തിരുവനന്തപുരം: സിപിഎം സംസ്ഥാന നേതൃത്വം വീണ്ടും പൂജാ വിവാദത്തില്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തറവാട് വീട്ടില്‍ പൂജനടത്തുന്നുവെന്ന വാര്‍ത്തകളാണ് പുതിയ വിവാദത്തിന് കാരണമാകുന്നത്. പൂജ നടത്തുന്നത് കോടിയേരിയ്ക്ക് വേണ്ടിയാണെന്ന് വാദവുമായി ബിജെപി നേതാവ് സുരേന്ദ്രനും രംഗത്തെത്തിയതോടെ കോടിയേരിയുടെ വീട്ടിലെ പൂജ കേരളരാഷ്ട്രീയത്തിലും ചര്‍ച്ചയായി. ലാവ്ലിന്‍ കേസില്‍ ഉടന്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയക്കുമെന്ന് കോടിയേരി ബാലകൃഷണനോട് വടകരയിലെ ഒരു ജോത്സ്യന്‍ ഉറപ്പു നല്‍കിയതായി സുരേന്ദ്രന്‍ ആരോപിക്കുന്നു. ഇതിന്റെ ഭാഗമായി കോടിയേരിയുടെ തറവാട്ടില്‍ നവംബര്‍ ഏഴിനും എട്ടിനും വിവിധ പൂജകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ബിജെപി ജനറല്‍ സെക്രട്ടറി പറയുന്നു.
ലാവ്ലിന്‍ കേസില്‍ വിധി പിണറായിക്ക് എതിരാകും. അപ്പോള്‍ പകരം മുഖ്യമന്ത്രിയാകാനാണ് പൂജകള്‍. പിണറായിക്ക് പകരം മുഖ്യമന്ത്രി ആയാല്‍ തലശേരിയില്‍ എം.എന്‍ ഷംസീറിനെ രാജിവയ്പ്പിച്ച് അവിടെ മത്സരിക്കാനാണ് കോടിയേരിയുടെ തീരുമാനമെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സി. പി. എം നേതാക്കള്‍ മിക്കാവാറും എല്ലാവരും തനി ഹിപ്പോക്രാറ്റുകളാണ്. പുറമെ നാസ്തികരും ഉള്ളില്‍ തനി അന്ധവിശ്വാസികളും. കടകമ്പള്ളി സരേന്ദ്രനും ജലീലും ശബരിമല ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ സജീവമാണല്ലോ. ജലീല്‍ പാര്‍ട്ടി മെമ്പറല്ലെങ്കിലും സുരേന്ദ്രന്‍ അയ്യപ്പനെ തൊഴുതു വണങ്ങിയത് എന്തിനാണെന്ന് ഏതെങ്കിലും പാര്‍ട്ടി സഖാക്കള്‍ ഒരു ബ്രാഞ്ച് കമ്മിറ്റിയിലെങ്കിലും ചോദിക്കണമെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
കോടിയേരി ബാലകൃഷ്ണന്റെ തറവാട് വീട്ടില്‍ നവംബര്‍ 7, 8 തീയ്യതികളില്‍ ദോഷപരിഹാരത്തിനായി മഹാഗണപതിഹോമവും ആവാഹനവും നടത്തുന്നുതായി നേരത്തെ ജന്മഭൂമിയും റിപ്പോര്‍ട്ട് ചെയ്തു. കോടിയേരി പപ്പന്റെ പീടികക്കു സമീപത്തെ തറവാട് വീട്ടിലാണ് രണ്ടു ദിവസങ്ങളിലായി പൂജകള്‍ നടക്കുക. ദേവപ്രശ്നത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ക്കുള്ള പരിഹാര കര്‍മ്മങ്ങളാണ് നടക്കുക. പിതൃശാപമുള്ളതിനാല്‍ ആവാഹനം നടത്തി മാതാപിതാക്കളായ കുഞ്ഞിക്കുറുപ്പ്, നാരായണിയമ്മ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരെ തിരുനെല്ലി ക്ഷേത്രത്തില്‍ കുടിയിരുത്താനുമാണ് തീരുമാനം. മലബാറിലെ പ്രശസ്ത തന്ത്രി കുടുംബാംഗമാണ് പൂജകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നായിരുന്നു ജന്മഭൂമി വാര്‍ത്ത.
രാത്രിയും പകലുമായാണ് പൂജ. പൂജക്കിടെ മണിമുഴക്കം കുറക്കാനും പുറത്തുള്ളവര്‍ ഒന്നും അറിയാതെയിരിക്കാനും രഹസ്യമായാണ് ചടങ്ങുകള്‍ നടത്തുക. കോടിയേരി ബാലകൃഷ്ണന്‍ ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന പ്രമുഖ ചിട്ടിക്കമ്പനിയുടെ പിആര്‍ഒവിന് ഇതു സംബന്ധിച്ച് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ ഉദ്യോഗസ്ഥനാണ് വൈദിക കര്‍മ്മത്തിനായി നമ്പൂതിരിയെ ഏര്‍പ്പാടാക്കിയതെന്നും ജന്മഭൂമി വിശദീകരിച്ചിരുന്നു. 8ന് തിരുനെല്ലിയില്‍ സകുടുംബം സന്ദര്‍ശനം നടത്താനാണ് കോടിയേരി ബാലകൃഷ്ണന്റെ തീരുമാനം. രഹസ്യമായി ചടങ്ങുകള്‍ നടത്താനും തൊഴുത് വരാനും ക്ഷേത്രത്തില്‍ ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്. ചടങ്ങുകള്‍ നടത്തുന്ന മൂന്നു ദിവസങ്ങളില്‍ പാര്‍ട്ടി പരിപാടികള്‍ റദ്ദു ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം നമ്പൂതിരിമാരെ കാണാനും ചാര്‍ത്തു വാങ്ങാനും കുടുംബാംഗവും പരിപാടിയുടെ നടത്തിപ്പിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥനും വടകരയിലെത്തിയിരുന്നതായും ജന്മഭൂമി റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി മോഹമാണ് പൂജയ്ക്ക് കാരണമെന്ന് കെ സുരേന്ദ്രന്‍ ആരോപിക്കുന്നത്.
സുരേന്ദ്രന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
കടകമ്പള്ളി സരേന്ദ്രനും ജലീലും ശബരിമല ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ സജീവമാണല്ലോ. ജലീല്‍ പാര്‍ട്ടി മെമ്പറല്ലെങ്കിലും സരേന്ദ്രന്‍ അയ്യപ്പനെ തൊഴുതു വണങ്ങിയത് എന്തിനാണെന്ന് ഏതെങ്കിലും പാര്‍ട്ടി സഖാക്കള്‍ ഒരു ബ്രാഞ്ച് കമ്മിററിയിലെങ്കിലും ചോദിക്കേണ്ടേ?
കോടിയേരിയുടെ തറവാട്ടില്‍ നവംബര്‍ ഏഴിനും എട്ടിനും ഏഴു ബ്രാഹ്മണരുടെ കാര്‍മികത്വത്തില്‍ തിലഹോമം, ആഭിചാരദോഷപരിഹാരം, വധദുരിതശാന്തി,ബ്രാഹ്മണര്‍ക്കു കാല്‍കഴുകിച്ചൂട്ട് തുടങ്ങി പന്ത്രണ്ടോളം താന്ത്രിക വൈദിക കര്‍മ്മങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. പിതൃക്കള്‍ക്കു ശാന്തിവരുത്തി ഏതെങ്കിലും വിഷ്ണക്ഷേത്രത്തില്‍ പ്രതിമാസമര്‍പ്പണമാണ് ജ്യോതിഷവിധി. വടകരയിലുള്ള ഒരു ജ്യോത്സ്യനാണ് പരിഹാരം നിശ്ചയിച്ചു ചാര്‍ത്തു നല്‍കിയത്. ഈ വിവരം മണത്തറിഞ്ഞ ഒരു പത്രപ്രവര്‍ത്തകന്‍ വാര്‍ത്ത വെണ്ടക്കാ അക്ഷരത്തില്‍ പത്രത്തില്‍ കൊടുത്തു. അത് ഒരു ഫൗള്‍ ആയിപ്പോയി. ഏഴാംതീയതിവരെ കാത്തുനില്‍ക്കാമായിരുന്നു.
ഇതൊക്കെ ചെയ്യുന്നതിന്റെ കാരണമാണ് ഏറെ രസകരം. പിണറായിക്കു ലാവ്ലിന്‍ കേസ്സില്‍ ഉടനെ സ്ഥാനമൊഴിയേണ്ടിവരുമെന്ന് ജ്യോത്സ്യന്‍ കോടിയേരിക്കു ഉറപ്പു നല്‍കിയിരിക്കുകയാണത്രേ. മുഖ്യമന്ത്രി ആയാല്‍ ഷംസീറിനെ രാജിവയ്പിച്ച് തലശേരിയില്‍ തന്നെ മല്‍സരിക്കാണാണത്രെ ഉദ്ദേശം. അതു മുന്‍കൂട്ടി കണ്ടുകൊണ്ടാണ് തലശേരി ശൈലജടീച്ചര്‍ക്കു കൊടുക്കണമെന്ന് ജില്ലാക്കമ്മിററി ആവശ്യപ്പെട്ടിട്ടും അതു കൊടുക്കാതിരുന്നത്. സി. പി. എം നേതാക്കള്‍ മിക്കാവാറും എല്ലാവരും തനി ഹിപ്പോക്രാററുകളാണ്. പുറമെ നാസ്തികരും ഉള്ളില്‍ തനി അന്ധവിശ്വാസികളും.