![](https://dailyindianherald.com/wp-content/uploads/2023/07/polish.jpg)
റാഞ്ചി: ഇന്‍സ്റ്റാഗ്രാം വഴി പ്രണയം, പോളണ്ടില്‍ നിന്നുള്ള യുവതി ഇന്ത്യയിലേക്ക് വന്നുവെന്നാണ് റിപ്പോര്‍ട്ട്. വാര്‍ത്ത വന്ന് രണ്ട് ദിവസങ്ങളായെങ്കിലും ഏതാനും മണിക്കൂറുകള്‍ മുന്‍പാണ് ഇവരുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. 49കാരിയും ഒരു പെണ്‍കുട്ടിയുടെ അമ്മയുമായ ബാര്‍ബറ പോളക്കാണ് ജാര്‍ഖണ്ഡിലെ ഹസരിബാഗില്‍ നിന്നുള്ള ഷദാബ് മാലിക്ക് എന്ന 35കാരനെ തേടി ഇന്ത്യയിലെത്തിയത്. 2021ല്‍ ഇന്‍സ്റ്റാഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്.
പോളണ്ടില്‍ കണ്‍ട്രക്ഷന്‍ കമ്പനി ഉടമയാണ് ബാര്‍ബറ, ഐടി മേഖലയില്‍ ജോലി ചെയ്യുകയായിരുന്ന ഷദാബിന് കോവിഡ് കാലത്തെ കൂട്ടപ്പിരിച്ചുവിടല്‍ മൂലം ജോലി നഷ്ടമായിരുന്നു. അക്കാലത്തുള്‍പ്പടെ ബാര്‍ബറ ഷദാബിനെ സാമ്പത്തികമായി സഹായിച്ചു.
ബാര്‍ബറയും ഷദാബും തമ്മിലുള്ള പ്രണയം കോവിഡ് കാലത്താണ് ശക്തമായത്. ബാര്‍ബറ വിവാഹമോചിതയാണ്. 2027 വരെ കാലാവധിയുള്ള വിസയുമായിട്ടാണ് ബാര്‍ബറ ഇന്ത്യയില്‍ വന്നിരിക്കുന്നത്.
വിവാഹ ശേഷം ഷബാദിനെ പോളണ്ടിലേക്ക് കൂടെ കൊണ്ടു പോകാനാണ് ബാര്‍ബറ തീരുമാനിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. മുന്‍പൊരിക്കല്‍ പോളണ്ടിലേക്ക് വരാന്‍ ബാര്‍ബറ വിസ നല്‍കിയെങ്കിലും നിയമകുരുക്കുകള്‍ കാരണം ഷദാബിന് പോകാന്‍ സാധിച്ചിരുന്നില്ല.
ഇപ്പോള്‍ ഇന്ത്യയില്‍ വെച്ച് വിവാഹം നടത്താനുള്ള ശ്രമത്തിലാണ് ഇരുവരും ഇതിനുള്ള നിയമപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ഹസരിബാഗ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് മുന്‍പാകെ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ് ഇരുവരും.
താല്‍ക്കാലികമായി ഒരു ഹോട്ടലിലാണ് ബാര്‍ബറയും മകളും താമസിക്കുന്നത്. സമൂഹ മാധ്യമത്തില്‍ ഇവരുടെ ചിത്രങ്ങള്‍ വന്നതിന് പിന്നാലെ ആശംസകളറിയിച്ച് ഒട്ടേറെ കമന്റുകള്‍ വന്നിരുന്നു.
ഇന്ത്യക്കാരനായ യുവാവിനെ വിവാഹം കഴിക്കാന്‍ അതിര്‍ത്തി കടന്നെത്തിയ സീമ ഹൈദര്‍ എന്ന പാകിസ്ഥാന്‍ വനിതയുടേയും പാക് യുവാവിനെ ജീവിതപങ്കാളിയാക്കാന്‍ പുറപ്പെട്ട ഇന്ത്യക്കാരി അഞ്ജുവിന്റെയും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ സമാനമായ മറ്റൊരു പ്രണയകഥ കൂടി പുറത്ത് വരികയാണ്.