സമ്മാനം കിട്ടിയ ലംബോര്‍ഗിനി ലേലത്തിന് വെച്ച് മാര്‍പ്പാപ്പ; പണം ഇറാഖിലെ ഐഎസ് ഇരകള്‍ക്ക്

ഇറ്റാലിയന്‍ സൂപ്പര്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി സമ്മാനമായി നല്കിയ ഹുറാകാന്റെ സ്‌പെഷല്‍ എഡിഷന്‍ കാര്‍ ലേലത്തിന് വെച്ച് ഫ്രാന്‍സീസ് മാര്‍പാപ്പ. ബുധനാഴ്ച തോറുമുള്ള പൊതുകൂടിക്കാഴ്ച പരിപാടിക്കു തൊട്ടുമുന്‍പ് മാര്‍പാപ്പയുടെ വസതിക്ക് മുന്നില്‍ വച്ചാണ് ലംബോര്‍ഗിനി കമ്പനിയുടെ സിഇഒ സ്റ്റേപനോ ദൊമിനിക്കാലാണ് പാപ്പയ്ക്ക് കാര്‍ സമ്മാനിച്ചത്. കാറിനെ ആശിര്‍വദിച്ചശേഷം ബോണറ്റില്‍ മാര്‍പാപ്പ തന്റെ കൈയൊപ്പ് രേഖപ്പെടുത്തി. അതിനു ശേഷം കാര്‍ ലേലത്തില്‍ വെയ്ക്കാന്‍ കൊടുക്കുയായിരുന്നു. ഐ.എസ് ആക്രമണത്തില്‍ നിരാലംബരായ ഇറാഖി ജനതയ്ക്കു വേണ്ടിയാണ് കാര്‍ ലേലം ചെയ്തു കിട്ടുന്ന തുക പ്രയോജനപ്പെടുത്തുക. നേരത്തെയും സമ്മാനമായി ലഭിച്ച നിരവധി വാഹനങ്ങള്‍ മാര്‍പാപ്പ ഇതുപോലെ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ലേലത്തിന് കൊടുത്തിട്ടുണ്ട്. വെള്ളയും സ്വര്‍ണവും കലര്‍ന്ന നിറത്തില്‍ പോപ്പിനുവേണ്ടി പ്രത്യേകമായി രൂപകല്‍പന ചെയ്ത ഈ ഹുറാകാന് മൂന്ന് കോടിയിലേറെ രൂപ വില വരും. 2018 മേയിലാണ് ലംബോര്‍ഗിനിയുടെ ലേലം നടക്കുക. ലംബോര്‍ഗിനിയുടെ ഏറ്റവും വിജയിച്ച മോഡലാണ് ഹുറാകാന്‍. 5.2 ലീറ്റര്‍, നാച്ചുറലി ആസ്പിരേറ്റഡ് വി 10 എന്‍ജിനാണ് ഈ കാറുകള്‍ക്കു കരുത്തേകുന്നത്. ‘പെര്‍ഫോമെന്റെ’ യിലെത്തുമ്പോള്‍ പരമാവധി 640 ബി എച്ച് പി കരുത്തും 600 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണു ഗീയര്‍ബോക്‌സ്.

Top