പത്തനംതിട്ട: കേരളത്തില്‍ പോലീസ് മര്‍ദ്ദനങ്ങള്‍ക്കും ക്രൂരതകള്‍ക്കും ഒട്ടും കുറവില്ലെന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് ഇപ്പോഴും പുറത്ത് വരുന്നത്. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചവശനാക്കി. പത്തനംതിട്ട റാന്നിയിലാണ് സംഭവം. പരാതിയില്‍ പൊലീസുകാര്‍ക്കെതിരേ സ്വമേധയാ കേസെടുത്ത കോടതി പ്രതിക്കു വേണ്ടി കേസ് നടത്താന്‍ അഭിഭാഷകനേയും അനുവദിച്ചു. കേസ് ഫയലില്‍ സ്വീകരിച്ച് പ്രതികള്‍ക്കെതിരെ സമന്‍സ് അയക്കാനും ഉത്തരവിട്ടു.
റാന്നി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റാന്നി സിഐ നുമാന്‍, എസ്ഐ ശ്രീജിത്ത്, ഷാഡോ പൊലീസിലെ ബിജു മാത്യു, സിപിഒ മാരായ ഷെമീര്‍ ഷെമീന്‍, മാത്യു എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവായത്. വയലത്തല മണ്ണില്‍ മേമുറിയില്‍ ഗോപിയുടെ മകന്‍ വിജയന്റെ(25) മൊഴിയുടെ അടിസ്ഥാനത്തിലാണ് മജിസ്ട്രേറ്റ് എ. സമീര്‍ കേസ് എടുത്തത്. പൊലീസ് ആവശ്യപ്പെട്ട പ്രകാരം ഡിസംബര്‍ 14ന് വിജയന്‍ സ്വമേധയാ സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു.
പിറ്റേ ദിവസവും വിജയന്‍ വീട്ടില്‍ മടങ്ങിയെത്താതിരുന്നപ്പോള്‍ ഭാര്യ പ്രീത, ഭാര്യാ മാതാവ്, സഹോദരി, സഹോദരീ ഭര്‍ത്താവ് മനോഹരന്‍ എന്നിവര്‍ വിജയനെ അന്വേഷിച്ച് സ്റ്റേഷനില്‍ ചെന്നു. വിജയനെ തെളിവെടുപ്പിനു കൊണ്ടു പോയതാണെന്ന് പൊലീസ് അറിയിച്ചു. ഉച്ചയോടെ വിജയനെ തിരിച്ചു കൊണ്ടു വന്നു. ഈ സമയം ഇയാളുടെ കണ്ണു ചുവന്നും മുഖം നീരു വച്ചും കിടക്കുകയായിരുന്നുവത്രേ. വിജയന്‍ കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ വാങ്ങി നല്‍കുന്നത് എസ്ഐ തടഞ്ഞു. മറ്റൊരു കേസില്‍ ഉള്‍പ്പെട്ടുവെന്ന് പറഞ്ഞ് അളിയന്‍ മനോഹരനെ സ്റ്റേഷനില്‍ പിടിച്ചിരുത്തുകയും ചെയ്തു.
16 ന് രാത്രി പത്തിനാണ് വിജയനെ റാന്നി മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്. അപ്പോള്‍ തന്നെ ഇയാള്‍ തനിക്ക് കസ്റ്റഡിയില്‍ നേരിടേണ്ടി വന്ന പീഡനം അറിയിച്ചിരുന്നു. ഇതിന് പ്രതികാരമെന്നോണം, കോടതി റിമാന്‍ഡ് ചെയ്ത വിജയനെ സബ് ജയിലിലേക്ക് കൊണ്ടു പോകാതെ വീണ്ടും സ്റ്റേഷനില്‍ എത്തിച്ച് ഭീകരമായി മര്‍ദ്ദിച്ചതായാണ് പരാതി. ഇതിന് സ്റ്റേഷനിലുണ്ടായിരുന്ന മനോഹരന്‍ സാക്ഷിയാണ്. പിന്നീട് പത്തനംതിട്ട സബ് ജയിലില്‍ പ്രതിയെ എത്തിച്ചത് രാത്രി 11.55 നാണ്.
റിമാന്‍ഡ് കാലാവധിക്കു ശേഷം വീണ്ടും റാന്നി കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് വിജയന്‍ തനിക്കു നേരിട്ട പീഡനത്തെപ്പറ്റി മജിസ്ട്രേറ്റിനോടു പറഞ്ഞത്. ഇയാള്‍ക്കു നിയമസഹായം ആവശ്യമുണ്ടെന്ന് പറഞ്ഞതനുസരിച്ച് കഴിഞ്ഞ ഒമ്പതിന് അഭിഭാഷകനായ ടിഎസ് സജിയെ കോടതി ചുമതല ഏല്‍പ്പിക്കുകയായിരുന്നു. 13ന് കേസുമായി ബന്ധപ്പെട്ട സാക്ഷികളെ കോടതിയില്‍ വരുത്തി മൊഴി സ്വീകരിച്ചു. ഇതിനെ തുടര്‍ന്നാണ് കേസ് ഫയലില്‍ സ്വീകരിച്ച് പ്രതികള്‍ക്കെതിരെ സമന്‍സ് അയയ്ക്കാന്‍ തീരുമാനമായത്. വിജയന്റെ ഭാര്യ പ്രീത, സഹോദരീ ഭര്‍ത്താവ് മനോഹരന്‍, റാന്നി കോടതിയിലേയും പത്തനംതിട്ട സബ് ജയിലിലേയും ജീവനക്കാര്‍ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.