കെയ്‌റോ: കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ അഞ്ച് വയസുകാരനെ പൊലീസുകാരന്‍ സാഹസികമായി രക്ഷപ്പെടുത്തി. ബാങ്കിന്റെ സുരക്ഷയ്ക്കായി നിയോഗിച്ച മൂന്ന് പൊലീസുകാര്‍ നില്‍ക്കെയാണ് തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ മുകളിലേക്ക് നോക്കി സമീപവാസികള്‍ ഒച്ചവെയ്ക്കുന്നത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ അകടകരമാം വിധം ഒരു അഞ്ചു വയസുകാരന്‍ നില്‍ക്കുന്നു. ഒട്ടും താമസിച്ചില്ല അഞ്ചു വയസുകാരന്‍ താഴേക്ക്. എന്ത് ചെയ്യണമെന്നറിയാതെ ഒരുവേള പതറിയ പൊലീസുകാരില്‍ ഒരാള്‍ സാഹസികമായി കുട്ടിയെ കൈയിലൊതുക്കുന്നു. ഈജിപ്ത് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട ഒരു സിസിടിവി ദൃശ്യത്തിലാണ് ഈ സാഹസിക രക്ഷപ്പെടുത്തലുള്ളത്. സംഭവത്തിന്റെ വീഡിയോ സമൂഹ്യ മാധ്യമങ്ങളിലും വൈറലായി. കുട്ടി താഴേക്ക് പതിക്കുന്നത് കണ്ട് രക്ഷപ്പെടുത്താനായി പോലീസുകാര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നടത്തുന്ന സാഹസങ്ങളാണ് ദൃശ്യത്തില്‍ ഹൈലൈറ്റായിരിക്കുന്നത്. കാമില്‍ ഫാത്തി ജൈദ്, ഹസ്സന്‍ സയീദ് അലി, സാബ്രി മഹ്‌റൂസ് അലി എന്നീ മൂന്ന് പോലീസുകാരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.