
പയ്യന്നൂര്‍:ചെറിയൊരിടവേളയ്ക്ക് ശേഷം കണ്ണൂര്‍ വീണ്ടും അശാന്തം. സിപിഎം, ബിഎംഎസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ചു. തിങ്കളാഴ്ച രാത്രിയാണ് കൊലപാതകമുണ്ടായത്. കുന്നരു കാരന്താട്ട് സിപിഎം പ്രവര്‍ത്തകനായ സി. വി ധനരാജ്, ബിഎംഎസ് പ്രവര്‍ത്തകന്‍ അന്നൂര്‍ സ്വദേശി സി.കെ രാമചന്ദ്രന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.കുന്നരുവില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ അന്നൂരില്‍ ബിജെപി പ്രവര്‍ത്തകനും വെട്ടേറ്റു മരിച്ചു. ഇതോടെ പയ്യന്നൂരിലും പരിസരങ്ങളിലും സംഘര്‍ഷത്തിന്റെ നിഴലിലായി. ഇന്നലെ രാത്രി 10.30 ഓടെ കുന്നരു കാരന്താടുവച്ചാണു സിപിഎം പ്രവര്‍ത്തകനായ സി.വി.ധനരാജിനെ മൂന്നു ബൈക്കുകളിലായെത്തിയ ഒമ്പതംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ജോലി സ്ഥലത്തുനിന്നും വീട്ടിലേക്കുള്ള യാത്രക്കിടയില്‍ തന്നെ പിന്തുടര്‍ന്നു വന്ന അക്രമിസംഘം ധനരാജിനെ വീട്ടുമുറ്റത്തു തടഞ്ഞുനിര്‍ത്തി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. പിന്നീട് ഇയാളെ ബലമായി വീടിന്റെ പിന്നിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. വീട്ടുകാരുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയവരെ അക്രമിസംഘം വടിവാള്‍ വീശി തിരിച്ചോടിച്ചു.
സാരമായി പരിക്കേറ്റ ധനരാജിനെ പരിസരവാസികള്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമംകണ്ടു ബോധരഹിതയായ ധനരാജിന്റെ മാതാവ് പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമിസംഘത്തിലെ രണ്ടുപേര്‍ എഴിമല ഭാഗത്തേക്ക് ഓടിയും മറ്റുള്ളവര്‍ ബൈക്കുകളിലുമായാണു രക്ഷപ്പെട്ടതെന്നു ദൃക്‌സാക്ഷികള്‍ പോലീസിനോടു പറഞ്ഞു. സംഭവമറിഞ്ഞയുടന്‍ പയ്യന്നൂര്‍ എസ്‌ഐ എ.വി.ദിനേശനും സംഘവും സ്ഥലത്തെത്തി. തൊട്ടുപിന്നാലെ ഐജി ദിനേന്ദ്ര കശ്യപ്, ഡിവൈഎസ്പി അരവിന്ദാക്ഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിനു തൊട്ടുപിന്നാലെ 12.30 ഓടെയാണ് അന്നൂര്‍ പടിഞ്ഞാറേക്കരയിലെ ബിജെപി-ബിഎംഎസ് പ്രവര്‍ത്തകനും പയ്യന്നൂരിലെ ഓട്ടോ ഡ്രൈവറുമായ സി.കെ.രാമചന്ദ്രനെ (50) വീട്ടില്‍ അതിക്രമിച്ചു കടറിയ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ജനലുകള്‍ അടിച്ചുതകര്‍ത്തശേഷം വാതില്‍ ചവിട്ടിപ്പൊളിച്ചാണ് അക്രമിസംഘം വീട്ടിനുള്ളില്‍ കടന്ന് ഇയാളെ വെട്ടിയത്.
തടയാന്‍ ശ്രമിച്ച ഭാര്യ രജനിയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. വാഹനങ്ങളിലാണ് അക്രമിസംഘമെത്തിയതെന്നു വീട്ടുകാര്‍ പറയുന്നു. വെട്ടേറ്റ് അവശനായ ഇയാളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദേവദത്തനും ദേവാംഗനയുമാണ് മക്കള്‍. സഹോദരങ്ങള്‍: രാമകൃഷ്ണന്‍, ശാരദ, കുഞ്ഞിപാര്‍വ്വതി, പരേതയായ പത്മിനി. സംഭവങ്ങളെ തുടര്‍ന്നു പയ്യന്നൂര്‍ മേഖലയില്‍ പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഐജിയുടെ നിര്‍ദേശപ്രകാരം കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ സിഐമാരുള്‍പ്പെടുന്ന വന്‍ പോലീസ് സന്നാഹമാണു പയ്യന്നൂരിലെത്തിയിരിക്കുന്നത്.
സി.വി.ധനരാജിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കിലും തുടര്‍ന്നു കുന്നരു കാരന്താട് ഷേണായി മന്ദിരത്തിലും പൊതുദര്‍ശനത്തിനുവയ്ക്കും. ഉച്ചകഴിഞ്ഞു രണ്ടോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിക്കും. സിപിഎം പ്രവര്‍ത്തകനും മുന്‍ ഡിവൈഎഫ്‌ഐ കുന്നരു വില്ലേജ് സെക്രട്ടറിയുമായ ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചു പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ സിപിഎം ആഹ്വാനപ്രകാരം ആചരിക്കുന്ന ഹര്‍ത്താല്‍ പൂര്‍ണമാണ്.
കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. രാവിലെ കണ്ണൂര്‍, കാസര്‍ഗോഡ് ഭാഗങ്ങളിലേക്കുള്ള ബസുകള്‍ സര്‍വീസ് നടത്തിയെങ്കിലും മറ്റു പലഭാഗങ്ങളിലേക്കും ബസുകള്‍ ഓടിയില്ല. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പയ്യന്നൂരിന്റെ പരിസരങ്ങളിലായി രണ്ടു കൊലപാതകങ്ങള്‍ നടന്ന വിവരമറിഞ്ഞു ജനങ്ങള്‍ ഭീതിയിലായിരിക്കുകയാണ്.