തിരുവനന്തപുരം: ഇന്ന് ആറ്റുകാല്‍ പൊങ്കാല. കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തുചേരുന്ന ഇന്ന് ഭക്തിയോടെയും ആത്മസമര്‍പ്പണത്തോടെയും ഭക്തലക്ഷങ്ങള്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കും. ക്ഷേത്രപരിസരം കടന്ന് തലസ്ഥാനവീഥികളിലെല്ലാം പൊങ്കാല അടുപ്പുകള്‍ നിരന്നു. രാവിലെ 9.45ന് പുണ്യാഹച്ചടങ്ങുകളോടെ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. സംഹാരരുദ്രയായ ദേവി പാണ്ഡ്യരാജാവിനെ വധിക്കുന്ന ഭാഗം തോറ്റംപാട്ടുകാര്‍ പാടിക്കഴിയുമ്പോള്‍ ക്ഷേത്രതന്ത്രി തെക്കേടത്തു പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്നുള്ള ദീപം മേല്‍ശാന്തി വാമനന്‍ നമ്പൂതിരിക്കു കൈമാറും. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിനെയും പണ്ടാര അടുപ്പിനെയും അഗ്‌നി ജ്വലിപ്പിക്കുന്നതോടെ ചെണ്ടമേളം മുഴങ്ങും. 10.15 നാണ് ഈ അടുപ്പുവെട്ട് ചടങ്ങ്. ഭക്തരുടെ ലക്ഷോപലക്ഷം അടുപ്പുകളിലേക്ക് ഈ അഗ്‌നി കൈമാറിയെത്തുന്നതോടെ അനന്തപുരി യാഗശാലയാകും. ഉച്ചയ്ക്ക് രണ്ടരയ്ക്കു നൈവേദ്യം. രാത്രി 7.45 ന് കുത്തിയോട്ട വ്രതക്കാരുടെ ചൂരല്‍കുത്ത്. ഇതു പൂര്‍ത്തിയായ ശേഷം മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കു ദേവി എഴുന്നെള്ളും. നാളെ രാത്രി ഒന്‍പതിന് കാപ്പഴിച്ചു കുടിയിളക്കിയ ശേഷം കുരുതി തര്‍പ്പണത്തോടെ ഈ വര്‍ഷത്തെ ഉത്സവത്തിനു സമാപനമാകും.
ആറ്റുകാല്‍ പൊങ്കാല ഇന്ന്
Tags: attukal ponkala