കൊച്ചി:യുവനടി നടി ആക്രമണത്തിനിരയായ ദിവസം മുതല്‍ പ്രശ്നത്തില്‍ സജീവമായി ഇടപ്പെട്ടയാളാണു തൃക്കാക്കര എംഎല്‍എയായ പി.ടി. തോമസ്. സംഭവത്തില്‍ പി.ടി. തോമസ് എംഎല്‍എയുടെ മൊഴി ഇന്നു രേഖപ്പെടുത്തും. മൊഴിയെടുക്കാനായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു സ്പീക്കറുടെ അനുമതി കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ഇന്നു കൊച്ചിയിലെത്തി മൊഴി നല്‍കുമെന്നു പി.ടി. തോമസ് പറഞ്ഞു. സംഭവദിവസം രാത്രി നടനും സംവിധായകനുമായ ലാലിന്‍റെ വീട്ടില്‍ ആക്രമിക്കപ്പെട്ട നടി അഭയം തേടിയപ്പോള്‍ ആദ്യം അവിടെയെത്തിച്ചേര്‍ന്നവരില്‍ ഒരാളുമാണ് അദ്ദേഹം. നിയമസഭയില്‍ ഈ വിഷയം ഉന്നയിക്കുകയും സമഗ്രാന്വേഷണം ആവശ്യപ്പെട്ടു കൊച്ചിയില്‍ സത്യഗ്രഹം നടത്തുകയും ചെയ്തു. കേസില്‍ സിബിഐ അന്വേഷണം വേണമെന്നും പി.ടി. തോമസ് ആവശ്യപ്പെട്ടിരുന്നു. കേസില്‍ പി.ടി. തോമസിന് അറിയുന്ന കാര്യങ്ങളെല്ലാം ചോദിച്ചറിയുകയാണ് അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം.നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ അന്വേഷണത്തെപ്പറ്റി ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും എതെങ്കിലും സാഹചര്യത്തില്‍ വഴിതെറ്റി പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ സിബിഐ അന്വേഷണം വേണമെന്ന മുന്‍നിലപാട് ആവര്‍ത്തിക്കുമെന്നും പി.ടി. തോമസ് പറഞ്ഞു.
നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ റിമാന്‍ഡിലുള്ള നടന്‍ ദിലീപിന്‍റെ അടുത്ത സുഹൃത്താണ് ആലുവ എംഎല്‍എയായ അന്‍വര്‍ സാദത്ത്. സംഭവത്തിനു മുന്‍പും പിന്‍പും ദിലീപും അന്‍വര്‍ സാദത്തും തമ്മില്‍ നിരവധിത്തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി നേരത്തെ കൊല്ലം എംഎല്‍എ മുകേഷിന്‍റെ ഡ്രൈവറായി ജോലി ചെയ്തിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് അവരില്‍നിന്നു മൊഴിയെടുത്തത്.എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, മുകേഷ് എന്നിവരുടെ മൊഴി തിരുവനന്തപുരത്ത് എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍ വച്ചു പോലീസ് സംഘം രേഖപ്പെടുത്തിയിരുന്നു. അനുമതിയില്ലാതെ ഇരുവരുടെയും മൊഴി എടുത്തതില്‍ സ്പീക്കര്‍ അതൃപ്തി അറിയിച്ചതിനെത്തുടര്‍ന്നു പി.ടി. തോമസിന്‍റെ മൊഴിയെടുക്കുന്നത് നീട്ടിവയ്ക്കുകയായിരുന്നു.