ഇസ്ലാമാബാദ്: ഫ്രാന്‍സിസ് മാര്‍പാപ്പ ഈ വര്‍ഷം തന്നെ പാകിസ്ഥാന്‍ സന്ദര്‍ശിക്കുമെന്നകാര്യം ഉറപ്പായി. പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ക്ഷണം മന്ത്രിസഭയിലെ ഏക ക്രിസ്ത്യാനിയും തുറമുഖ, ഷിപ്പിങ് മന്ത്രിയുമായ കംറാന്‍ മിഖായേലും മതകാര്യമന്ത്രി സര്‍ദാര്‍ യൂസഫും കഴിഞ്ഞ മാസം വത്തിക്കാന്‍ സന്ദര്‍ശിച്ചപ്പോഴാണു മാര്‍പാപ്പയെ അറിയിച്ചത്. ഇത് സ്വീകരിച്ചാണ് സന്ദര്‍ശനം.
അതിനിടെ പോപ്പിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ഇനിയും വ്യക്തതയില്ല. ഇന്ത്യ സന്ദര്‍ശിക്കാന്‍ പോപ്പിന് അതീവ താല്‍പ്പര്യമാണുള്ളത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം കിട്ടാതെ അതിന് കഴിയുകയുമില്ല. പാക് സന്ദര്‍ശത്തിന്റെ തുടര്‍ച്ചയായി ഇന്ത്യയിലും എത്താന്‍ മാര്‍പ്പാപ്പയ്ക്ക് താല്‍പ്പര്യമുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ക്ഷണം നല്‍കാത്തതു കൊണ്ട് മാത്രമാണ് ഇക്കാര്യത്തില്‍ ഔദ്യോഗികമായി തീരുമാനിക്കാത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇക്കാര്യം അറിയിക്കാന്‍ ക്രൈസ്തവ നേതൃത്വം ശ്രമിക്കും.
മാര്‍പ്പാപ്പയുടെ പാക് സന്ദര്‍ശനം പുതിയ നാഴിക കല്ലുകള്‍ തീര്‍ക്കും. മേഖലയില്‍ സമാധാനം കൊണ്ടുവരേണ്ടതിന്റെ പ്രസക്തിയാകും പോപ്പ് ഉയര്‍ത്തുക. തീവ്രവാദത്തിനെതിരെ ശക്തമായി തന്നെ പ്രതികരിക്കുകയും ചെയ്യും. പ്രതീക്ഷയോടെയാണ് പോപ്പിന്റെ സന്ദര്‍ശനത്തെ പാക്കിസ്ഥാനും കാണുന്നത്. ലോകരാജ്യങ്ങള്‍ക്കിടയില്‍ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ഇതിലൂടെ കഴിയുമെന്നും വിലയിരുത്തുന്നു. മതസ്വാതന്ത്ര്യത്തിന് പാക്കിസ്ഥാന്‍ നല്‍കുന്ന പ്രാധാന്യം ലോക രാജ്യങ്ങളെ അറിയിക്കാനാണ് നവാസ് ഷെരീഫ് ആഗ്രഹിക്കുന്നത്.
വിവാദമായ മതനിന്ദാ നിയമത്തില്‍ പരിഷ്‌കാരം ആവശ്യപ്പെട്ടതിന്റെ പേരില്‍ 2011ല്‍ പാക്കിസ്ഥാനില്‍ വധിക്കപ്പെട്ട ഷഹബാസ് ഭട്ടിയെ (42) വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ക്കു പാക്ക് സന്ദര്‍ശനവേളയില്‍ മാര്‍പാപ്പ തുടക്കം കുറിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. യൂസഫ് റാസാ ഗീലാനി പ്രധാനമന്ത്രിയായിരിക്കെ ന്യൂനപക്ഷകാര്യ മന്ത്രിയും മന്ത്രിസഭയിലെ അന്നത്തെ ഏക ക്രിസ്ത്യന്‍ വംശജനുമായിരുന്ന ഷഹബാസ് ഭട്ടിയെ തീവ്രവാദികള്‍ വെടിവച്ചു കൊല്ലുകയായിരുന്നു.
ഭട്ടിയുടെ വധത്തെ അപലപിക്കാന്‍ അന്ന് പാര്‍ലമെന്റ് തയാറായിരുന്നില്ലെങ്കിലും ഫാത്തിമ ചര്‍ച്ചില്‍ നടത്തിയ ഭട്ടിയുടെ സ്മാരക ശുശ്രൂഷയില്‍ പ്രധാനമന്ത്രിയും മന്ത്രിമാരും യുഎസ്, ബ്രിട്ടിഷ് നയതന്ത്രജ്ഞരും സംബന്ധിച്ചിരുന്നു. ഭട്ടിയെ സഭ വിശുദ്ധനായി പ്രഖ്യാപിക്കണമെന്നതു പാക്കിസ്ഥാനിലെ ക്രിസ്ത്യാനികളുടെ അന്നുമുതലുള്ള ആവശ്യമാണ്.