വത്തിക്കാന്‍: അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഡൊണാള്‍ഡ് ട്രംപിന് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പ്രത്യേക ആശംസാ സന്ദേശം അയച്ചു. പുതിയ ചുമതലയെ ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കുവാന്‍ ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ എന്നും പാപ്പ ട്രംപിന് അയച്ച കത്തില്‍ പറയുന്നു. മാനവരാശി ഏറെ വെല്ലുവിളികള്‍ നേരിടുന്ന സമയത്ത് ഇതിനെ അതിജീവിക്കുവാന്‍ കഴിയുന്ന തരത്തിലുള്ള തീരുമാനങ്ങള്‍ സ്വീകരിക്കുവാന്‍ പുതിയ പ്രസിഡന്റിന് സാധിക്കട്ടെ എന്നും പാപ്പ ആശംസാ കത്തിലൂടെ അറിയിക്കുന്നു.
“അമേരിക്കയുടെ നാല്‍പത്തിയഞ്ചാമത് പ്രസിഡന്റായി അധികാരമേറ്റ അങ്ങേയ്ക്ക് എല്ലാ വിധ ആശംസകളും അറിയിക്കുന്നു. അമേരിക്കന്‍ ജനതയെ ഭരിക്കുവാനുള്ള ആരോഗ്യവും ജ്ഞാനവും, വിവേകവും എല്ലാം നന്മകളും അത്യൂന്നതന്‍ അങ്ങേയ്ക്ക് നല്‍കട്ടെ എന്ന് ഞാന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുന്നു. മനുഷ്യസമൂഹം വിവിധ പ്രശ്‌നങ്ങളെ നേരിടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. രാഷ്ട്രീയപരമായി യോജിച്ചുള്ള പ്രവര്‍ത്തനങ്ങളും ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളുമാണ് നമുക്ക് ആവശ്യം”.
“താങ്കള്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളും ഉന്നത ആത്മീയ, ധാര്‍മീക മൂല്യമുള്ള അമേരിക്കന്‍ ജനതയുടെ സംസ്‌കാരത്തില്‍ നിന്നും ആയിരിക്കുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ലോകമെമ്പാടുമുള്ള അസമത്വങ്ങള്‍ക്കും അസ്വാതന്ത്ര്യങ്ങള്‍ക്കും എതിരെയുള്ള പോരാട്ടങ്ങളില്‍ താങ്കളും പങ്കാളിയാകുമെന്നും പ്രതീക്ഷിക്കുന്നു. തങ്ങളുടെ നേതൃത്വത്തില്‍ അമേരിക്കയിലെ പാവപ്പെട്ട ജനത വലിയ അഭിവൃദ്ധി പ്രാപിക്കുമെന്ന് ഞാന്‍ കരുതുന്നു”. ഫ്രാന്‍സിസ് മാര്‍പാപ്പ ട്രംപിന് അയച്ച കത്തില്‍ പറയുന്നു.
ബൈബിളിലെ ലാസറിന്റെ കഥയും പാപ്പ കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ധനവാന്റെ വാതിലില്‍ അവന്റെ കാരുണ്യത്തെയോര്‍ത്ത് നില്‍ക്കുന്ന ലാസറിനെ പോലെയുള്ള ജനവിഭാഗം ഇന്നും ലോകത്തില്‍ ഉണ്ടെന്നും ഇത്തരക്കാരെ കൂടി ഓര്‍ക്കണമെന്നും ട്രംപിനോടുള്ള സന്ദേശത്തില്‍ പാപ്പ ആവശ്യപ്പെടുന്നു. ട്രംപിനേയും കുടുംബത്തേയും അമേരിക്കന്‍ ജനതയെ മുഴുവനേയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആശംസിച്ചാണ് പാപ്പ തന്റെ കത്ത് ചുരുക്കുന്നത്.