തൃശൂര്‍: പോലീസ് അക്കാദമിയിലെ ഭക്ഷണകാര്യത്തില്‍ ആരും ഇടപെടരുതെന്ന ആഭ്യന്തരമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തിന് പുല്ലുവില. പോലീക് അക്കാദമയില്‍ സുരേഷ് രാജ് പുരോഹിത് വീണ്ടും ബീഫ് നിരോധനം നടപ്പാക്കി. കഴിഞ്ഞ ദിവസം വിലക്ക് ലംഘിച്ച് ബിഫ് വിതരണം ചെയ്തവര്‍ക്കെതിരെയും കഴിച്ചവര്ക്കെതിരെയും നടപടിയെടുക്കാനും നീക്കം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടിയ വിജയം ആഘോഷിക്കാനാണ് ഇടതു അനുകൂല പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അക്കാദമിയില്‍ ബീഫ് എത്തിച്ചത്. ഇവര്‍ അക്കാദമി കാന്റീനില്‍ ബീഫ് എത്തിക്കുകയും നൂറില്‍ അധികം ഉദ്യോഗസ്ഥര്‍ ഇത് കഴിക്കുകയും ചെയ്ത ശേഷമാണ് ഐജി വിവരം അറിയുന്നത്. ഇതറിഞ്ഞതോടെയാണ് ഐജി നടപടിയെടുക്കുമെന്ന ഭീഷണി മുഴക്കിയത്.
കഴിഞ്ഞ രണ്ടു വര്‍ഷമായി അക്കാദമിയില്‍ അപ്രഖ്യാപിത ബീഫ് നിരോധനം നിലനില്‍ക്കുന്നുവെന്ന് ഇവിടത്തെ പര്‍ച്ചേസ് രജിസ്റ്റര്‍ വ്യക്തമാക്കുന്നു. സിപിഎം നേതാവായ എംബി രാജേഷാണ് അക്കാദമിയിലെ ബീഫ്നിരോധന വാര്‍ത്ത പുറം ലോകത്തെ അറിയിച്ചത്. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം ഈ വിഷയം ചൂണ്ടികാട്ടി തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു.
കഴിഞ്ഞ ഒന്നര വര്‍ഷമായി അക്കാദമിയില്‍ ബീഫ് വിളമ്പുന്നില്ലെന്നും ആര്‍എസ്എസ് പ്രചാരണത്തിന്റെ ചുവടുപിടിച്ചാണ് തീരുമാനമെന്നും സംസ്ഥാന സര്‍ക്കാര്‍ സംഘപരിവാര്‍ അജണ്ടയ്ക്ക് കീഴടങ്ങിയതിന്റെ മറ്റൊരു ഉദാഹരണമാണിത് എന്നും അദ്ദേഹം അന്ന് ആരോപിച്ചിരുന്നു.
ഔദ്യോഗികമായി ബീഫ് നിരോധനമില്ലായെങ്കിലും അക്കാദമിയുടെ പരിസരത്ത് പോലും ബീഫ് കൊണ്ടു വരാറില്ലായെന്നു അന്ന് ചില പോലീസ് ഉദ്യോഗസ്ഥരും മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
എട്ട് കാന്റീനുകളുള്ള പോലീസ് അക്കാദമിയില്‍ ഓരോ കാന്റീനിനും വേണ്ടി പ്രത്യേകം ഭക്ഷണ കമ്മറ്റികള്‍ ഉണ്ട്. ഈ കമ്മിറ്റികള്‍ക്കാണ് ഭക്ഷണ മെനു നിര്‍ണയിക്കാനുളള ചുമതല. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ആഴ്ചയില്‍ രണ്ട് ദിവസം ചിക്കനും രണ്ട് ദിവസം ബീഫും ഉള്‍പ്പെടുത്തിയിരുന്ന മെനു ഐജി സുരേഷ് രാജ് പുരോഹിത് അക്കാദമിയുടെ ചുമതലയേറ്റ ശേഷം മാറി മറിയുകയായിരുന്നു. അദ്ദേഹം അക്കാദമിയില്‍ എത്തിയ ശേഷം ഒരിക്കല്‍ പോലും ബീഫ് കാന്റീന് പര്‍ച്ചേസ് രജിസ്റ്ററില്‍ സ്ഥാനം കണ്ടെത്തിയിട്ടില്ല.
ഈ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പാണ് വീണ്ടും ബീഫ് വിഷയം അക്കാദമിയില്‍ ചര്‍ച്ചയാകുന്നത്. മകനെ കൊണ്ട് ഔദ്യോഗിക വാഹനം ഓടിപ്പിച്ച കേസിലും, നിയന്ത്രണം ലംഘിച്ച് പോലീസ് അക്കാദമയില്‍ തന്നെ കാണാന്‍ മാതാ അമൃതാനന്ദമയിയ്ക്ക് അനുവാദം കൊടുത്ത കേസിലുമെല്ലാം ആരോപണ വിധേയനായ പുരോഹിത് തന്റെ വിലക്ക് ലംഘിച്ചു ബീഫ് കഴിച്ച പോലീസ് ഉദ്യോഗസ്ഥ വൃത്തത്തിന് എതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ്.
സുരേഷ് രാജ് പുരോഹിത് ചുമതലയേറ്റെടുത്ത ശേഷം അക്കാദമിയില്‍ ഉണ്ടായ വിവാദങ്ങള്‍ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയതിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ക്കും ഇപ്പോള്‍ അക്കാദമി പരിസരത്ത് കടുത്ത നിരോധനങ്ങള്‍ ഉണ്ട്. അക്കാദമിയില്‍ പരിശീലനത്തിന് എത്തുന്ന ജൂനിയര്‍ ട്രെയിനി ഉദ്യോഗസ്ഥരെ പീഡിപിക്കുന്നുവെന്നും പുരോഹത്തിന് എതിരെ പരാതി ഉയര്‍ന്നിട്ടുണ്ട്.
മുത്തങ്ങ സമര കാലത്ത് പൊലീസുകാരന് കൊല്ലപ്പെട്ട സമയത്ത് പൊലീസ് നടപടിക്ക് ഉത്തരവിട്ടതും അന്ന് കെഎപി (4) ക്യാംപ് കമാന്‍ഡന്റായിരുന്ന സുരേഷ് രാജ് പുരോഹിതാണ്. അന്ന് കണ്ണൂര്‍ റേഞ്ച് ഡിഐജിയായിരുന്ന ശങ്കര്‍ റെഡ്ഡിയുടെ എതിര്‍പ്പ് പോലും അവഗണിച്ചാണ് പൊലീസ് നടപടിക്ക് പുരോഹിത് നേതൃത്വം നല്‍കിയതെന്ന് ആരോപണമുയര്‍ന്നിരുന്നു.അന്ന് പൊലീസും വനഭൂമി കൈയേറിയ ആദിവാസി ഗോത്ര മഹാസഭ പ്രവര്‍ത്തകരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ കെഎപി പൊലീസുകാരന് അടക്കം രണ്ട് പേരാണ് കൊല്ലപ്പെട്ടത്.