നയ്റോബി : ദൈവത്തിന്റെ പേരിലുള്ള അക്രമം അവസാനിപ്പിക്കാന്‍ മതങ്ങള്‍ തമ്മിലുള്ള ചര്‍ച്ച സുപ്രധാനമാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. മുസ്‌ലിംകളും ക്രിസ്ത്യാനികളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനാണു പ്രഥമ പരിഗണനയെന്നും ആഫ്രിക്കാ സന്ദര്‍ശനത്തിന്റെ ഭാഗമായി കെനിയയിലെത്തിയ മാര്‍പാപ്പ പറഞ്ഞു. വിഭാഗീയ, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മൂലം ദിനംപ്രതി ചോര ചിന്തപ്പെടുന്ന കെനിയ, യുഗാണ്ട, മധ്യ ആഫ്രിക്കന്‍ റിപ്പബ്ളിക് എന്നിവിടങ്ങളിലാണു മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നത്. 25 പ്രമുഖ മതനേതാക്കളുമായി കൂടിക്കാഴ്ചയ്ക്കു ശേഷമാണു മാര്‍പാപ്പ പൊതുവേദിയില്‍ ദിവ്യബലി അര്‍പ്പിച്ചത്.
മതത്തിന്റെ പേരില്‍ യുവാക്കള്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും പാത തിരഞ്ഞെടുത്ത് സമൂഹത്തില്‍ അശാന്തി നിറയ്ക്കുകയാണ്. ഇതു തടയുന്നതിനു മതങ്ങള്‍ തമ്മിലുള്ള ചര്‍ച്ച അനിവാര്യമായിരിക്കുന്നു. ദൈവത്തിന്റെ നാമം ദുരുപയോഗപ്പെടുത്തി വിദ്വേഷം പടര്‍ത്താനുള്ള ശ്രമം തടയേണ്ടിയിരിക്കുന്നു. സമാധാനത്തിന്റെയും പ്രത്യാശയുടെയും പാഠങ്ങളാണു യുവതലമുറയ്ക്കു പകര്‍ന്നുനല്‍കേണ്ടത് – മാര്‍പാപ്പ പറഞ്ഞു.മതസൗഹാര്‍ദവും സഹിഷ്ണുതയും കാലത്തിന്റെ ആവശ്യമാണെന്നു കെനിയയിലെ മുസ്‌ലിംകളുടെ സമുന്നതസമിതി അധ്യക്ഷനായ അബ്ദുല്‍ ഗഫൂര്‍ എല്‍ പുസെയ്ദി പറഞ്ഞു. അഹങ്കാരവും വിദ്വേഷവും വളര്‍ത്തുന്ന എല്ലാത്തരം ജീവിതരീതികളെയും വിശ്വാസികള്‍ പ്രതിരോധിക്കണമെന്നും നയ്റോബി സര്‍വകലാശാലാ മൈതാനത്തു നടന്ന ദിവ്യബലി മധ്യേയുള്ള സന്ദേശത്തില്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു.