയിസ്റ്റ്
കോഴിക്കോട്: കൊല്ലപ്പെട്ട കുപ്പു ദേവരാജ് എന്ന കുപ്പു സ്വാമിയെ തേടിക്കൊണ്ടിരുന്നത് നാല് സംസ്ഥാനങ്ങളിലെ പൊലിസ്.
എല്ലാ സംസ്ഥാനങ്ങളും കൂടി 37 ലക്ഷം രൂപയാണ് വിവരം നല്‍കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ചിരുന്നത്. ചത്തീസ്ഗഡ്, തമിഴ്നാട്, ജാര്‍ഖണ്ഡ്, കര്‍ണാടക സംസ്ഥാന പൊലിസുകളാണ് കുപ്പുസ്വാമിയെ തേടിക്കൊണ്ടിരുന്നത്.
തെലങ്കാന സ്വദേശിയായ ഇയാള്‍, തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലായി മാറി മാറിയാണ് താമസിച്ചു വന്നിരുന്നതെന്നാണ് വിവരം. കുടുംബം ഇപ്പോള്‍ മധുരയിലാണ്. സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗവുമാണ് കുപ്പുസ്വാമി. ആന്ധ്രയിലെ മാവോയിസ്റ്റ് വിരുദ്ധ സേനയായ ഗ്രേ ഹണ്ട്, തമിഴ്നാട്ടിലെ ക്യൂ ബ്രാഞ്ച്, ഛത്തിസ്ഗഡ് പൊലിസ്, ജാര്‍ഖണ്ഡ് പൊലിസ് എന്നിവര്‍ തിരയുന്നയാളാണ് കുപ്പുസ്വാമി.
കര്‍ണാടക സര്‍ക്കാര്‍ ഏഴു ലക്ഷം രൂപയും തമിഴ്നാട്, ഛത്തിസ്ഗഢ്, ജാര്‍ഖണ്ഡ് സര്‍ക്കാരുകള്‍ പത്തു മതലയ്ക്കു വിലയിട്ടിരുന്നു.
മാവോയിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മറ്റി അംഗം, തമിഴ്നാട് സ്പെഷ്യല്‍ ഓര്‍ഗനൈസേഷന്‍ കമ്മറ്റി സെക്രട്ടറി എന്നീ നിലയിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു. ആന്ധ്ര സ്വദേശിനിയാണ് കൊല്ലപ്പെട്ട കാവേരി എന്ന അജിത.