കാസര്‍കോട്/തൃശൂര്‍: സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലും തൃശൂര്‍ ജില്ലയിലെ പുതുക്കാട് മണ്ഡലത്തിലും ശനിയാഴ്ച ഹര്‍ത്താല്‍. കാസര്‍കോട് സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് എല്‍.ഡി.എഫ് ഹര്‍ത്താല്‍. ജില്ലാടിസ്ഥാനത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ്. ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് തൃശൂര്‍ ജില്ലയിലെ പുതുക്കാടും കൊടകര പഞ്ചായത്തിലും ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
വെള്ളിയാഴ്ച ഉച്ചക്കുശേഷം മൂന്ന് മണിയോടെയാണ് കാസര്‍കോട് ജില്ലയിലെ കായക്കുന്നില്‍ വെച്ച് സി.പി.എം പ്രവര്‍ത്തകനായ സി. നാരായണന്‍ (45) കുത്തേറ്റ് മരിച്ചത്. ബൈക്കിലെ ത്തിയ മൂന്നംഗ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ നാരായണന്‍ മരിച്ചു. ആക്രമണത്തില്‍ നാരായണന്‍െറ സഹോജരന്‍ സി. അരവിന്ദന് ഗുരുതരമായി പരിക്കേറ്റിരുന്നു. അരവിന്ദനെ മംഗലാപുരത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോടോംബേളൂര്‍ സ്വദേശികളാണ് ഇരുവരും. ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് സി.പി.എം ആരോപിച്ചിരുന്നു.
വെള്ളിയാഴ്ച വൈകീട്ടോടെ തൃശൂര്‍ വെള്ളിക്കുളങ്ങറയില്‍ വെച്ചാണ് അഭിലാഷ് എന്ന ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റത്. സുഹൃത്തിനൊപ്പം ബൈക്കില്‍ പോവുമ്പോഴായിരുന്നു ആക്രമണം. ബൈക്കോടിച്ചിരുന്ന സുഹൃത്ത് സതീശിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് ബി.ജെ.പി ആരോപിച്ചു.