ദൈവനിഷേധികളാകാതെ ദൈവത്തെ സ്നേഹിച്ചുകൊണ്ട് സ്വർഗപ്രാപ്തി നേടാൻ പരിശ്രമിക്കണമെന്നു ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം. ഇന്നലെ പോർച്ചുഗലിലെ ഫാത്തിമ തീർഥാടനകേന്ദ്രത്തിൽ പരിശുദ്ധ കന്യകമറിയത്തിന്‍റെ ദിവ്യദർശനം ലഭിച്ച ഇടയക്കുട്ടികളായ ഫ്രാൻസിസ്കോയെയും ജസീന്തയെയും വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തിയശേഷം ദിവ്യബലിയർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു മാർപാപ്പ.
ദൈവത്തെ നിഷേധിക്കുന്നത് നരകത്തിലേക്കു നയിക്കും. ദൈവികമല്ലാത്ത ജീവിതത്തിന്‍റെ പരിണിതഫലം എന്തായിരിക്കുമെന്നതിനെക്കുറിച്ചു പരിശുദ്ധ കന്യകമറിയം നമുക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. നമ്മിൽ ദൈവികചിന്തയുണ്ടെങ്കിൽ അതു ജീവിതത്തിന്‍റെ വ്യത്യസ്തങ്ങളായ മേഖലകളിൽ പ്രതിഫലിക്കും. മറ്റുള്ളവരോടു കരുണയും ദയയും കാട്ടാൻ ദൈവികചിന്ത നമ്മെ പ്രേരിപ്പിക്കും. വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട ഫ്രാൻസിസ്കോയെയും ജസീന്തയെയുംപോലെ നമുക്കും എളിയ മനസുകളുടെ ഉടമകളാകാം. എളിയ മനസുകളിലാണു ദൈവം വസിക്കുന്നത്. അഹംഭാവം വെടിഞ്ഞ് കരുണാർദ്രമായ ഹൃദയത്തിനുടമകളാകാം. അൾത്താരയിൽ അപ്പത്തിന്‍റെ രൂപത്തിൽ എഴുന്നള്ളുന്ന യേശു നമുക്കു മുന്നിലുണ്ട്.
ഇപ്രകാരം രോഗികളിലും ആലംബഹീനരിലും യേശുവിന്‍റെ മുഖം ദർശിച്ച് അവരോടു കരുണ കാട്ടാം. രോഗികൾ തങ്ങളുടെ വേദനകൾ ദൈവത്തിന്‍റെ ദാനമായി കരുതി പതറാതെ മുന്നേറുക. ദൈവത്തിനു തങ്ങളെത്തന്നെ സമർപ്പിക്കാൻ തയാറാണെന്ന് പരിശുദ്ധ കന്യകമറിയത്തോട് ഇടയക്കുട്ടികൾ പറഞ്ഞതുപോലെ നമുക്കും പറയാനാകണം. ചഞ്ചലചിത്തരാകാതെ സഭാജീവിതത്തിലും സഭയുടെ ദൗത്യത്തിലും പങ്കുകാരാകാം. സഭാദൗത്യത്തിൽ പങ്കുചേരുന്നത് അഭിമാനമായി കരുതണം. മാർപാപ്പ പറഞ്ഞു.
ദൈവമാതാവിനെക്കുറിച്ചു വിശുദ്ധ ഗ്രന്ഥത്തിൽ പലകുറി നാം വായിക്കുന്നുണ്ട്. “”സ്വർഗത്തിൽ ഒരു വലിയ അടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ, അവളുടെ പാദങ്ങൾക്കടിയിൽ ചന്ദ്രൻ. ശിരസിൽ പന്ത്രണ്ട് നക്ഷത്രങ്ങൾക്കൊണ്ടുള്ള കിരീടം” വെളിപാട് പുസ്തകത്തിൽ നാം ഇപ്രകാരം വായിക്കുന്നു. വീണ്ടും സുവിശേഷത്തിലൂടെ കടന്നുപോകുന്പോൾ കുരിശിൽ കിടന്നുകൊണ്ട് യോഹന്നാനോട് ഇതാ നിന്‍റെ അമ്മ എന്ന് യേശു പറയുന്നതു നാം കാണുന്നു.
പ്രിയപ്പെട്ടവരെ നമുക്കൊരു അമ്മയുണ്ട് പരിശുദ്ധ ദൈവമാതാവ്. നൂറു വർഷം മുന്പ് ഇതേദിനം ഞങ്ങൾ പരിശുദ്ധ ദൈവമാതാവിനെ കണ്ടു എന്നു ലോകത്തോടു വിളിച്ചുപറയാൻ ഇടയ കുട്ടികൾക്കായി. ഇപ്രകാരം നമുക്കും സാധിക്കണം. പരിശുദ്ധ ദൈവമാതാവിലൂടെ നമുക്കു യേശുവിലേക്കു കൂടുതൽ അടുക്കാം. അതുവഴി സ്വർഗപ്രാപ്തി നേടാം. ജീവിതത്തിന്‍റെ പ്രതിസന്ധിഘട്ടങ്ങളിൽ പരിശുദ്ധ ദൈവമാതാവിന്‍റെ മാധ്യസ്ഥ്യം നമുക്കു തേടാം. അസമാധാനത്തിലൂടെയും സംഘർഷങ്ങളിലൂടെയും ദാരിദ്ര്യത്തിലൂടെയും കടന്നുപോകുന്ന ലോകജനതയെ പരിശുദ്ധ അമ്മയുടെ തൃപ്പാദത്തിങ്കൽ സമർപ്പിച്ചു നമുക്കു പ്രാർഥിക്കാം. മാർപാപ്പ പറഞ്ഞു.