കൊച്ചി : ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിനുശേഷവും കേരളത്തില്‍ വന്‍തോതില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നതായി പോലീസ് കണക്കുകള്‍. ടിപി വധത്തോടെ കേരളത്തില്‍ രാഷ്രീയ കൊലപാതകങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. തുടര്‍ന്നും കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് യാതൊരു കുറവുമില്ലെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
2005 മുതല്‍ 2016 വരെ സംസ്ഥാനത്തൊട്ടാകെ നടന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ 104 പേര്‍ കൊല്ലപ്പെട്ടതായാണ് രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇതില്‍ പത്തോളം കേസുകളില്‍ കുറ്റപത്രം നല്‍കിയട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നെടുംകണ്ടം അനീഷ് രാജന്‍, പാറശാല ഷജിന്‍ ഷാഹുല്‍, വെള്ളറട നാരായണന്‍ നായര്‍, പയ്യന്നൂര്‍ വിനോദ് കുമാര്‍, കതിരൂര്‍ മനോജ്, തളിപ്പറമ്പ് കെ.കെ. രാജന്‍, കണ്ണവം ഒനിയന്‍ പ്രേമന്‍, കൊളവല്ലൂര്‍ വിനോദന്‍, അമ്പലത്തറ നാരായണന്‍, തളിപ്പറമ്പ് മുഹമ്മദ് കുഞ്ഞി എന്നിവര്‍ കൊല്ലപ്പെട്ട കേസുകളിലാണ് കുറ്റംപത്രം സമര്‍പ്പിക്കാത്തത്.
ഇതില്‍ മൂന്നു കേസുകളില്‍ പ്രതികളെ പിടികൂടാനായിട്ടില്ല. കതിരൂര്‍, കണ്ണവം, കളവല്ലൂര്‍ എന്നീ മൂന്നു കേസുകളില്‍ പ്രതികള്‍ക്കെതിരേ യു.എ.പി.എ. ചുമത്തിയിട്ടുണ്ട്.
പത്തുവര്‍ഷത്തിനിടെ കൊല്ലപ്പെട്ട 51 പേര്‍ സി.പി.എമ്മുകാരോ പാര്‍ട്ടിയുടെ പോഷക സംഘടനകളില്‍ പെട്ടവരോ ആണ്. 34 പേര്‍ ആര്‍.എസ്.എസ് ബി.ജെ.പി. അനുബന്ധ സംഘടനകളില്‍ പെട്ടവരാണ്. സി.പി.എം. പങ്ക് ആരോപിക്കപ്പെടുന്ന 45 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നപ്പോള്‍ ബി.ജെ.പിക്കാര്‍ പ്രതിസ്ഥാനത്തുള്ളത് 38 കേസുകളിലാണ്. ഇതില്‍ 42 കൊലപാതകങ്ങളും നടന്നതു കണ്ണൂര്‍ ജില്ലയിലാണ്. നിലവില്‍ സംഘടനകള്‍ക്കു പുറത്തുനിന്നുള്ള അക്രമി സംഘങ്ങളെയാണ് രാഷ്ട്രീയ കൊലപാതകത്തിന് ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്ത് നടന്നത് 5,504 രാഷ്ട്രീയ സംഘട്ടനങ്ങളാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇതില്‍ 6,021 പേര്‍ക്കു പരുക്കേറ്റു. ഇക്കാലയളവില്‍ വിവിധ രാഷ്ട്രീയ സമരങ്ങള്‍ക്കിടെ 4,73,593 പേര്‍ക്കെതിരേ കേസ് എടുത്തിട്ടുണ്ട്.കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്ത് 1,686 കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.