വൈദികരുടെ ലൈംഗികപീഡനക്കേസുകൾ അലംഭാവത്തോടെ കൈകാര്യം ചെയ്യുന്നുവെന്ന വിമർശനം വത്തിക്കാനുനേർക്ക് ഉയർന്നതിന്റെ അടിസ്ഥാനത്തിൽ മാർപാപ്പ പ്രതികരിക്കുകയാണ്.
കത്തോലിക്കാ വിഭാഗത്തിൽപ്പെട്ട പുരോഹിതന്മാരെ പെണ്ണുകെട്ടിക്കേണ്ട കാലം അതിക്രമിച്ചോ? ഇടവകയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ആൺകുട്ടികളെയും വൈദികർ പീഡിപ്പിച്ചെന്ന പരാതി കേട്ട് പോപ്പ് ഫ്രാൻസിസിന്റെ തലപെരുത്തിരിക്കുകയാണ്. പൂർണ തെളിവുകളോടെ എത്തിയ 2000-ത്തോളം പീഡന സംഭവങ്ങൾ വത്തിക്കാനിൽ കെട്ടിക്കിടക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇവ പരിശോധിച്ച് നടപടിയെടുക്കുന്നതിന് കൂടുതൽ ജീവനക്കാരെ നിയമിക്കാനൊരുങ്ങുകയാണ് മാർപാപ്പ.
വൈദികരിൽനിന്നുണ്ടായ പീഡനത്തെ അതിജീവിച്ച അയർലൻഡുകാരിയായ മേരി കോളിൻസ് വത്തിക്കാന്റെ ലൈംഗികാതിക്രമ കമ്മീഷനിൽനിന്ന് രാജിവെച്ചത് ഈ അലംഭാവത്തെ ചോദ്യം ചെയ്തുകൊണ്ടാണ്.
വൈദികരുടെ ലൈംഗികാതിക്രമ കേസുകൾ കൈകാര്യം ചെയ്യുന്ന കർദിനാൾ ജെറാർഡ് മ്യൂളറുടെ ഓഫീസിൽനിന്ന് വേണ്ടത്ര സഹകരണം കിട്ടുന്നില്ലെന്ന് ആരോപിച്ചാണ് മാർച്ച് ഒന്നിന് മേരി കോളിൻസ് രാജിവെച്ചത്. പീഡനം നടത്തിയ വൈദികർക്കെതിരായ സഭാനടപടികൾ സ്വീകരിക്കുന്നത് ഈ ഓഫീസാണ്. കുട്ടികളെ ഇത്തരം വൈദികരിൽനിന്ന് സംരക്ഷിക്കുന്നതിനും പീഡനത്തിനിരയായവരെ അതിജീവനത്തിന് സഹായിക്കുന്നതിനും മുന്നോട്ടുവെച്ച നിർദേശങ്ങൾ അവഗണിച്ചെന്നും കോളിൻസ് പറഞ്ഞു.
കോളിൻസിന്റെ വിമർശനം ശരിയായിരുന്നുവെന്ന് മാർപാപ്പ വ്യക്തമാക്കി. അന്വേഷണം വൈകുന്നുവെന്ന കോളിൻസിന്റെ വാദം ശരിയാണ്. പക്ഷേ, വൈദികരെ നേരായ പാതയിലൂടെ നയിക്കുകയെന്ന ലക്ഷ്യത്തിൽത്തന്നെയാണ് വത്തിക്കാനെന്നും അദ്ദേഹം പറഞ്ഞു. കോളിൻസിന്റെ മറ്റ് ആരോപണങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല. പോർച്ചുഗലിൽനിന്ന് വത്തിക്കാനിലേക്ക് മടങ്ങവെ വിമാനത്തിൽവച്ചാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് ഇക്കാര്യം വ്യക്തമാക്കിയത്.
ബാലപീഡനം നടത്തിയ ഒരു വൈദികന്റെ മാപ്പപേക്ഷ താൻ സ്വീകരിച്ചതായുള്ള വാർത്തകളെയും അദ്ദേഹം നിഷേധിച്ചു. പീഡനം നടത്തുന്നവർ യാതൊരു സഹാനുഭൂതിയും പ്രതീക്ഷിക്കേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പീഡകരായ വൈദികർക്കെതിരായ നടപടികൾ സ്വീകരി്ക്കുന്നതിന് ഫ്രാൻസിസ് മാർപാപ്പയാണ് കമ്മീഷനെ നിയോഗിച്ചത്. എന്നാൽ, കോളിൻസിന്റെ രാജി അദ്ദേഹത്തിനെിരെ കടുത്ത വിമർശനത്തിനും വഴിവെച്ചിരുന്നു.