സ്‌പോട്‌സ് ഡെസ്‌ക്
പാരിസ്: സ്വിറ്റ്‌സർലൻഡിന്റെ ചുവപ്പൻ പടയോട്ടത്തിനു പോളണ്ടിന്റെ റെഡ് കാർഡ്..! പെനാലിറ്റി ഷൂട്ട് ഔട്ടിൽ സ്വിസിന്റെ കണ്ണീർ വീഴ്ത്തി പോളണ്ട് യൂറോകപ്പിന്റെ അവസാന എട്ടിൽ ഇടംപിടിച്ചു. നിശ്ചിത സമയത്തും അധികസമയക്കളിയിലും ഓരോ ഗോളിന്റെ ബലത്തിൽ പിടിച്ചു നിന്ന സ്വിസ് പടയാളികൾ രണ്ടാം കിക്ക് പാഴാക്കിയാണ് യൂറോയ്ക്കു പുറത്തേയ്ക്കു തെറിച്ചത്. ഫ്രാൻസിനെയും റൊമേിയയെയും സമനിലയിൽ തളച്ച് പ്രീക്വാർട്ടറിനു യോഗ്യത നേടിയ സ്വിസ് പടയാളികളെ കൈമെയ് മറന്നു പോരാടിയാണ് പോളണ്ട് പ്രീ ക്വാർട്ടറിൽ വീഴ്ത്തിയത്.
ആദ്യം മുതൽ തന്നെ ഇരു ടീമുകളുടെയും ഗോൾ മുഖം മുന്നേറ്റക്കാരുടെ ആക്രമണത്തിൽ വിറകൊണ്ടു കോണ്ടു തന്നെയിരുന്നു. കളിയിൽ അൽപം മുൻതൂക്കം കിട്ടിയ പോളണ്ട് 39-ാം മിനിറ്റിൽ ബ്ലാസ്‌കെകൊവാസ്‌കിയിലൂടെ കളിയിൻ മൂൻതൂക്കം പിടിച്ചു. സെയ്റ്റ് എന്റിനിയിലെ സ്റ്റാഫോർഡ് ജിയോഫ്രീ സ്റ്റേഡിയത്തെ വിറകൊള്ളിച്ച പോരാട്ടമാണ് പിന്നീട് കളത്തിൽ കാണാനായത്. ഓരോ നിമഷവും ഇരു ഗോൾ മുഖങ്ങളും വിറകൊണ്ടു. ഒട്ടും വിട്ടു കൊടുക്കാതെ ഇരു ടീമുകളും ഗോൾ മുഖത്ത് ആക്രമണ മുഹൂർത്തങ്ങൾ സൃഷ്ടിച്ചതോടെ കളി എങ്ങോട്ടും തിരിയാം എന്ന സാഹചര്യമായി.
സ്വിസ് പടയാളികൾ 29 തവണ പോളണ്ട് പോസ്റ്റിനെ ലക്ഷ്യം വച്ചപ്പോൾ, 21 തവണയാണ് പോളണ്ട് തിരികെ ഷോട്ടുതിർത്തത്. പോളണ്ടിന്റെ ഗോൾ അഞ്ചു ഗോൾ ശ്രമങ്ങൾ ഗോളി തടഞ്ഞിട്ടപ്പോൾ, സ്വിസിന്റെ ഏഴെണ്ണമാണ് പോസ്റ്റിനു മുന്നിൽ അവസാനിച്ചത്. ഒടുവിൽ 89 -ാം മിനിറ്റിൽ സ്വിസ് സൂപ്പർ താരം ഷാക്കിരിയിലൂടെ തന്നെ അവർ സമനില പിടിച്ചു. വിജയം ഉറപ്പിച്ചെന്നുള്ള പോളണ്ട് താരങ്ങളുടെ അമിത ആത്മവിശ്വാസത്തിനു മുകളിലാണ് സ്വിസ് ഗോൾ വീണത്. പിന്നെ, ചടങ്ങ് തീർത്ത 30 മിനിറ്റിനു ശേഷം നേരെ പെനാലിറ്റിയിലേയ്ക്ക്. രണ്ടാം കിക്കെടുത്ത സാക്കയ്ക്കു പിഴച്ചതോടെ സ്വിസിന്റെ വിധി കുറിക്കപ്പെട്ടിരുന്നു. അഞ്ചു കിക്കുകളും വലയിലെത്തിച്ച പോളണ്ട് വിജയിച്ചു കയറി.