കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന പുറത്തായതോടെ പ്രമുഖ നടന്‍ ഏത് നിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ കൂടിയാലോചനയ്ക്ക് ശേഷമായിരിക്കും തുടര്‍ നടപടികള്‍.
പ്രധാന പ്രതിയായ പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമായിരിക്കും അറസ്റ്റുള്‍പ്പെടെയുള്ള കാര്യങ്ങളിലേയ്ക്ക് പോലീസ് നീങ്ങുക.ഇതിനായി സുനിയുടെ സഹതടവുകാരന്റെ 164 സ്റ്റേറ്റ്മെന്റ് എടുക്കാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അനുവാദം പോലീസ് വങ്ങിക്കഴിഞ്ഞു.
പ്രമുഖ വ്യക്തികളെ അറസ്റ്റ് ചെയ്യുന്നതിനു മുന്‍പുള്ള മുന്‍കരുതലാണിതെന്നാണ് നിയമ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് (2)നു മുന്‍പാകെ 164 സ്റ്റേറ്റ്മെന്റ് കൊടുക്കുന്നത് അനുവദിച്ച് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ഈ ദിവസങ്ങളില്‍ മജിസ്ട്രേറ്റിനു മുന്നില്‍ സാക്ഷി 164 സ്റ്റേറ്റ്മെന്റ് നല്‍കും. അപൂര്‍വ്വമായ നടപടി ക്രമത്തിലൂടെ കടുത്ത നടപടിയിലേയ്ക്കാണ് കേരള പോലീസ് നീങ്ങുന്നതെന്നാണ് ഈ നീക്കങ്ങള്‍ തെളിയിക്കുന്നത്.
മരട് പൊലീസ് രജിസ്ട്രര്‍ ചെയ്ത പേഴ്സ് തട്ടിപ്പറിക്കല്‍ കേസിലെ പ്രതിയായ ജിന്‍സണ്‍ന്റെ രഹസ്യമൊഴിയാണ് കോടതി രേഖപ്പെടുത്തുന്നത്. കേസില്‍ അറസ്റ്റിലായ ജിന്‍സണ്‍ കാക്കനാട് ജയിലില്‍ നടി അക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി സുനില്‍ കുമാറിനോടൊപ്പം ഒരേ സെല്ലിലാണ് കഴിഞ്ഞിരുന്നത്. ഈ കാലയളവില്‍ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ സുനില്‍ ജിന്‍സണോട് തുറന്നു പറഞ്ഞു. പുറത്ത് സഹായങ്ങള്‍ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് ഈ തുറന്നു പറച്ചില്‍ നടത്തിയത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് സുനില്‍ വിശദീകരിച്ച നിര്‍ണ്ണായക വിവരങ്ങള്‍ ജിന്‍സണ്‍ പൊലീസിനോട് പറയുകയായിരുന്നു. സുപ്രധാന തെളിവായ വീഡിയോ വീണ്ടെടുത്തതിലേയ്ക്ക് തുമ്പുകിട്ടിയത് ഇതില്‍ നിന്നായിരുന്നു. പള്‍സര്‍ സുനി ജയിലില്‍ നിന്ന് ചെയ്ത ഫോണ്‍ കോളുകളും പോലീസിന് ഗൂഢീലോചനയുടെ തെളിവുകളായി.
മലയാള സിനിമാ ലോകത്തെ ഞെട്ടിയ്ക്കുന്ന വാര്‍ത്തകളായിരിക്കും അടുത്ത ദിവസമുണ്ടാവുക എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്. പ്രമുഖ നടനെ രക്ഷിക്കാന്‍ ശക്തമായ ചരുടുവലികള്‍ നടന്നാലും പള്‍സര്‍ സുനിയോ സഹ തടവുകാരനോ മാധ്യമങ്ങളോട് കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ ആഭ്യന്തര വകുപ്പും മാനക്കേടിലാകും. അത് കൊണ്ട് അതീവ ശ്രദ്ധയോടെയാണ് പോലീസ് കാര്യങ്ങള്‍ നീക്കുന്നത്.