സ്‌പോട്‌സ് ഡെസ്‌ക്
പാരീസ്: ഇന്നറിയാം യൂറോപ്പിലെ കാൽപ്പന്തുകളിയുടെ പുതിയ ചക്രവർത്തിമാരെ. ഇന്ന് ഇന്ത്യൻ സമയം അർദ്ധരാത്രി 12.30ന് സെന്റ് ഡെനിസിലെ പാർക്ക് സ്‌റ്റേറ്റ് ഡി ഫ്രാൻസിൽ നടക്കുന്ന സൂപ്പർ പോരാട്ടത്തിൽ ആതിഥേയരായ ഫ്രാൻസും കരുത്തരായ പോർച്ചുഗലും തമ്മിൽ കലാശപ്പോരാട്ടം. രണ്ട് ഏഴാം നമ്പർ സൂപ്പർ താരങ്ങളുടെ കൊമ്പുകോർക്കൽ കൂടിയാണ് ഇത്തവണത്തെ യൂറോ ഫൈനൽ. പറങ്കികളുടെ മുൻ ലോക ഫുട്‌ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലെസ് ബ്ലൂസിന്റെ അന്റോണിയോ ഗ്രിസ്മാനുമാണ് ഈ ഏഴാം നമ്പറുകാർ.
സ്വന്തം മണ്ണിൽ കിരീട നേടുക എന്ന മോഹവുമായി ഇറങ്ങുന്ന ഫ്രാൻസിന് ഇന്ന് പോർച്ചുഗൽ കടമ്പ കൂടി കടന്നാൽ യൂറോ കപ്പിലെ മൂന്നാം കിരീടം സ്വന്തം. അതേസമയം 2004ൽ അപ്രതീക്ഷിത കുതിപ്പ് നടത്തിയ ഗ്രീസിനോട് ഫൈനലിൽ പരാജയപ്പെട്ട പോർച്ചുഗലിന് അന്ന് തകർന്നടിഞ്ഞ സ്വപ്‌നം സഫലമാക്കാനുള്ള സുവർണ്ണാവസരമാണ് ഇന്നത്തെ ഫൈനൽ.
സെമിപോരാട്ടത്തിൽ പോർച്ചുഗലും ഫ്രാൻസും ആധികാരിക വിജയം നേടിയാണ് കലാശപ്പോരാട്ടത്തിന് അർഹത നേടിയത്. പോർച്ചുഗൽ 20ന് ഗരെത്ത് ബെയ്‌ലിന്റെ വെയ്ൽസിനെ തകർത്തപ്പോൾ ഫ്രാൻസ് നിലവിലെ ലോകചാമ്പ്യന്മാരായ ജർമ്മനിയെ അന്റോണിയോ ഗ്രിസ്മാന്റെ ഇരട്ടഗോളുകൾക്ക് കീഴടക്കി.
യൂറോയുടെ ചരിത്രത്തിൽ മറ്റാർക്കും ഇതുവരെ സ്വന്തമാക്കാൻ കഴിയാത്ത ഒരു ചരിത്രനേട്ടത്തിനാണ് ഫ്രാൻസ് ഇന്ന് ഇറങ്ങുക. സ്വന്തം നാട്ടിൽ യൂറോയിലെ രണ്ടാമത്തെയും ചരിത്രത്തിലെ മൂന്നാം കിരീടവും എന്നതാണ് ലക്ഷ്യം. മുൻപ് രണ്ട് തവണ യൂറോക്ക് ആതിഥേയത്വം വഹിച്ചതിൽ ഒരിക്കൽ ഫ്രാൻസ് കിരീടം സ്വന്തമാക്കിയിരുന്നു. 1984ലായിരുന്നു അത്. സ്‌പെയിനാണ് അന്ന് ഫ്രാൻസിന് മുന്നിൽ 20ന് കീഴടങ്ങിയത്.
പിന്നീട് 2000ൽ നെതർലൻഡ്‌സിലും ബെൽജിയത്തിലുമായി നടന്ന ടൂർണമെന്റിലും അവർ കിരീടം ചൂടി. അന്ന് അധികസമയത്തേക്ക് നീണ്ട കൽയിൽ ഇറ്റലിയെ 21ന് പരാജയപ്പെടുത്തി. അന്നത്തെ ക്യാപ്റ്റൻ ദിദിയർ ദഷാംപ്‌സാണ് ഇന്ന് ഫ്രാൻസിന്റെ പരിശീലകൻ.1998ലെ ലോകകപ്പിന് ആതിഥേയരായപ്പോഴും കിരീടം അവർക്കു സ്വന്തം. ഇത്തവണ കിരീടം നേടിയാൽ ജർമ്മനിക്കും സ്‌പെയിനിനും ഒപ്പം മൂന്ന് തവണ ജേതാക്കളെന്ന ബഹുമതിയും ഫ്രാൻസിനെ കാത്തിരിക്കുന്നു.
എന്നാൽ ലോക ഫുട്‌ബോളിലെ കരുത്തരാണെങ്കിലും ഒരു കിരീടം ഇതുവരെ പറങ്കികളെ തേടിയെത്തിയിട്ടില്ല. ഇതുവരെ 7 യൂറോകപ്പിൽ കളിക്കാനിറങ്ങിയ അവരുടെ ഏറ്റവും വലിയ നേട്ടം 2004ലെ ഫൈനൽ പ്രവേശം.
അന്ന് ഗ്രീസിനോട് 10ന് പരാജയപ്പെട്ടു. അതിനുശേഷം ആദ്യമായി ഫൈനൽ കളിക്കുന്നത് ഇത്തവണ. ലോകകപ്പിലും ഏറെ നേട്ടങ്ങളൊന്നുമില്ല. 1966ൽ മുന്നാം സ്ഥാനവും 2006ൽ നാലാം സ്ഥാനവും മികച്ച പ്രകടനം. കഴിഞ്ഞ ബ്രസീൽ ലോകകപ്പിൽ ഗ്രൂപ്പ് സ്‌റ്റേജിൽ തന്നെ പറങ്കികൾ പുറത്തായി. 2012ലെ കഴിഞ്ഞ യൂറോകപ്പിന്റെ സെമിയിൽ കളിച്ചെങ്കിലും സ്‌പെയിനിനോട് ഷൂട്ടൗട്ടിൽ 42ന് പരാജയപ്പെട്ടു.
ടൂർണമെന്റിലെ ഇതുവരെയുള്ള പ്രകടനം കണക്കിലെടുത്താൽ പോർച്ചുഗലിനേക്കാൾ സാധ്യത ആതിഥേയരായ ഫ്രാൻസിനുതന്നെ. ഭാഗ്യത്തിന്റെ കൂടെ അകമ്പടിയോടെയാണ് പോർച്ചുഗലിന്റെ സെമിവരെയുള്ള മുന്നേറ്റം. ഗ്രൂപ്പ് മത്സരങ്ങളിൽ ഒരെണ്ണത്തിൽ പോലും ജയിക്കാതെയാണ് അവർ നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറിയത്. പ്രീക്വാർട്ടറിൽ ക്രൊയേഷ്യയെയും ക്വാർട്ടറിൽ ഷൂട്ടൗട്ടിനൊടുവിൽ പോളണ്ടിനെയും മറികടന്നു. വെയ്ൽസിനെതിരായ സെമിയിലാണ് പറങ്കികൾ പ്രതീക്ഷക്കൊത്ത പ്രകടനം നടത്തിയത്.
എന്നാൽ വെയ്ൽസിനെതിരെ കാഴ്ചവെച്ച പ്രകടനം മതിയാവില്ല പറങ്കികൾക്ക് ചരിത്രത്തിലാദ്യമായി യൂറോ കപ്പ് സ്വന്തമാക്കാൻ. ടൂർണമെന്റിലിതുവരെ ആറ് മത്സരങ്ങളിൽ നിന്ന് പോർച്ചുഗൽ നേടിയത് എട്ട് ഗോളുകൾ. വഴങ്ങിയത് അഞ്ചെണ്ണം.
അതേസമയം ഫ്രാൻസ് ടൂർണമെന്റിലിതുവരെ മികച്ച പ്രകടനമാണ് നടത്തിയത്. ഇതുവരെ കളിച്ച ആറ് മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും വിജയിച്ചു. ഒരെണ്ണം സമനിലയിൽ. ഗ്രൂപ്പ് ഘട്ടത്തിൽ റുമാനിയയെ 21ന് തോൽപ്പിച്ച് തുടങ്ങിയ ഫ്രാൻസ് അടുത്ത കളിയിൽ അൽബേനിയയെ 20നും കീഴടക്കി. മൂന്നാം മത്സരത്തിൽ സ്വിറ്റ്‌സർലൻഡിനോട് ഗോൾരഹിത സമനില. പ്രീ ക്വാർട്ടറിൽ അയർലൻഡിനെതിരെ 21ന്റെ വിജയം.
ക്വാർട്ടറിൽ ഐസ്‌ലൻഡിനെതിരെ 52ന്റെ തകർപ്പൻ വിജയം. പിന്നീട് സെമിയിൽ ജർമ്മനിക്കെതിരെ 20ന്റെയും. നോക്കൗട്ട് റൗണ്ടിലെ മൂന്ന് മത്സരങ്ങളും നിശ്ചിത സമയത്തുതന്നെ ലെസ് ബ്ലൂസ് വിജയിച്ചുകയറി.
കണക്കിന്റെ ആനുകൂല്യവും ഫ്രാൻസിനാണ്. കഴിഞ്ഞ 41 വർഷത്തിനിടെ പോർച്ചുഗലിനോട് ഫ്രാൻസ് തോൽവി വഴങ്ങിയിട്ടില്ല. 1984ലെയും 2000ലെയും യൂറോ കപ്പിലും 2006ൽ ലോകകപ്പിലും ഫ്രാൻസിനോട് പരാജയപ്പെട്ട പോർച്ചുഗലിന് അടുത്തിടെ നടന്ന സൗഹൃദ മത്സരങ്ങളിലും ബ്ലൂസിനെ തോൽപ്പിക്കാൻ കഴിഞ്ഞില്ല.
അവസാനം നടന്ന പത്ത് മത്സരങ്ങളിലും വിജയം ഫ്രാൻസിനൊപ്പം. ഇരുടീമുകളും ഇതുവരെ കളിച്ചത് 24 മത്സരങ്ങൾ. ഇതിൽ 18 എണ്ണത്തിൽ വിജയിച്ചപ്പോൾ അഞ്ചെണ്ണത്തിൽ മാത്രമാണ് ഫ്രാൻസ് പരാജയപ്പെട്ടത്. ഒരെണ്ണം സമനിലയിൽ കലാശിച്ചു.
1928 ഏപ്രിലിലായിരുന്നു ഏക സമനില. 1975 ഏപ്രിലിലാണ് പോർച്ചുഗൽ അവസാനമായി ഫ്രാൻസിനെ കീഴടക്കിയത്. സൗഹൃദ പോരാട്ടത്തിൽ 20നായിരുന്നു പറങ്കികളുടെ വിജയം. അതിനുശേഷം ഫ്രാൻസ് എന്നത് പോർച്ചുഗലിന് ബാലികേറാമലയാണ്. ഇത്തവണ ഈ നാണക്കേടിനു പകരം വീട്ടുക എന്നതാണ് ക്രിസ്റ്റ്യാനോയുടെയും സംഘത്തിന്റെയും ലക്ഷ്യം.