കൊല്ലം : കുണ്ടറ പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ മരിച്ച കുഞ്ഞുമോന്റെ ഘാതകരായ പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. വിവിധ ദളിത്, നുഷ്യാവകാശ സംഘടനകളും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകരും മാര്‍ച്ചിലും, പോലീസ് രാജിനെതിരായ പ്രതിരോധ സംഗമത്തിലും പങ്കാളികളായി.
കുഞ്ഞുമോന്റെ വീടിന് സമീപം തൊണ്ടിറക്ക് മുക്കില്‍ നിന്നാരംഭിച്ച മാര്‍ച്ച് പോലീസ് സ്റ്റേഷന് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് കുഞ്ഞുമോന്റെ അമ്മ ചെല്ലമ്മ സംസാരിച്ചു. എന്റെ മകനെ പോലീസ് കൊന്നതാണെന്ന് പറഞ്ഞു കൊണ്ട് അലമുറയിട്ട് കരഞ്ഞ ചെല്ലമ്മ, തന്റെ മകനുണ്ടായ അവസ്ഥ വേറൊരാള്‍ക്ക് ഉണ്ടാകരുതെന്നും തന്റെ മകന്റെ ജീവന് പോലീസ് ഉത്തരം പറയണമെന്നും ആവശ്യപ്പെട്ടു.
പ്രതിരോധ സംഗമം പരിസ്ഥിതി, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ടി.കെ വിനോദന്‍ ഉദ്ഘാടനം ചെയ്തു. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകും വരെ ശക്തമായ സമരവുമായി മുന്നോട്ട് പോകണമെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലം ഐവര്‍കാലയില്‍ കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട വിജയലക്ഷ്മിയുടെ അച്ഛന്‍ ചന്ദ്രദാസ്, സിപിഐ എംഎല്‍ പ്രതിനിധി എം.കെ ദാസന്‍, കെപിഎംഎസ് നേതാവും കുഞ്ഞുമോന്റെ സുഹൃത്തുമായ ആര്‍.എസ്.പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു