കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടം ഉള്‍പ്പെടുന്ന സ്ഥലത്താണ് 48 മണിക്കൂറിനുള്ളില്‍ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറിയത്.ഇന്നുനടന്ന രാഷ്ട്രീയ പ്രതികാരത്തില്‍ കൊല്ലപ്പെട്ടത് അച്ഛനും മകനും .മുഖ്യമന്ത്രി പിണറായിയെന്‍ മലയാളികള്‍ക്ക് കൂടുതല്‍ പരിചിതമാകുന്നത് കേരളം കണ്ട ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവും മുഖ്യമന്ത്രിയുമായ വിജയന്റെ പേരിലാണ്. 2002ല്‍ യാത്രകാരുമായി ബസ് ഡ്രൈവ് ചെയ്യവെ ഒരുസംഘം സിപിഐ(എം) പ്രവര്‍ത്തകര്‍ ബസ്സില്‍ കയറി കൊല ചെയ്ത ചാവശ്ശേരിയിലെ ഉത്തമന്റെ മകനാണ് ഇന്ന് പിണറായില്‍ വച്ച് കൊല്ലപ്പെട്ട രമിത്ത്. രമിത്തിന്റെ മാതാവിന്റെ വീട് പിണറായിയിലാണ്. ഉത്തമന്‍ മരിച്ച ശേഷം താമസം പിണറായിയിലാണ്. രാവിലെ ഓലയമ്പലത്തെ പെട്രോള്‍ പമ്പിനടുത്തെ ബസ്സ്‌റ്റോപ്പില്‍ ബസ്സ് കാത്ത് നില്‍ക്കവെയാണ് ഒരു സംഘം ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ രമിത്ത് അരമണിക്കൂറോളം റോഡില്‍ കിടന്നു. ആരും തിരിഞ്ഞു നോക്കാതെ കിടന്നതോടെയാണ് ജീവന്‍ പൊലിഞ്ഞത്.എതിരാളികളുടെ പാര്‍ട്ടി ഗ്രാമമാണിത്. അതുകൊണ്ട് തന്നെയാണ് അധികമാരും രമിത്തിനെ സഹായിക്കാന്‍ എത്താത്തതും. ഒടുവില്‍ എക്‌സൈസ് ജീവനക്കാരാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മുമ്പ് ബസ് ഡ്രൈവറായിരുന്ന ഉത്തമനെ ബസ് ഓടിക്കുന്നതിനിടെയാണ് ഒരു സംഘം ആളുകള്‍ വെട്ടിക്കൊലപ്പെടുത്തിയത്. തലശേരിയില്‍ നിന്ന് ഇരിട്ടിയിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന ബസിന് നേരെ ബോംബെറിഞ്ഞ ശേഷമായിരുന്ന കൊല നടത്തിയത്.
കണ്ണൂരില്‍ സിപിഎമ്മിലെ പാര്‍ട്ടി ഗ്രാമമെന്ന വിധത്തില്‍ അറിയപ്പെടുന്ന നാട്ടില്‍ നിന്നാണ് ഇന്ന് രാഷ്ട്രീയ പകയാല്‍ കൊലപാതകങ്ങള്‍ നടക്കുന്ന ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നും കുരുതിക്കളമായിരുന്ന കണ്ണൂരില്‍ സിപിഐ(എം) അധികാരത്തില്‍ എത്തിയതു മുതല്‍ സംഘര്‍ഷഭൂമി ആയിരുന്നു. ബിജെപി-സിപിഐ(എം) സംഘട്ടനവും രാഷ്ട്രീയ കൊലപാതകവും സ്ഥിരമായി അരങ്ങേറുന്ന നാടിനെ പുറം ജില്ലക്കാര്‍ പോലും ഭീതിയോടെ നോക്കിക്കാണേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.രാഷ്ട്രീയ പ്രതികാരത്തില്‍ 14 വര്‍ഷത്തെ ഇടവേളയില്‍ അച്ഛനും മകനും കൊല ചെയ്യപ്പെട്ടു എന്ന കാര്യം പരിഗണിക്കുമ്പോഴാണ് ഇവിടുത്തെ കൊലപാതക രാഷ്ട്രീയത്തിന്റെ ഭീകരത എത്രത്തോളമുണ്ടെന്ന് വ്യക്തമാകുക.
തലശേരി മേഖലയില്‍ ബിജെപി-സിപിഐഎം സംഘര്‍ഷം ശക്തമായ സമയത്താണ് അന്ന് കൊലപാതകം നടന്നതും. ഉത്തമന്റെ കൊലപാതകത്തെ തുടര്‍ന്ന് ചാവശ്ശേരി – ഉളിയില്‍ – തില്ലങ്കേരി മേഖലകളില്‍ തുടര്‍ആക്രമണങ്ങളുമുണ്ടായി. ഉത്തമന്റെ സംസ്‌കാര ചടങ്ങിന് നേരെയും അന്ന് ആക്രമണമുണ്ടാിയ. രമിത്തിന്റെ അച്ഛന്‍ ഉത്തമന്റെ മൃതദേഹം സംസ്‌ക്കാരത്തിന് കൊണ്ട് പോകുമ്പോള്‍ അനുഗമിച്ച ജീപ്പിന് നേരെ ചിലര്‍ ബോംബെറിയുകയായിരുന്നു. അന്ന് ജീപ്പ് യാത്രക്കാരിയായ അമ്മുഅമ്മയും ഡ്രൈവര്‍ ഷെഫീക്കും കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ഏറ്റവും ദുഃഖകരമായ കാര്യം യാതൊരു രാഷ്ട്രീയ ബന്ധവും ഇല്ലാത്ത ഹതഭാഗ്യരായിരുന്നു കൊല്ലപ്പെട്ടവര്‍ എന്നതായിരുന്നു.
ഉത്തമന്‍ വധക്കേസില്‍ പിന്നീട് പൊലീസ് അന്വേഷണം നടന്നെങ്കിലും പതിവുപോലെ കേസ് എങ്ങുമെത്തിയില്ല. രാഷ്ട്രീയവിരോധം കാരണം പ്രതികള്‍ ഉത്തമനെ കൊലപ്പെടുത്തി എന്നായിരുന്നു കേസിലുണ്ടായിരുന്നത് 22 പ്രതികളായിരുന്നു. എന്നാല്‍ വിചാരണാ വേളയില്‍ തന്നെ പ്രതികളെ വെറുതേവിട്ടു. ക്രിമിനല്‍ നടപടി ചട്ടം 232 വകുപ്പ് പ്രകാരം 17 പ്രതികളെ വിചാരണവേളയില്‍ തന്നെ തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിടുകയായിരുന്നു. സിപിഐഎം ജില്ലാ കമ്മിറ്റിയംഗം കെ ശ്രീധരന്‍, ഇരിട്ടി ഏരിയാ കമ്മിറ്റിയംഗം പിപി ഉസ്മാന്‍ എന്നിവര്‍ അടങ്ങുന്ന നേതാക്കളായിരുന്നു പ്രതിപ്പട്ടികയില്‍ നിന്നും രക്ഷപെട്ടവര്‍.
ഇടക്കാലത്തിന് ശേഷം കേരളത്തില്‍ സിപിഎമ്മും കേന്ദ്രത്തില്‍ ബിജെപിയും അധികരാത്തില്‍ എത്തിയതോടെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വീണ്ടും വ്യാപിക്കുകയാണ്. ഇങ്ങനെ മത്സരിച്ച് കൊലപാതകം അരങ്ങേറുമ്പോള്‍ നിരപരാധികളായവരാണ് കൊലക്കത്തിക്ക് ഇരയാകുന്നു എന്നതാണ് ഭീതിപ്പെടുത്തത്. കണ്ണൂര്‍ കൂത്തുപറമ്പ് പാതിരിയോട് സിപിഐഎം പ്രവര്‍ത്തകനെ തിങ്കളാഴ്‌ച്ച രാവിലെ അജ്ഞാതര്‍ വെട്ടിക്കൊന്നിരുന്നു. പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം കുഴിച്ചാലില്‍ മോഹനനാണ് കൊല്ലപ്പെട്ടത്. ആയുധങ്ങളുമായെത്തിയ സംഘം ഷാപ്പിലേക്ക് കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രക്തത്തില്‍ കുളിച്ച മോഹനന്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു.കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഐഎം ആരോപിക്കുന്നു. ഇതിന് തിരിച്ചടിയാണ് ഇന്നത്തെ ആക്രമണമെന്ന് ആരോപണമുണ്ട്. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം കണ്ണൂരില്‍ ഇതുവരെ ഏഴ് രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്.