കൊച്ചി: കൈവെട്ട് കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കാനാവില്ലെന്ന് ഹൈക്കോടതി. വളരെ ഗൗരവമായ കേസായതിനാല്‍ കേസിലെ പ്രതികളായ ഹര്‍ജിക്കാരെ പുറത്തുവിടുന്നത് കേസിനെ ദോഷകരമായി ബാധിക്കുമെന്നു ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. മതസൗഹാര്‍ദം തകര്‍ത്ത് സാമുദായിക സംഘര്‍ഷം ഉണ്ടാക്കുന്നതിനാണ് പ്രതികള്‍ ശ്രമിച്ചതെന്ന് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്.
അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. എന്‍.ഐ.എ കോടതിയുടെ ശിക്ഷ സസ്‌പെന്‍ഡ് ചെയ്തു ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കൈവെട്ട് കേസിലെ 13 പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ കെ.ടി ശങ്കരന്‍, രാജ വിജയരാഘവന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
മാത്രമല്ല കേസിലെ മുഴുവന്‍ പ്രതികളെ കണ്ടെത്തുന്നതിനും ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതും പരിഗണിക്കണം. ഒളിവില്‍ കഴിയുന്നവരെ പിടികൂടി വിചാരണ ചെയ്യേണ്ട സാഹചര്യത്തില്‍ ഹര്‍ജിക്കാരായ പ്രതികളെ പുറത്തുവിടുന്നത് കേസിനെ ദോഷകരമായി ബാധിക്കുമെന്നും കോടതി പറഞ്ഞു. കൈവെട്ട് കേസിലെ പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) വഴി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഹര്‍ജിയും ഹൈക്കോടതി പരിഗണിക്കേണ്ടതുണ്ട്. ഇവയെല്ലാം ഒരുമിച്ച് പരിഗണിക്കേണ്ടതിനാല്‍ ഹര്‍ജിക്കാരുടെ ആവശ്യം അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേസില്‍ കോടതി ശിക്ഷിച്ച രണ്ടാം പ്രതി കാലടി ശ്രീമൂലനഗരം കളപ്പുരയ്ക്കല്‍ വീട്ടില്‍ ജമാല്‍ (44), മൂന്നാം പ്രതി കോതമംഗലം വെണ്ടുവഴി താണിമൂലേല്‍ വീട്ടില്‍ മുഹമ്മദ് ഷോബിന്‍(28), അഞ്ചാം പ്രതി പെരുമ്പാവൂര്‍ അറയ്ക്കപ്പടി വാര്യത്തുമുറി വീട്ടില്‍ ഷംസു എന്ന ഷംസുദ്ദീന്‍ (37), ആറാം പ്രതി നോര്‍ത്ത് പറവൂര്‍ കോട്ടുവള്ളി വള്ളുവള്ളി പുന്നയ്ക്കല്‍ വീട്ടില്‍ ഷാനവാസ് (32), ഏഴാം പ്രതി ആലുവ മനയ്ക്കമൂല കൈപ്പിള്ളി വീട്ടില്‍ കെ.എ. പരീത് (36), എട്ടാം പ്രതി കോതമംഗലം
നെല്ലിമറ്റം വെള്ളിലവുങ്കല്‍ വീട്ടില്‍ യൂനുസ് അലിയാര്‍ (34), ഒമ്പതാം പ്രതി കോതമംഗലം മേത്തല പരുത്തിക്കാട്ടുകുടിയില്‍ ജാഫര്‍ (33), 12ാം പ്രതി കോതമംഗലം ഇരമല്ലൂര്‍ കുഴിത്തോട്ടില്‍ വീട്ടില്‍ കെ.കെ. അലി (34), 25ാം പ്രതി കടുങ്ങല്ലൂര്‍ ഉളിയന്നൂര്‍ കരിമ്പയില്‍ വീട്ടില്‍ അബ്ദുള്‍ ലത്തീഫ് (44), 27ാം പ്രതി കടുങ്ങല്ലൂര്‍ മൂപ്പത്തടം അയ്യരുകുടി വീട്ടില്‍ ഷെജീര്‍ (32), 29ാം പ്രതി കടുങ്ങല്ലൂര്‍ കുഞ്ഞുണ്ണിക്കര കപ്പൂരി വീട്ടില്‍ കാസിം (45), 34ാം പ്രതി കടുങ്ങല്ലൂര്‍ ഏലൂക്കര തച്ചുവള്ളത്ത് വീട്ടില്‍ അന്‍വര്‍ സാദിഖ് (35), 36ാം പ്രതി എറണാകുളം മരട് നെട്ടൂര്‍ മദ്രസപ്പറമ്പില്‍ എം.എം. റിയാസ് (33) എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം.