
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കാക്കിയിടാതെ സ്‌പെഷ്യൽ യൂണിറ്റുകളിൽ വർഷങ്ങളായി ജോലി ചെയ്തു മുങ്ങി നടക്കുന്ന പൊലീസുകാരെ പിടികൂടാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടിറങ്ങുന്നു. വർഷങ്ങളായി യൂണിഫോമിടാതെ സ്‌പെഷ്യൽ യൂണിറ്റുകളിൽ ജോലി ചെയ്യുന്ന പൊലീസുകാരുടെ വിവരങ്ങൾ ശേഖരിച്ചു ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ സമർപ്പിക്കണമെന്ന നിർദേശമാണ് ഇപ്പോൾ സ്‌പെഷ്യൽ ബ്രാഞ്ച് അധികൃതർക്കു നൽകിയിരിക്കുന്നത്.
സംസ്ഥാന പൊലീസ് സേനയിലെ രണ്ടായിരത്തിലേറെ പൊലീസുകാർ പത്തു വർഷത്തിലേറെയായി സ്‌പെഷ്യൽ യൂണിറ്റുകളിലാണ് ജോലി ചെയ്യുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യുന്നത് സംസ്ഥാന – ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചുകളിലാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്‌പെഷ്യൽ ബ്രാഞ്ചുകളിലേയ്ക്കു മാറി മാറി ജോലി ചെയ്തു ഇവർ യൂണിഫോമിന്റെ വിലക്കിൽ നിന്നു മാറി നിൽക്കുകയാണ്. മറ്റു ചിലരാകട്ടെ ക്രൈം ബ്രാഞ്ച് വിജിലൻസ് യൂണിറ്റുകളിലേയ്ക്കു മാറി നിൽക്കുകയും ചെയ്യുന്നു.
യൂണിഫോമില്ലാതെ മാറി നിൽക്കുന്ന ചില പൊലീസുകാർ റിയൽ എസ്റ്റേറ്റ് അടക്കമുള്ള ബിസിനസുകൾ ചെയ്യുന്നതായി നേരത്തെ തന്നെ സ്‌പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാൽ, ഇത്തരക്കാർക്കെതിരെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടപടികളൊന്നും സ്വീകരിച്ചിരുന്നുമില്ല. ഏതെങ്കിലും പൊലീസ് അസോസിയേഷനുകളുമായി ബന്ധമുള്ളവരായിരുന്നു ഈ പൊലീസുകാരിൽ ഏറെപ്പേരും. ഇവരുടെ പട്ടിക ലഭിച്ച ശേഷം ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനാണ് ഇപ്പോൾ മുഖ്യമന്ത്രി ഒരുങ്ങുന്നത്. രണ്ടു വർഷത്തിലധികം യൂണിഫോമില്ലാതെ ജോലി ചെയ്ത പൊലീസുകാരെ തിരികെ സേനയുടെ ഭാഗമാക്കണമെന്ന നിർദേശമാണ് മുഖ്യമന്ത്രി മുന്നോട്ടു വയ്ക്കുന്നത്.