റോം:കത്തോലിക്കാസഭയില്‍ വിവാഹം റദ്ദാക്കല്‍ നടപടി ലളിതമാക്കി. ദമ്പതിമാര്‍ നേരിട്ട് ആവശ്യപ്പെടുകയാണെങ്കില്‍ മെത്രാന് നേരിട്ട് വിവാഹം റദ്ദാക്കാമെന്നതുള്‍പ്പെടെയുള്ള സുപ്രധാന ഉത്തരവാണ് ഫ്രാന്‍സിസ് പാപ്പ പുറത്തിറക്കിയത്. വിവാഹം റദ്ദാക്കുന്നതിനുള്ള നടപടികള്‍ കാലഹരണപ്പെട്ടതും കാലദൈര്‍ഘ്യമുള്ളതും ചെലവേറിയതുമാണെന്ന വിമര്‍ശം ശക്തമായതോടെയാണ് ഇത്.
താന്‍തന്നെ മുന്‍കൈയെടുക്കുന്നത് എന്നര്‍ഥം വരുന്ന ‘മോട്ടു പ്രോപ്രിയോ’ എന്നുപേരിട്ട ഔദ്യോഗികരേഖയിലൂടെയാണ് മാര്‍പാപ്പയുടെ ഉത്തരവ്. മൂന്ന് നൂറ്റാണ്ടിനിടെയുള്ള ഏറ്റവും വിപ്ലവകരമായ തീരുമാനമാണിതെന്നാണ് സഭയുടെ പ്രതികരണം.
സാങ്കേതികമായി കത്തോലിക്കാസഭയില്‍ വിവാഹമോചനമില്ല. ദമ്പതികള്‍ക്ക് വേര്‍പെടണമെങ്കില്‍ വിവാഹനടപടികള്‍ തുടക്കംമുതല്‍ റദ്ദാക്കണം. ഇതുതന്നെ കര്‍ശനമായ നിബന്ധനകള്‍ക്ക് വിധേയവും. ഈ വ്യവസ്ഥകളാണ് മാര്‍പാപ്പ ലഘൂകരിച്ചത്. എന്നാല്‍, വിവാഹം റദ്ദാക്കുന്നതിന് അനുകൂലമല്ല സഭയെന്നും നടപടികള്‍ ലളിതമാക്കണമെന്നുമാത്രമേ ഉദ്ദേശിക്കുന്നുള്ളൂവെന്നും പാപ്പ വ്യക്തമാക്കി.
നടപടികള്‍ ലഘൂകരിക്കപ്പെടുന്നതിലൂടെ വിശ്വാസികള്‍ക്ക് പുനര്‍വിവാഹം നടത്താനുള്ള വഴിയും തെളിഞ്ഞിരിക്കുകയാണ്. നിലവില്‍ സഭയുടെ നടപടിക്രമങ്ങളിലൂടെയല്ലാതെ വിവാഹമോചനം നേടിയവരെ ദുര്‍മാര്‍ഗിയായാണ് കരുതുന്നത്. ഇവര്‍ക്ക് കുര്‍ബ്ബാന സ്വീകരിക്കുന്നതിലും വിലക്കുണ്ട്.
പുതിയ ഉത്തരവ്
* വിവാഹം റദ്ദാക്കാന്‍ മെത്രാന്മാരുടെ നേരിട്ടുള്ള ചുമതലയില്‍ ഒരു അതിവേഗ സംവിധാനം വേണം
* ഇതിലെ അംഗങ്ങളെ മെത്രാന് നിശ്ചയിക്കാം. മൂന്ന് പുരോഹിതന്മാരായിരിക്കണം അംഗങ്ങള്‍
* രൂപതാപരിധിയിലുള്ള രണ്ട് നിയമവിദഗ്ധരെയും ഉള്‍പ്പെടുത്താന്‍ മെത്രാന് അധികാരമുണ്ടാകും
* അപേക്ഷ കിട്ടിയാല്‍ 30 ദിവസത്തിനകം വിചാരണനടപടികള്‍ തുടങ്ങണം
* വിവാഹം റദ്ദാക്കാന്‍ ഒരു സഭാകോടതിയുടെ അനുമതിമതി. എന്നാല്‍, അപ്പീല്‍ അനുവദനീയം
* രണ്ട് ദമ്പതിമാരും ഒന്നിച്ച് അഭ്യര്‍ഥിക്കുകയാണെങ്കില്‍ മെത്രാന് നേരിട്ട് വിവാഹ നടപടികള്‍ റദ്ദാക്കാം
ഈകാര്യങ്ങള്‍ പഠിക്കാന്‍ മാര്‍പാപ്പ 2010 ആഗസ്ത് 14-ന് വിദഗ്ധസമിതി ഉണ്ടാക്കിയിരുന്നു. ഇവരുടെ ശുപാര്‍ശപ്രകാരമാണ് ഇപ്പോഴത്തെ ഉത്തരവ്. വിവാഹം റദ്ദാക്കല്‍ നടപടികളില്‍ 1758-നുശേഷം ഉണ്ടാവുന്ന ഏറ്റവും വിപ്ലവകരമായ ഭേദഗതിയാണിതെന്ന് വത്തിക്കാന്‍ ഡീന്‍ മോണ്‍സിഞ്ഞോര്‍ പിയോ വിറ്റോ പിന്റോ പറഞ്ഞു. അന്ന് ബെനഡിക്ട് 14-ാമന്‍ മാര്‍പാപ്പയാണ് ഭേദഗതിവരുത്തിയത്.
നിലവിലുള്ള സംവിധാനം
* വിവാഹം റദ്ദാക്കുന്ന കാര്യത്തില്‍ നിലവില്‍ രണ്ട് വ്യത്യസ്ത സഭാകോടതി ചേര്‍ന്നാണ് തീരുമാനമെടുക്കുന്നത്
* സഭാകോടതിക്ക് തീരുമാനം കൈക്കൊള്ളാന്‍ കഴിയാതിരുന്നാല്‍ അപ്പീല്‍ പോകാം.
* ചില ഘട്ടങ്ങളില്‍ തര്‍ക്കം വത്തിക്കാന്‍വരെ നീണ്ടിട്ടുണ്ട്
* നടപടിക്രമങ്ങള്‍ കര്‍ക്കശമായതിനാല്‍ കനത്ത സാമ്പത്തികച്ചെലവ്