കണ്ണൂർ: സിപിഎമ്മിനെതിരെ പിപി ദിവ്യ ! തനിക്കെതിരെയെടുത്ത നടപടിയിൽ കടുത്ത അതൃപ്തി അറിയിച്ച് പിപി ദിവ്യ. ജയിലിൽ കിടക്കുമ്പോൾ നടപടി വേണ്ടിയിരുന്നില്ലെന്നാണ് ദിവ്യയുടെ പ്രതികരണം. തരംതാഴ്ത്തുന്ന നടപടിക്ക് മുൻപായി തൻ്റെ ഭാഗം കേൾക്കാത്തത് ശരിയായില്ലെന്ന് ദിവ്യ നേതാക്കളെ അറിയിച്ചു. ബ്രാഞ്ചിൽ മാത്രം ഒതുങ്ങി പ്രവർത്തിക്കാൻ തനിക്കാകില്ല. അങ്ങനെയെങ്കിൽ രാഷ്ട്രീയം പ്രവർത്തനം അവസാനിപ്പിക്കാനും തയ്യാറെന്ന് ദിവ്യ നേതൃത്വത്തെ അറിയിച്ചു. അന്വേഷണം ശരിയായി നടക്കണമെന്നും ദിവ്യ മുതിർന്ന നേതാക്കളോട് ഫോണിൽ ആവശ്യപ്പെട്ടു.
എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് റിമാൻ്റിൽ കഴിയുന്ന സമയത്താണ് പിപി ദിവ്യയെ തരംതാഴ്ത്തിയത്. കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കാണ് തരംതാഴ്ത്തിയത്. സിപിഎമ്മിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തൽ. ദിവ്യയെ തരംതാഴ്ത്താൻ കണ്ണൂർ ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനം സംസ്ഥാന നേതൃത്വത്തിൻ്റെ അനുമതിക്കായി വിട്ടിരുന്നു. ഇത് പ്രകാരം ഓൺലൈനായി ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് നടപടിക്ക് അംഗീകാരം നൽകിയത്.
നവീൻ ബാബുവിൻ്റെ മരണത്തിൽ ദുഃഖമുണ്ടെന്നായിരുന്നു ജയിൽ മോചിതയായ പിപി ദിവ്യയുടെ ആദ്യപ്രതികരണം. സദുദ്ദേശപരമായിരുന്നു ഇടപെടലെന്ന് ആവര്‍ത്തിച്ച ദിവ്യ തൻറെ നിരപരാധിത്വം തെളിയിക്കുമെന്നും ഇന്നലെ വ്യക്തമാക്കിയിരുന്നു. 11 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ദിവ്യ ജയിൽ മോചിതയാവുന്നത്. വളരെ ചെറിയ വാക്കുകളിലായിരുന്നു ദിവ്യയുടെ പ്രതികരണം. മാധ്യമങ്ങളുടെ മറ്റു ചോദ്യങ്ങളോട് ദിവ്യ പ്രതികരിച്ചില്ല.
അതേസമയം, പി പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിൽ അഭിഭാഷകരുമായി കൂടിയാലോചിച്ച് നിയമ നടപടികളുമായി മുന്നോട്ടു പോകാൻ നവീൻബാബുവിന്റെ കുടുംബത്തിൻ്റെ തീരുമാനം. പി പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കില്ല എന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചിരുന്നു. നീതി ലഭിക്കുന്നതിന് വേണ്ടി വന്നാൽ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും വരെ സമീപിക്കാനാണ് കുടുംബത്തിൻ്റെ തീരുമാനം. വിഷയത്തിൽ കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ തയ്യാറെടുക്കുന്നതായി പ്രതിഭാഗം അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു.