![](https://dailyindianherald.com/wp-content/uploads/2016/05/jisha.png)
കൊച്ചി: ദലിത് യുവതിയുടെ കൊലപാതക കേസില്‍ തുമ്പ് ലഭിക്കാതെ പോലീസ് ഇരുട്ടില്‍ തപ്പുമ്പോള്‍ തെളിവുകള്‍ മുഴുവന്‍ നശിപ്പിക്കാന്‍ പോലീസ് കാട്ടിയ തിടുക്കം സംശയത്തിനിട നല്‍കുന്നു. എസ് ഐയും സി ഐയും ചേര്‍ന്നാണ് 24 മണിക്കൂറിനുള്ളില്‍ എല്ലാം ഇല്ലാതാക്കിയത്. മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചും പോലീസ് നടത്തിയ നീക്കങ്ങള്‍ പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയാണെന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
ദളിത് വിദ്യാര്‍ഥിനി ജിഷയെ പൈശാചികമായി കൊലപ്പെടുത്തിയ കേസിലെ സുപ്രധാന തെളിവുകള്‍ പൊലീസ് നശിപ്പിച്ചു. ഇന്‍ക്വസ്റ്റ് തയ്യാറാക്കുന്നതിലും പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിലും ഉള്‍പ്പെടെ പൊലീസ് കാണിച്ച അനാസ്ഥയും അനാവശ്യ ധൃതിയുമാണ് തെളിവുകള്‍ ഇല്ലാതാക്കിയത്. റീ പോസ്റ്റ്‌മോര്‍ട്ടം സാധ്യത ഇല്ലാതാക്കി മൃതദേഹം പൊലീസ് ഇടപെട്ട് ദഹിപ്പിക്കുകയും ചെയ്തു.
ഏപ്രില്‍ 28ന് വൈകിട്ട് അഞ്ചിനു മുമ്പാണ് ജിഷ കൊല്ലപ്പെട്ടതെന്നാണ് സാഹചര്യത്തെളിവുകള്‍ വ്യക്തമാക്കുന്നത്. രാത്രി എട്ടരയോടെ വീട്ടിലെത്തിയ ജിഷയുടെ അമ്മ രാജേശ്വരിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ വിവരം അറിയിച്ചെങ്കിലും രണ്ടുമണിക്കൂര്‍ കഴിഞ്ഞാണ് പൊലീസ് എത്തിയത്. ക്രൂരകൊലപാതകമാണെന്ന് വ്യക്തമായിട്ടും വീടും പരിസരവും സുരക്ഷിതവലയത്തിലാക്കാന്‍ പൊലീസ് തയ്യാറായില്ല. വീടിനകത്ത് പൊലീസ് പരിശോധിച്ചത് മൊബൈല്‍ ഫോണിന്റെ വെളിച്ചം ഉപയോഗിച്ച്. പുലരുംവരെ വീടും പരിസരവും പൂര്‍ണമായും ഇരുട്ടിലായിരുന്നു.
വെള്ളിയാഴ്ച രാവിലെ 10നുശേഷമാണ് ഇന്‍ക്വസ്റ്റ് നടപടി തുടങ്ങിയത്. ആര്‍ഡിഒ, തഹസില്‍ദാര്‍ തുടങ്ങിയവരെ വിവരം അറിയിച്ചില്ല. വില്ലേജ് ഓഫീസര്‍പോലും വന്നില്ല. പകല്‍ രണ്ടിനാണ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന്, അകന്ന ബന്ധുവിനെയും കൂട്ടി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ എത്തുമ്പോഴേക്കും സമയം നാലുകഴിഞ്ഞു. ഫോറന്‍സിക് വിഭാഗം തലവന്റെ ചുമതലയുള്ള പ്രൊഫസര്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നില്ല. ഒരു പിജി വിദ്യാര്‍ഥി മാത്രമാണ് ഉണ്ടായിരുന്നത്. പൊലീസ് സമ്മര്‍ദവും ഉന്നതങ്ങളില്‍നിന്നുള്ള വിളിയും ആയതോടെ പിജി വിദ്യാര്‍ഥിയോട് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് വിവരം. ഇത്തരം ഘട്ടങ്ങളില്‍ മുതിര്‍ന്ന ഡോക്ടര്‍മാരുടെ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടത്. മാത്രമല്ല, പോസ്റ്റുമോര്‍ട്ടം പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തണം. അതും പൊലീസ് ചെയ്തില്ല.
ശനിയാഴ്ച പകല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയാല്‍ മതിയായിരുന്നെങ്കിലും പൊലീസ് കാത്തുനിന്നില്ല. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനും ആറിനും ഇടയിലുള്ള ചുരുങ്ങിയ സമയംകൊണ്ട് എല്ലാം അവസാനിപ്പിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് മൃതദേഹം വിട്ടുകൊടുത്തു. പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള ശ്മശാനത്തിലായിരുന്നു സംസ്‌കാരം. ഇവിടെ വൈകിട്ട് ആറിനുശേഷം സംസ്‌കാരം നടത്താറില്ല. എന്നാല്‍, പൊലീസ് ഇടപെട്ട് രാത്രി 7.30നുശേഷം സംസ്‌കാരം നടത്തി.
ആറിനുശേഷം സംസ്‌കാരം നടക്കില്ലെന്നുകരുതി പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി വികസനസമിതി അംഗംകൂടിയായ നൌഷാദ് മോര്‍ച്ചറിയും ഫ്രീസറുംവരെ ഒരുക്കിവച്ചിരുന്നു. ഇതിനൊന്നും കാത്തുനില്‍ക്കാതെ പൊലീസ് മൃതദേഹം ദഹിപ്പിച്ചു. റീ പോസ്റ്റ്‌മോര്‍ട്ടം വേണ്ടിവരുന്ന ഇത്തരം കേസുകളില്‍ മൃതദേഹം ദഹിപ്പിക്കരുതെന്നും കുഴിച്ചിടണമെന്നും പൊലീസ് നിര്‍ദേശിക്കാറുണ്ട്. ഇവിടെ അതും ഉണ്ടായില്ല. ഒരു സിഐയും എസ്‌ഐയുമാണ് എല്ലാം നടപ്പാക്കിയത്. ഡിവൈഎസ്പിപോലും സ്ഥലം സന്ദര്‍ശിച്ചത് സംഭവം പുറംലോകം അറിഞ്ഞശേഷം മാത്രം.