പൂവരണി പെൺവാണിഭം: ആറു പ്രതികൾ കുറ്റക്കാർ; ശിക്ഷവിധി വെള്ളിയാഴ്ച

സ്വന്തം ലേഖകൻ

കോട്ടയം: വിവാദമായ പൂവരണി പെൺവാണിഭക്കേസിൽ ആറു പ്രതികൾ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി. കേസിലെ ഒന്നു മുതൽ ആറു വരെ പ്രതികളായ അയർക്കുന്നം സ്വദേശി ലിസി, തീക്കോയി സ്വദേശി ജോമിനി, പൂഞ്ഞാർ സ്വദേശി ജ്യോതിഷ്, പൂഞ്ഞാർ തെക്കേക്കര സ്വദേശി തങ്കമണി, കൊല്ലം തൃക്കരുവ സ്വദേശി സതീഷ്‌കുമാർ, തൃശൂർ പറക്കാട്ട് സ്വദേശി രാഖി എന്നിവർക്കെതിരായ വിധി ഇന്ന് (27) അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഒന്ന് ജഡ്ജി കെ. ബാബു വിധിക്കും. കേസിലെ അഞ്ചു പ്രതികൾക്കെതിരെ തെളിവുകളില്ലാത്തതിനെ തുടർന്നു കോടതി വിട്ടയച്ചു. ഏഴാം പ്രതി പായിപ്പാട് സ്വദേശി ഷാൻ കെ. ദേവസ്യ, എട്ടാം പ്രതി ജോബി ജോസഫ്, ഒൻപതാം പ്രതി തിരുവനന്തപുരം വീരണകാവ് സ്വദേശി ദയാനന്ദൻ്, പതിനൊന്നാം പ്രതി കോട്ടയം രാമപുരം സ്വദേശി ബിനോ അഗസ്റ്റിൻ, പന്ത്രണ്ടാം പ്രതി കോട്ടയം വെള്ളിലാപ്പള്ളി സ്വദേശി ജോഷി എന്നിവരെയാണ് കോടതി വെറുതെവിട്ടത്. കേസിലെ 10ാം പ്രതി നെയ്യാറ്റിൻകര സ്വദേശി ഉല്ലാസ് വിസ്താരം നടക്കുന്നതിനിടെ ജീവനൊടുക്കിയിരുന്നു.
2007 ഓഗസ്റ്റ് മുതൽ 2008 ജൂലൈ വരെയുള്ള സമയത്തിനിടെ ക്രൂരപീഡനനത്തിനിരയായ പെൺകുട്ടി എയ്ഡ് ബാധിച്ചു കൊല്ലപ്പെടുകയായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ചു ആദ്യം മെഡിക്കൽ കോള്ജ ആശുപത്രിയിലും, പിന്നീട് തേനി മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിൽ കഴിഞ്ഞ പെൺകുട്ടി 2008 ജൂലൈയിലാണ് മരിച്ചത്. കേസിലെ ഒന്നാം പ്രതിയും പെൺകുട്ടിയുടെ ബന്ധുവുമായ ലിസിയാണ് പെൺകുട്ടിയെ പലർക്കായി കാഴ്ചവച്ചതെന്നാണ് പ്രോസിക്യൂഷൻ കേസ്. കേസിലെ ആറു പ്രതികൾക്കുമെതിരായ കുറ്റങ്ങൾ കോടതിക്കു ബോധ്യപ്പെട്ടതായി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.എൻ.ഗോപാലകൃഷ്ണൻ പറഞ്ഞു.
മാതാപിതാക്കളെ തെറ്റിധരിപ്പിച്ചു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിനു 366 എ വകുപ്പും, പെൺകുട്ടിയെ പണത്തിനു വേണ്ടി വിൽപന നടത്തിയതിനു 373, 372 വകുപ്പുകളും, കുറ്റകരമായ ഗൂഡാലോചനയ്ക്കു 120 ബി വകുപ്പുമാണ് പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയിരുന്നത്. പ്രസവിച്ചു കിടക്കുന്ന മകളെ പരിചരിക്കുന്നതിനെന്ന വ്യാജേനെ കേസിലെ ഒന്നാം പ്രതിയായ ലിസി പെൺകുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടു പോകുകയായിരുന്നു. തുടർന്നു ഇവർ പെൺകുട്ടിയെ പല സ്ഥലങ്ങളിൽ എത്തിച്ചു പണത്തിനു വേണ്ടി പലർക്കായി കാഴ്ച വച്ചു.
എയ്ഡ് ബാധിച്ചു പെൺകുട്ടി കൊല്ലപ്പെട്ടതോടെ ഗാന്ധിനഗറിലെ സാന്ത്വനം ഡയറക്ട്ർ ആനി ബാബുവുമായി കുട്ടിയുടെ അമ്മ ബന്ധപ്പെട്ടതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ആനി ബാബു അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനു നൽകിയ പരാതിയിൽ ചങ്ങനാശേരി സിഐ പി.ബിജോയ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തുകയായിരുന്നു. ഡിവൈഎസ്പിമായി സ്ഥാനക്കയറ്റം ലഭിച്ച ബിജോയ് സ്ഥലം മാറ്റം ലഭിച്ച് ക്രൈം ബ്രാഞ്ചിലേയ്ക്കു പോയെങ്കിലും പ്രത്യേക സർക്കാർ ഉത്തരവിലൂടെ അദ്ദേഹത്തെ തന്നെ അന്വേഷണത്തിനായി നിയോഗിക്കുകയായിരുന്നു. ഇദ്ദേഹമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചതും.
182 സാക്ഷികളുള്ള കേസിൽ 127 പേരെയാണ് കോടതി വിസ്തരിച്ചത്. ഇതിൽ പകുതിയിലധികം സാക്ഷികളും കൂറുമാറിയിരുന്നു. ചങ്ങനാശേരി കോടതിയിൽ രഹസ്യമൊഴി നൽകിയിരുന്ന കേസിലെ മൂന്നാം സാക്ഷി മണർകാട് മൂലയിൽകുന്നുംപുറം വീട്ടിൽ നാരായണൻ ഉണ്ണിയുടെ മകൾ അനശ്വര (അമ്പിളി) വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു. അമ്പിളിക്കെതിരെ കേസെടുക്കാനുള്ള നടപടികൾ പ്രോസിക്യൂഷൻ ആരംഭിച്ചിട്ടുണ്ട്. കുറ്റക്കാരാണെന്നു കണ്ടെത്തിയതിനെ തുടർന്നു പ്രതികളെ വൈദ്യ പരിശോധനയ്ക്കു ശേഷം റിമാൻഡ് ചെയ്തു.

Top