പോലീസ് ഉദ്യോഗസ്ഥന്‍റെ രാജി പ്രഖ്യാപനം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. കശ്മീര്‍ താഴ്വരയിലെ അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് ജമ്മു കശ്മീര്‍ പോലീസിലെ ഉദ്യോഗസ്ഥനാണ് വീഡിയോയില്‍ രാജി പ്രഖ്യാപനം നടത്തിയിട്ടുള്ളത്. വീഡിയോ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. റയീസ് എന്ന പേരുള്ള പോലീസ് ഉദ്യോഗസ്ഥന്‍റേതാണ് വൈറലായിട്ടുള്ള വീഡിയോ. എന്നാല്‍ വീഡിയോയുടെ ആധികാരികത സംബന്ധിച്ച വിവരങ്ങളും ലഭ്യമല്ല. ഇത് സംബന്ധഗിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. താഴ്വരയിലെ അതിക്രമങ്ങള്‍ കണ്ടുനില്‍ക്കേണ്ടിവന്ന ഒരു പോലീസ് ഉദ്യോഗസ്ഥനാണ് താനെന്നും ഒരു പോലീസുകാരനെന്ന നിലയില്‍ താന്‍ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന് അറിയില്ലെന്നും അക്കാര്യത്തില്‍ തനിക്ക് ഉത്തരം ലഭിക്കുന്നില്ലെന്നും അദ്ദേഹം വീഡിയോയില്‍ ചൂണ്ടിക്കാണിക്കുന്നു. വിവേചന ബുദ്ധിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എടുത്തിട്ടുള്ളതെന്നും വീഡിയോയില്‍ റയീസ് വ്യക്തമാക്കുന്നു. കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥനാണ് റയീസെന്നാണ് സൂചന.
ഏഴ് വര്‍ഷമായി താന്‍ ജമ്മു കശ്മീര്‍ പോലീസില്‍ സേവനമനുഷ്ടിക്കുന്നുവെന്ന് അവകാശപ്പെടുന്ന വീഡിയോയില്‍ ജനങ്ങളെ സേവിക്കുമെന്ന ശപഥത്തോടെയാണ് താന്‍ ജോലിയില്‍ പ്രവേശിച്ചതെന്നും റയീസ് വീഡിയോയില്‍ ചൂണ്ടിക്കാണിക്കുന്നു. കശ്മീര്‍ താഴ്വരയിലെ സ്ഥിതിഗതികള്‍ മോശമായി വരികയാണെന്നും വീഡിയോയില്‍ ഇദ്ദേഹം പറയുന്നു. റയീസ് എന്ന പേരുള്ള പോലീസ് ഉദ്യോഗസ്ഥന്‍റെ പേരില്‍ പുറത്തിറങ്ങുകയും ഇതിനകം തന്നെ വൈറലാവുകയും ചെയ്ത വീഡിയോയുടെ ആധികാരികത സംബന്ധിച്ച വിവരങ്ങളും ലഭ്യമല്ല. ജമ്മു കശ്മീര്‍ പോലീസ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്. എല്ലാ ദിവസവും കശ്മീരികള്‍ കൊല്ലപ്പെടുന്നു. ചിലര്‍ക്ക് കണ്ണ് നഷ്ടമാകുന്നു, ചിലര്‍ ജയിലിലാവുന്നു, ചിലര്‍ വീട്ടുതടങ്കലിലാവുന്നു. ഇതെല്ലാം ഉണ്ടാവുന്നത് ഭരണഘടനയില്‍ അനുശാസിച്ചിട്ടുള്ള അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുമ്പോഴാണെന്നും റയീസ് പറയുന്നു. ഭരണഘടനയുടെ ആമുഖത്തിലെ വാഗ്ദാനങ്ങളൊന്നും ഒരിക്കലും പൂര്‍ത്തിയാക്കിയിട്ടില്ല. അതുകൊണ്ട് ചോര പൊടിയുന്നതെന്നും വീഡിയോയില്‍ ചൂണ്ടിക്കാണിക്കുന്നു. കുടുംബത്തിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് വ്യക്തമാക്കിയ റയീസ് താന്‍ പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ള ആളാണെന്നും തന്‍റെ പിതാവ് തൊഴിലാളിയാണെന്നും എന്നിരിക്കിലും വിവേചന ബുദ്ധി മരിച്ചുകൊണ്ടിരിക്കുന്നത് കാണാനാവില്ലെന്നും വീഡിയോയില്‍ പറയുന്നു.