തിരുവനന്തപുരം: കിഴക്കേക്കോട്ടയില്‍ വി.എസ്.എസ്. സിയുടെ ബസ് പുറത്തു കൂടി കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശിയായ നാടോടി മരിച്ചു. ഏകദേശം അമ്പതു വയസ് പ്രായം തോന്നിക്കുന്ന ഇയാളെ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ഇന്നലെ രാവിലെ പത്ത് മണിയോടെ പുത്തരിക്കണ്ടം മൈതാനത്തിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. വി.എസ്.എസ്. സിയുടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി രണ്ട് കാലുകളും തകര്‍ന്ന നിലയിലായിരുന്നു. അപകടം നടന്ന് അര മണിക്കൂറിന് ശേഷമാണ് പൊലീസ് ഇയാളെ ആസ്പത്രിയിലെത്തിച്ചത്. പൊലീസിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥയാണ് മരണത്തിലേക്കെത്തിച്ചതെന്ന കാഴ്ചക്കാരുടെ പരാതിയെ തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡി.ജി.പി, സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്കി.
അപകടംപറ്റി അരമണിക്കൂര്‍ രക്തം വാര്ന്നൊലിച്ചതിന് ശേഷമാണ് ആംബുലന്‍സ് എത്തി ഇയാളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ആംബുലന്‍സ് എത്തുന്നതുവരെ പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്ന് സംഭവ സ്ഥലത്ത് തടിച്ചുകൂടിയവര്‍ പരാതിപ്പെട്ടു. പൊലീസ് കണ്ട്രോള് റൂമില്‍ നിന്നെത്തിയ വാഹനത്തില്‍ കൊണ്ടുപോകുന്നതിന് ബുദ്ധിമുട്ടായതിനാലാണ് ആംബുലന്‍സ് എത്തുന്നതുവരെ കാത്തുനില്‍ക്കേണ്ടി വന്നത് എന്നാണ് പൊലീസിന്റെ പ്രതികരണം. പരിക്കിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്താണ് ഏതെങ്കിലും പൊലീസ് വാഹനത്തില്‍ കയറ്റിക്കൊണ്ട് പോകാതെ ആംബുലന്‍സിനായി കാത്തുനിന്നതെന്ന് ഫോര്‍ട്ട് പൊലീസ് പറഞ്ഞു. രണ്ട് കാലുകളും തകര്‍ന്നതിനാല്‍ സ്ട്രക്ചറില്‍ കിടത്തി മാത്രമേ ആസ്പത്രിയിലെത്തിക്കാന്‍ കഴിയുമായിരുന്നുള്ളൂവെന്നും പൊലീസ് പറഞ്ഞു.
അതേസമയം അപകടമുണ്ടാക്കിയ വി.എസ്.എസ്.സിയുടെ വാഹനം ഓടിച്ചിരുന്ന ശ്രീനേഷിനെ ഫോര്‍ട് പൊലീസ് കസ്റ്റഡിയിലെടത്ത് ട്രാഫിക് പൊലീസിന് കൈമാറി. തമ്പാനൂരില്‍നിന്ന് കിഴക്കേക്കോട്ട ഭാഗത്തേക്ക് വരികയായിരുന്നു ബസ്. റോഡ് മുറിച്ച് കടന്ന നാടോടി തിരിച്ച് മറുവശത്തേക്ക് തന്നെ വരാന്‍ വേഗത്തില്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്. തമിഴ്നാട് സ്വദേശിയായ ഇയാളെപറ്റി കൂടുതല്‍ വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.