തിരുവനന്തപുരം: പൂവച്ചല്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. പ്രതിപക്ഷമായ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബിജെപിയും സ്വതന്ത്ര അംഗവും പിന്തുണച്ചു. പഞ്ചായത്തില്‍ ഭരണസ്തംഭനമാണെന്നും ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്നും ആരോപിച്ചാണ് കോണ്‍ഗ്രസ് അവിശ്വാസം അവതരിപ്പിച്ചത്.
23 അംഗങ്ങളാണ് പഞ്ചായത്തിലുള്ളത്. എല്‍ഡിഎഫ്-9, യുഡിഎഫ്-7, ബിജെപി-6, സ്വതന്ത്രന്-1. ഒന്‍പതിനെതിരെ 14 വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്. ടി സനല്‍കുമാറാണ് നിലവിലെ പഞ്ചായത്ത് പ്രസിഡന്റ്. 15 ദിവസത്തിനകം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണം. ബിജെപി പിന്തുണയില്ലാതെ കോണ്‍ഗ്രസിന് അധികാരത്തില്‍ എത്താനാകില്ല. ബിജെപി പിന്തുണച്ചില്ലെങ്കില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തും.
ബിജെപിയോട് പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രമേയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് അവര്‍ പിന്തുണയ്ക്കുകയായിരുന്നെന്നും കോണ്‍ഗ്രസ് നേതാവ് അനൂപ് മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ്-ബിജെപി അവിശുദ്ധ സഖ്യമാണ് വിജയിച്ചതെന്ന് സിപിഎം നേതാക്കള്‍ പ്രതികരിച്ചു.