മഹാരാഷ്ട്രയിൽ കവർച്ചക്കേസ് പ്രതിയെ കൊന്നുകത്തിച്ച സംഭവത്തിൽ അഞ്ചു പോലീസുകാർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ സാംഗ്ലി സിറ്റി പോലീസ് സ്റ്റേഷനിലായിലായിരുന്നു സംഭവം. കസ്റ്റഡിയിലിരിക്കെ മരിച്ച പ്രതിയുടെ മൃതദേഹം പോലീസുകാർ തെളിവ് നശിപ്പിക്കാൻ കത്തിക്കുകയായിരുന്നു. പ്രതി കസ്റ്റഡിയിൽനിന്നും രക്ഷപെട്ടതായി പോലീസ് നുണക്കഥ പ്രചരിപ്പിക്കുകയും ചെയ്തു. കേസിൽ എസ്ഐ ഉൾപ്പെടെ ആറു പേരാണ് അറസ്റ്റിലായത്. പോലീസുകാരെക്കൂടാതെ മൃതദേഹം കത്തിക്കാൻ സഹായിച്ചയാളും അറസ്റ്റിലായി. ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിന്ന എൻജിനീയറെ കത്തികാട്ടി മൊബൈൽഫോണും പണവും അപഹരിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ടത്. കവർച്ചക്കേസിൽ സാംഗ്ലി ഭാരത് നഗർ സ്വദേശികളായ അനികത് അശോക് കൊത്താല (26), അമോൽ സുനിൽ ഭന്ദാരി (23) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരേയും പോലീസ് കോടതിയിൽ ഹാജരാക്കുകയും മൂന്നു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങുകയും ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച പ്രതികളെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഒരാൾ മരിച്ചത്. കൊത്താലയെ സീലിംഗ് ഫാനിൽ തലകീഴായി കെട്ടിത്തൂക്കുകയും മർദിക്കുകയും ചെയ്തു. തലയിൽ അടിയേറ്റ കൊത്താല മരിച്ചു. ഭന്ദാരിയും സംഭവത്തിനു സാക്ഷിയായി. കൊത്താലയുടെ മൃതദേഹവും ഭന്ദാരിയുമായി പോലീസുകാർ ആശുപത്രിയിലെത്തിയെങ്കിലും ഡോക്ടർ അനുകൂല റിപ്പോർട്ട് നൽകിയില്ല. ഇതോടെ ചൊവ്വാഴ്ച രാവിലെ മൃതദേഹവുമായി പോലീസുകാർ അംബാഗഡിലെത്തുകയും ഇവിടെവച്ച് തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. മൃതദേഹം ആദ്യം മണ്ണെണ്ണയൊഴിച്ചും പൂർണമായും കത്താത്തതിനെ തുടർന്ന് പെട്രോളൊഴിച്ചും കത്തിച്ചു. പിന്നീട് പ്രതികൾ രണ്ടു പേരും രക്ഷപെട്ടതായി പോലീസ് റിപ്പോർട്ട് ഉണ്ടാക്കുകയും ചെയ്തു. ഇതോടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അടുത്ത ദിവസം ഭന്ദാരിയെ താൻ പിടിച്ചതായി ഉന്നത ഉദ്യോഗസ്ഥരോട് എസ്ഐ അറിയിച്ചു. എന്നാൽ കൊത്താലയുടെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് യഥാർഥ സംഭവം പുറത്തായത്. അന്വേഷണത്തിൽ പോലീസ് കസ്റ്റഡിയിൽ കൊത്താല കൊല്ലപ്പെട്ടതായി തെളിഞ്ഞു.
കവർച്ചക്കേസ് പ്രതിയെ പോലീസുകാർ കൊന്നുകത്തിച്ചു; അഞ്ചു പോലീസുകാര് അറസ്റ്റില്; മനസാക്ഷിയെ ഞെട്ടിക്കുന്ന കൊടും ക്രൂരത
Tags: police station murder