ന്യുഡല്‍ഹി :നമോ ത്രംഗം കുറയുന്നു. രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി ഗ്രാഫ് ഉയരുന്നു. കോണ്‍ഗ്രസിനും കേജ്റിവാളിനും നില മെച്ചപ്പെടുന്നു. പുതിയ സര്‍വേ ഭലം പുറത്ത് !..ഇക്കഴിഞ്ഞ മേയില്‍ പ്യൂ റിസര്‍ച്ച് സെന്റര്‍, മോഡി, രാഹുല്‍, കേജ്‌രിവാള്‍ എന്നിവരുടെ ജനപ്രീതിയില്‍ ഇപ്പോള്‍ എന്തൊക്കെ വ്യത്യാസങ്ങളാണ് ഉണ്ടായിട്ടുള്ളത് എന്നറിയാന്‍ ഒരു സര്‍വ്വേ നടത്തിയതിന്റെ കണ്ടെത്തലുകളാണ് പുറത്തു വിട്ടത്.
നരേന്ദ്രമോഡിയെ 7 റേസ് കോഴ്‌സ് റോഡിലെത്തിച്ച ന-മോ തരംഗം എന്ന നരേന്ദ്രമോഡി തരംഗം ഇപ്പോഴും ശക്തമാണെങ്കിലും കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും നില മെച്ചപ്പെടുത്തിയെന്നാണ് അവരുടെ കണ്ടെത്തല്‍.
സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 81 % പേര്‍ മോഡിയോട് അനുകൂല മനോഭാവമുള്ളവരാണ്. അവരിലെ 57% പേര്‍ അതിശക്തമായി മോഡിയെ അനുകൂലിക്കുന്നവരാണ്. 2015-ല്‍ മോഡിയോട് അനുഭാവമുണ്ടായിരുന്നവര്‍ 87 % ആയിരുന്നു. വിവിധ ജനസംഖ്യാ ഗ്രൂപ്പുകളില്‍ മോഡിയ്ക്ക് ജനപ്രീതിയുണ്ടെന്നാണ് പറയുന്നത്. രാജ്യത്ത് ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നത് ശരിയായ രീതിയിലാണെന്ന സംതൃപ്തി രാജ്യത്ത് 65% പേര്‍ക്കുണ്ടെന്നും രാജ്യത്തിന്റെ സാമ്പത്തിക നില ഭദ്രമാണെന്നും വിചാരിക്കുന്നവര്‍ 80 % ഉണ്ടെന്നുമാണ് സര്‍വ്വേ കണ്ടെത്തിയത്. 2014-ല്‍ ഈ വിശ്വാസം ഉണ്ടായിരുന്നത് 55% പേര്‍ക്കു മാത്രമായിരുന്നു. കോണ്‍ഗ്രസിനെ പിന്തണയ്ക്കുന്നവരില്‍ 24% പേര്‍ക്ക് മോഡിയെ കുറിച്ച് നല്ല അഭിപ്രായമാണുള്ളത്. നഗരവാസികളെന്നോ പട്ടണവാസികളെന്നോ വേര്‍തിരിവില്ലാതെ മോഡിയോട് അനുഭാവമുള്ളവരുണ്ടെന്നാണ് സര്‍വ്വേ പറയുന്നത്.
മോഡിയുടെ പ്രത്യേക സ്വഭാവ സവിശേഷതകളെ പിന്തുണയ്ക്കുന്നതിനേക്കാള്‍ കൂടുതല്‍ പിന്തുണ അദ്ദേഹത്തിന്റെ പൊതു പ്രവര്‍ത്തനങ്ങള്‍ക്കാണ് ലഭിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ‘എന്നെപ്പോലുള്ളവരുടെയും സുരക്ഷക്കും ആവശ്യങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ഒരു വ്യക്തിയാണ് മോഡി’ എന്നു സര്‍വ്വേയില്‍ പങ്കെടുത്ത 56% പേര്‍ കരുതുന്നുണ്ട്. തനിക്ക് ശരിയെന്നു തോന്നുന്നതില്‍ ഉറച്ചു നില്‍ക്കുന്ന തരം വ്യക്തിത്വമുള്ള ആളാണ് പ്രധാനമന്ത്രിയെന്നു കരുതുന്ന 51% പേരുള്ളപ്പോള്‍ 28% പേര്‍ക്ക് അപ്രകാരമുള്ള അഭിപ്രായമില്ല. കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ പ്രാപ്തിയുള്ള ആളാണ് പ്രധാനമന്ത്രിയെന്നു കരുതുന്നവര്‍ 51 % പേരുണ്ട്. എന്നാല്‍ അദ്ദേഹം വിചാരിക്കുന്നതു പോലെ കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ അദ്ദേഹത്തിനു കഴിവ് ഇല്ല എന്നു വിശ്വസിക്കുന്നവര്‍ 33% പേരുണ്ട്. ജനങ്ങള്‍ക്കിടയിലെ ഐക്യം വര്‍ദ്ധിപ്പിക്കാന്‍ മോഡിയ്ക്കാവുന്നുണ്ട് എന്ന് 49% പേര്‍ പറയുന്നു. എന്നാല്‍ 29% പേര്‍ അദ്ദേഹം ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രമാണ് ഉപയോഗിക്കുന്നത് എന്ന അഭിപ്രായം ഉള്ളവരാണ്. ദരിദ്രര്‍ക്കും സാധാരണക്കാര്‍ക്കും സഹായകമാവുന്ന നയങ്ങള്‍ പ്രവൃത്തി പഥത്തിലെത്തിക്കുന്ന രീതിയാണ് മോഡിയുടേത് എന്ന് അംഗീകരിക്കുന്ന 62% പേരാണ് ഉള്ളത്. തൊഴിലില്ലായ്മ ദൂരീകരിക്കുന്നതിനുള്ള മോഡി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും പറയുന്നവര്‍ 62% പേരുണ്ട്.
ലോകരാജ്യങ്ങള്‍ക്കിടയില്‍ പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ പ്രാമുഖ്യം ഇപ്പോള്‍ ഇന്ത്യയ്ക്കുണ്ടെന്നാണ് 68% ഇന്ത്യാക്കാര്‍ കരുതുന്നത്. ഭീകരവാദത്തിനും അഴിമതി ദുരീകരിക്കുന്നതിനുമായി മോഡി നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്ന് 59 മുതല്‍ 61 ശതമാനം പേര്‍ വിശ്വസിക്കുന്നു. എന്നാലും പാകിസ്ഥാനോട് മോഡി അനുവര്‍ത്തിക്കുന്ന നയം അംഗീകരിക്കുന്നവര്‍ 22% ശതമാനം പേരേ ഉള്ളൂ.
2015-ല്‍ മോഡിയുടെ ജനപ്രീതിയുടെ സൂചിക ഉയര്‍ന്നു നിന്നപ്പോള്‍ ബിജെപിയുടെ സൂചിക 87% ആയിരുന്നതില്‍ നിന്നും ഇപ്പോള്‍ അത് 80 %-ത്തിലേക്ക് താഴ്ന്നിട്ടുണ്ട്. ഗുജറാത്ത്, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര തുടങ്ങിയ ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിലെല്ലാം ബിജെപിയുടെ ജനപ്രീതിക്ക് മങ്ങലേറ്റിട്ടുണ്ട്.
2014-ലേതില്‍ നിന്നും വ്യത്യസ്തമായി രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ അല്പം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് സര്‍വ്വേ ഫലങ്ങള്‍ വെളിവാക്കുന്നത്. 2013-ല്‍ രാഹുല്‍ ഗാന്ധിയോട് അനുഭാവമുണ്ടായിരുന്നവര്‍ 50% പേര്‍ മാത്രമായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ അത് 63% ആയിട്ടുണ്ടെന്നുമാണ് സര്‍വ്വേ ഫലങ്ങള്‍ പറയുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ വര്‍ഷത്തിലും രാഹുല്‍ഗാന്ധിയുടെ ജനപ്രീതിയുടെ സൂചിക 63% തന്നെയായിരുന്നുവെന്നും അതില്‍ നിന്നും ഉയര്‍ച്ചയോ താഴ്ചയോ ഈ വര്‍ഷം ഉണ്ടായിട്ടില്ലെന്നുമാണ് സൂചന.
രാജ്യത്തെ നയിക്കാന്‍ രാഹുല്‍ഗാന്ധി പ്രാപ്തനാണെന്ന് 85% കോണ്‍ഗ്രസുകാര്‍ വിശ്വസിക്കുമ്പോള്‍ ബിജെപി അനുഭാവികളില്‍ 52% പേര്‍ക്കും രാഹുല്‍ഗാന്ധിയില്‍ വിശ്വാസമുണ്ടെന്നാണ് പറഞ്ഞിട്ടുള്ളത്. സോണിയാഗാന്ധിയുടെ ജനപ്രീതിയുടെ സൂചിക 2013-ല്‍ 49-ശതമാനവും 2015-ല്‍ 58-ശതമാനവും ആയിരുന്നത് ഇപ്പോള്‍ 65 % ആയി ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയോട് ആഭിമുഖ്യം ഉള്ളവരുടെ സൂചിക 2015-ല്‍ 61 % ആയിരുന്നതില്‍ നിന്നും നേരിയ ഒരു ഉയര്‍ച്ച വന്നിട്ടുള്ളതായാണ് സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കുന്നതെന്ന് അവര്‍ അറിയിച്ചു.
50% ഇന്ത്യാക്കാര്‍ക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അഭിമതനാണ്. എങ്കിലും 2015-ല്‍ അദ്ദേഹത്തിന് 60% ഇന്ത്യാക്കാരുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ ജനസ്വാധീനവും കുറഞ്ഞു വരികയാണെന്നാണ് സര്‍വ്വേ പറയുന്നത്. 2015-ല്‍ ആം ആദ്മി പാര്‍ട്ടിയെ കുറിച്ച് 58% ഇന്ത്യാക്കാര്‍ പ്രത്യാശ പ്രകടിപ്പിച്ചിരുന്നെങ്കിലും ഇപ്പോള്‍ 47 % പേര്‍ക്കു മാത്രമാണ് ആ പാര്‍ട്ടിയെ കുറിച്ച് അത്തരം വിശ്വാസമുള്ളത്. ആം ആദ്മി പാര്‍ട്ടിക്കു നേടാനായ ഏറ്റവും ഉയര്‍ന്ന ജനപ്രീതി സൂചികയായ 57 % എന്നത് ഡല്‍ഹിക്കാര്‍ക്കിടയിലായിരുന്നു.