ന്യൂഡല്‍ഹി: പുതിയ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും കള്ളനോട്ടുകളുമായി രാജ്യത്തെ തുറമുഖങ്ങളില്‍ കണ്ടെയ്‌നറുകള്‍ എത്തിയിട്ടുണ്ടെന്ന് രഹസ്യവിവരം. ഇതേ തുടര്‍ന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) പരിശോധന ആരംഭിച്ചു. മുംബൈയില്‍ കപ്പലുകള്‍വഴി വന്ന കണ്ടെയ്‌നറുകള്‍ പരിശോധനയിലാണ്.
ചെന്നൈ തുറമുഖത്തെത്തിയ കണ്ടെയ്‌നറുകളൊന്നും പുറത്തേക്ക് അയയ്ക്കുന്നില്ല.
വെള്ളിയാഴ്ച തുടങ്ങിയ പരിശോധന ഇന്നലെ രാത്രിയിലും തുടര്‍ന്നു. ബംഗ്ലദേശ്, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നു നാലു കണ്ടെയ്‌നറുകളിലായി കള്ളനോട്ടുകള്‍ എത്തിയെന്ന വിവരമാണു ലഭിച്ചിട്ടുള്ളത്.
ഡല്‍ഹിയില്‍നിന്നുള്‍പ്പെടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ചെന്നൈയിലെത്തിയിട്ടുണ്ട്.
ഇതേ തുടര്‍ന്ന് തുറമുഖത്തെ ചരക്കുനീക്കം പൂര്‍ണമായി തടസ്സപ്പെട്ടു.
അടുത്തകാലത്തു ബംഗാളിലെ മാള്‍ഡയില്‍നിന്നു ദേശീയ അന്വേഷണ ഏജന്‍സി രണ്ടായിരത്തിന്റെ കള്ളനോട്ടുകള്‍ പിടികൂടിയിരുന്നു.